ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിംഗ് അലുവാലിയ കേന്ദ്ര ധനമന്ത്രിയാവുമെന്ന് സൂചന. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍റെ പേരും മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ചും മറ്റ് പ്രധാന കാര്യങ്ങളെ കുറിച്ചും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഞായറാഴ്ച ചര്‍ച്ച നടത്തും. യുപിഎ സഖ്യകക്ഷികളുടെ യോഗവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും ഞായറാഴ്ച നടക്കും.
ഇപ്പോള്‍ ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിക്ക് വീണ്ടും ധനമന്ത്രാലയത്തിന്‍റെ ചുമതല ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ മന്‍മോഹന്‍ സിംഗിന്‍റെ ആശയത്തിന് അനുസരിച്ചുള്ള ഒരു ധനമന്ത്രിയെ നിയമിക്കാനുള്ള സാധ്യത കൂടുതല്‍ തെളിയുകയാണ്.
അധികാരത്തിലെത്തി നൂറ് ദിവസത്തിനുള്ളില്‍ സാമ്പത്തിക രംഗത്ത് തിരിച്ചു വരവ് നടത്തുമെന്ന വാഗ്ദാനവും സര്‍ക്കാരിന് പാലിക്കേണ്ടതുണ്ട്. 2009-10 ബഡ്ജറ്റ് ജൂണില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഇതോടൊപ്പം സാമൂഹിക ക്ഷേമ പദ്ധതികളും വികസന പദ്ധതികളും അവതരിപ്പിക്കേണ്ടതുമുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുക, ഇന്‍ഷുറന്‍സ് മേഖലയിലും ടെലികോം മേഖലയിലും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ അനുവദിക്കുക, പെന്‍ഷന്‍ പരിഷ്കരണം തുടങ്ങിയ ഭരണ പരിഷ്കാരങ്ങള്‍ക്ക് ഇടതുപക്ഷത്തില്‍ നിന്ന് ഏറ്റ തിരിച്ചടി ഇനിയും സഖ്യകക്ഷികളില്‍ നിന്ന് നേരിടേണ്ടി വരില്ല എന്നതും അധികാരമേല്‍ക്കാനിരിക്കുന്ന സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കിയേക്കും.