ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട് കോണ്‍സുലാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് നല്‍കുന്ന സേവനങ്ങള്‍ക്കുള്ള നിരക്ക് വര്‍ദ്ധന നിലവില്‍ വന്നു. ഒരു ദിനാര്‍ ലെവിയാണ് അധികമായി സേവനങ്ങള്‍ക്ക് ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഈ സേവനങ്ങള്‍ക്ക് അധികതുക ഈടാക്കുന്നത്.
അധികമായി ചുമത്തിയിരിക്കുന്ന തുക കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലേക്ക് വകയിരുത്തുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോക്‌ടര്‍ ജോര്‍ജ് ജോസഫ് അറിയിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നാണ് വിദേശത്തെ എംബസികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്‍റ് അനുവദിക്കുന്നത്. ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയിലേക്ക് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.
തുടര്‍ന്നു വരുന്ന മൂന്നു വര്‍ഷവും ഇത് തുടരും. എന്നാല്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഇത് തുടരുന്നതിനാവശ്യമായ തുക ഫണ്ടിലില്ലാതെ വരും. ഇത് മുന്നില്‍ക്കണ്ടു കൊണ്ടാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ദേശപ്രകാരം ഫീസ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് അംബാസഡര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു.
അതേസമയം ഫീസ് വര്‍ദ്ധനയില്‍ ബഹ്‌റൈനിലെ പ്രവാസി സംഘടനകള്‍ പ്രതിഷേധമറിയിച്ചു. ഔട്പാസിനെങ്കിലും വര്‍ദ്ധന ബാധകമാക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമാനുസൃതമായ രേഖകളില്ലാത്തവര്‍ക്ക് നാട്ടില്‍ പോകാനുള്ള രേഖയാണ് ഔട്പാസ്. പുതിയ നിരക്കനുസരിച്ച് ഔട്‌പാസ് ലഭിക്കാന്‍ എട്ടു ദിനാര്‍ നല്‍കേണ്ടിവരുമെന്നതാണ് പ്രവാസികളെ കുഴക്കുന്നത്.