സര്‍ക്കാരിന് പ്രവാസികളുടെ പണം മാത്രം മതിയെന്ന മറുനാടന്‍ മലയാളിയുടെ പരിദേവനത്തിന് ആണ്ടുകളുടെ പഴക്കമുണ്ട്. മരുഭൂമിയില്‍ ചോര നീരാക്കി പണിയെടുക്കുന്ന ഗള്‍ഫ് മലയാളികളില്‍ നിന്നാണ് ഈ ദീനരോദനം എന്നും ഉയര്‍ന്നിട്ടുള്ളത്. കാലങ്ങളായി ഒരു മാറ്റവും തട്ടാത്ത പ്രവാസികളുടെ ഈ വിലാപത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമായി മാറി റിയാദ് പാലസില്‍ നടന്ന എട്ടാമത് ഇന്ത്യ-സൌദി സംയുക്ത കമ്മീഷന്‍ യോഗം.
പ്രവാസികളുടെ പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരുമെന്ന് കൊട്ടിഘോഷിച്ചായിരുന്നു യോഗം ആരംഭിച്ചത്. എന്നാല്‍ പ്രവാസികള്‍ എന്ന് വെറുതെ പറഞ്ഞുപോയതല്ലാതെ ഇവര്‍ക്ക് ഗുണകരമായ ഒരു കാര്യവും യോഗത്തില്‍ ചര്‍ച്ചയ്ക്കെത്തിയില്ലെന്നാണ് വിവരം. ചര്‍ച്ചകള്‍ പ്രധാനമായും വാണിജ്യം, സാമ്പത്തികം, ശാസ്ത്ര സാങ്കേതിക മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നത്രെ.
സൌദിയില്‍ ഏതാണ്ട് 18 ലക്ഷം ഇന്ത്യാക്കാരുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സൌദിയിലെ ഇന്ത്യന്‍ എംബസിയിലെ ഒഴിവുകള്‍ നികത്തണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പരാതികളും ആവശ്യങ്ങളുമായി എംബസിയിലെത്തുന്നവര്‍ ആളില്ലാ കസേരകള്‍ കണ്ട് മടങ്ങുന്ന അവസ്ഥ വന്നിട്ട് നാളുകളായി.
മലയാളികള്‍ ഏറെ ബന്ധപ്പെടുന്ന കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗത്തിലും ഡെത്ത് വിഭാഗത്തിലും മലയാളികളായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന സംഘടനകളുടെ ആവശ്യത്തിനും നാളുകളുടെ പഴക്കമുണ്ട്. മലയാളിയായ ഒരു മന്ത്രി പ്രവാസി വകുപ്പ് കയ്യാളുമ്പോള്‍ തന്നെയാണ് ഇത്തരം മാറാവ്യാധികള്‍ക്ക് പരിഹാരമില്ലാതെ തുടരുന്നതെന്ന് സൌദിയിലെ മലയാളികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതിയിലായിരുന്നു പ്രവാസികളുടെ പ്രശ്നങ്ങള്‍ ഗൌനിക്കാതെ കമ്മീഷന്‍ യോഗം പിരിഞ്ഞത്.
തൊഴിലുടമകളുമായുള്ള കരാറും തൊഴിലിടങ്ങളില്‍ ഇന്ത്യാക്കാരായ തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുനല്‍കാനുള്ള വ്യവസ്ഥകളും മറ്റും ചര്‍ച്ചയ്ക്ക് വരുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. എന്നാല്‍ പ്രവാസികളുടെ ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ പോലും യോഗത്തില്‍ ചര്‍ച്ചയ്ക്കെത്തിയില്ല.
മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് യോഗത്തിന്‍റെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത്. ഇരുരാജ്യത്തുമുള്ള വ്യവസായികള്‍ക്ക് അടിക്കടി സന്ദര്‍ശനം നടത്തുന്നതിന് വേണ്ടിയാണ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കസ്റ്റംസ്, ഏണ്ണ,വാതക,ധാതു മേഖലയിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനും യോഗത്തില്‍ ധാരണയായിരുന്നു. ഈ തരത്തില്‍ സമിതി യോഗം അവസാനിച്ചതില്‍ നിരാശരാണെന്ന് സൌദിയിലെ പ്രവാസി സംഘടനകള്‍ പറയുന്നു. 1983 ലാണ് ഇന്ത്യ- സൌദി സംയുക്ത കമ്മീഷന്‍ രൂപീകരിച്ചത്.