യു എ ഇയില്‍ അര്‍ബുദ രോഗികള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സ്തനാര്‍ബുദത്തെ സംബന്ധിച്ച ബോധവത്കരണ പരിപാടിക്ക് തുടക്കമായി. ബോധവത്കരണ പരിപാടികള്‍ക്ക് ഡോ. മുപ്പന്‍പ് ഗ്രൂപ്പാണ് നേതൃത്വം നല്‍കുന്നത്.
യു എ ഇയിലെ അര്‍ബുദ രോഗികളില്‍ ഇരുപത് ശതമാനം പേര്‍ക്കും മാരകമായ സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയാണ് ഇത്രയധികം അര്‍ബുദ രോഗികള്‍ വര്‍ധിച്ചതെന്നാണ് ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
2020 ആകുമ്പോഴേക്കും രാജ്യത്ത് അര്‍ബുദ രോഗം ബാധിക്കുന്നവരുടെ എണ്ണം 100 മുതല്‍ 180 ശതമാനം വരെ ഉയരാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതേത്തുടര്‍ന്ന് യു എ ഇയിലെ ആരോഗ്യ മേഖല അര്‍ബുദ രോഗം തടയാനുള്ള സര്‍വ തന്ത്രങ്ങളും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ അഭിപ്രായ പ്രകാരം 40 ശതമാനം കാന്‍സര്‍ കേസുകളും ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതാണെന്നാണ്.
അതേസമയം, ബി ആര്‍ ഷെട്ടിയുടെ നേതൃത്വത്തിലുള്ള മരുന്ന് നിര്‍മ്മാണ കമ്പനിയായ നിയോ ഫാര്‍മയും ഇന്ത്യയിലെ ബൈക്കോണ്‍ ലിമിറ്റഡും സംയുക്തമായി അര്‍ബുദത്തിനുള്ള മരുന്ന് കണ്ടെത്തി. യു എ ഇയിലെ സ്തനാര്‍ബുദ രോഗികള്‍ക്കായി തയ്യാറാക്കിയ അബ്രാക് സൈന്‍ എന്ന ബയോ മെഡിക്കല്‍ ഉത്പന്നം വിപണിയില്‍ ഇറക്കിയതായി ഡോ. ഷെട്ടി അറിയിച്ചു.