തെരഞ്ഞെടുപ്പ് വാര്‍ത്ത | ഇലക്ഷന്‍ മാപ്പ് | ഇലക്ഷന്‍ റിസള്‍ട്ട്
പ്രധാന താള്‍ മറ്റുള്ളവ  ലോക്സഭ തെരഞ്ഞെടുപ്പ് 09  തെരഞ്ഞെടുപ്പ് വാര്‍ത്ത > കേന്ദ്രം സുസ്ഥിരം; കോണ്‍ഗ്രസ് 201
തെരഞ്ഞെടുപ്പ് വാര്‍ത്ത
കഴിഞ്ഞ 25 വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതി കോണ്‍ഗ്രസ് 261 സീറ്റ് എന്ന മായിക സംഖ്യയുടെ പിന്‍‌ബലത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇതോടെ, കേന്ദ്രത്തില്‍ ഒരു സുസ്ഥിര സര്‍ക്കാര്‍ രൂ‍പീകരിക്കാനുള്ള വഴി തെളിഞ്ഞു.

മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ഞായറാഴ്ച രാജി നല്‍കുമെന്നാണ് സൂചന. തിങ്കളാഴ്ച സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും.

സിംഗ് വീണ്ടും സ്ഥാനമേല്‍ക്കുന്നതോടെ ജവഹര്‍ലാല്‍ നെഹ്രുവിന് ശേഷം ആദ്യമായി അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച ശേഷം ഭരണത്തില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി എന്ന പദവിയും സ്വന്തമാകും.

കോണ്‍ഗ്രസ് നയിക്കുന്ന യുപി‌എ സഖ്യത്തിന് 261 സീറ്റുകള്‍ നേടാനായി. പ്രധാന എതിര്‍ സഖ്യമായ ബിജെപി നയിക്കുന്ന എന്‍‌ഡി‌എയ്ക്ക് ആവട്ടെ വെറും 161 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. കോണ്‍ഗ്രസ് 56 സീറ്റിന്‍റെ നേട്ടമുണ്ടാക്കിയപ്പോള്‍ ബിജെപിക്ക് 2004 ലെ 138 ല്‍ നിന്ന് 17 സീറ്റുകള്‍ കുറയുകയാണ് ചെയ്തത്.

ഓളമുണ്ടാക്കും എന്ന് കരുതിയ മൂന്നാം മുന്നണിയും നാലാം മുന്നണിയും കോണ്‍ഗ്രസ് തരംഗത്തില്‍ ഒതുങ്ങുകയായിരുന്നു. മൂന്നാം മുന്നണിക്ക് 69 സീറ്റും നാലാം മുന്നണിക്ക് 24 സീറ്റും മാത്രമേ നേടാനായുള്ളൂ.

പ്രത്യേക ദേശീയ പ്രശ്നങ്ങള്‍ ഒന്നും തെരഞ്ഞെടുപ്പ് വിഷയമാവാതിരുന്നപ്പോള്‍ വോട്ടര്‍മാര്‍ ഒരു സുസ്ഥിര സര്‍ക്കാരിനു പിന്നാലെയാണ് പോയത് എന്ന് സുവ്യക്തം. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിജയമായിട്ടാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.