പ്രധാന താള്‍ » മറ്റുള്ളവ » പ്രവാസി » പ്രവാസി വാര്‍ത്ത » ഗള്‍ഫില്‍ സ്വദേശിവത്കരണം:പ്രവാസികള്‍ക്ക് നെഞ്ചിടിപ്പ് (Nationalisation in Private job sector in Gulf countries will hit Kerala)
കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും സ്വദേശിവല്‍ക്കരണത്തിലേക്ക് തിരിയുകയാണ്. സ്വകാര്യമേഖലയിലും പൊതുമേഖലയിലും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. നെഞ്ചിടിപ്പോടെയാണ് മലയാളികളായ പ്രവാസികള്‍ ഈ വാര്‍ത്ത വീക്ഷിക്കുന്നത്.
ഗള്‍ഫിലെ മലയാളി, പ്രവാസികളുടെ എണ്ണം സംബന്ധിച്ച് ഇതുവരെ കൃത്യമായ കണക്കുകളൊന്നും ലഭിച്ചിട്ടില്ല. ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്ന കാര്യം ആലോചിക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് പലരും. കാരണം സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായി നാട്ടിലെത്തിയ തങ്ങളുടെ മുന്‍ഗാമികളോട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തത് എന്തെന്ന് അവര്‍ക്കറിയാം. ഗള്‍ഫ് നാടുകളിലെ മലയാളി പ്രവാസികള്‍ ഇപ്പോള്‍ പാശ്ചാത്യരാജ്യങ്ങളിലേക്കും മറ്റും ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴല്‍ പൂര്‍ണ്ണമായി നീങ്ങാത്തത് ഇവരുടെ ഈ നീക്കത്തിനും തിരിച്ചടിയാകുകയാണ്.
കുവൈത്ത് സര്‍ക്കാര്‍ തൊഴില്‍മേഖലയിലെ സ്വദേശിവത്ക്കരണത്തിനായി അഞ്ച് വര്‍ഷത്തെ പദ്ധതി തന്നെ ആവിഷ്കരിച്ചിരിക്കുന്നു. നേരത്തെയുള്ള സ്വദേശി വല്‍ക്കരണ പ്രഖ്യാപനങ്ങളില്‍ സ്വകാര്യ മേഖല ഒഴിവാക്കപ്പെട്ടിരുന്നെങ്കില്‍ ഇന്ന് സ്വകാര്യ മേഖലയില്‍ തദ്ദേശീയരെ നിയമിക്കണമെന്നാണ് അറബികള്‍ മുറവിളി കൂട്ടുന്നത്. വര്‍ഷംതോറും സ്വകാര്യമേഖലയില്‍ 14,000 സ്വദേശികളെയും പൊതുമേഖലയില്‍ 8000 സ്വദേശികളെയും നിയമിക്കാനാണ് കുവൈത്ത് സര്‍ക്കാരിന്‍റെ പദ്ധതി.
പരിചയ സമ്പത്തിന്‍റെ പേരിലാണ് തദ്ദേശീയരായ അറബ് യുവാക്കള്‍ നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അവര്‍ക്ക് ഈ പരിമിതി മറികടക്കാനുള്ള വഴി സര്‍ക്കാര്‍ തന്നെ നേരിട്ട് കാണിച്ചുകൊടുക്കുന്നു. തദ്ദേശീയര്‍ക്ക് തൊഴില്‍ പരിചയം നേടാനുള്ള ശില്‍പശാലയും മറ്റും അറാബ് നാടുകളില്‍ ഇന്ന് സജീവമാണ്. സ്വദേശികള്‍ക്ക് അവസരം നല്‍കണമെന്ന് അറബ് മന്ത്രിമാര്‍ നിരന്തരം സ്വകാര്യ തൊഴില്‍ മേഖലയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ സാമ്പത്തിക മേഖലയിലും സമീപകാലത്ത് ഈ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പ്രവാസി മലയാളിയുടെ നിക്ഷേപം ദേശീയ ശരാശരിയുടെ 31 ശതമാനമാണ്. മലപ്പുറം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലെ പ്രവാസികള്‍ ഇതില്‍ കാര്യമായ പങ്ക് വഹിക്കുന്നു. 2003-08 കാലയളവില്‍ പ്രവാസി നിക്ഷേപത്തില്‍ 13.5 ശതമാനം വര്‍ധനയുണ്ടായി. 43,288 കോടി രൂപയുടെ നിക്ഷേപമാണ് ഈ കാലയളവില്‍ കേരളത്തിലെത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ സ്വദേശിവല്‍ക്കരണമെന്ന ഗള്‍ഫ് രാജ്യങ്ങളുടെ നയം ഏറ്റവും കൂടുതല്‍ തിരിച്ചടികളുണ്ടാക്കുക നമ്മുടെ സാമ്പത്തിക രംഗത്തായിരിക്കും.