അമ്മയുടെ നിര്‍ബന്ധം ഏറി വന്നു. അങ്ങനെ ഭാമയുമായുള്ള വിവാഹം നടന്നു.
സുനിത കിടക്കേണ്ട മുറിയാണിത്. നരേന്ദ്രന്‍റെ മനസ് പിടഞ്ഞു. പഴയതൊക്കെ മനസില്‍ നിന്ന് പടിയിറക്കി വിടാന്‍ തനിക്ക് ഒരിക്കലും ആവില്ല. ആരെങ്കിലും പറഞ്ഞ് അവള്‍ വിവരമൊക്കെ അറിഞ്ഞിട്ടുണ്ടാവും. എങ്കില്‍ ഈ രാത്രി സുനിത ഉറങ്ങില്ല. വിവാഹം ക്ഷണിക്കാന്‍. .. ഒന്നു വിളിച്ച് അറിയ്ക്കാന്‍ പലവട്ടം ഒരുങ്ങിയതാണ്. പിന്നെ വേണ്ടായെന്നു വച്ചു.
ഭാമ കടന്നു വന്നത് അറിഞ്ഞതേയില്ല. ഷീറ്റ് താഴെ വിരിക്കുന്നതിനിടെ അവള്‍ പറഞ്ഞു: ഞാന്‍ 21 ദിവസത്തെ വ്രതത്തിലാ... ഇവിടെ കിടന്നോളാം. '' എന്താ ഭാമേ, എന്തു വ്രതം...?"" '' വര്‍ഷങ്ങളായി കാത്തിരുന്ന ദിവസമാണിന്ന്. മനസിലുള്ള മോഹം സഫലമാവാന്‍ ഇനിയു കുറേ ദിവസങ്ങള്‍ കൂടി മതിയല്ലോ... " മാധവന്‍ നമ്പൂതിരിയുടെ മകളല്ലേ. ഇതൊക്കെ ഇനി സഹിക്കേണ്ടി വരും. കൂടുതലൊന്നും ചോദിക്കാന്‍ നില്‍ക്കാതെ നരേന്ദ്രന്‍ പുതപ്പിനിടയിലേയ്ക്ക് നൂഴ്ന്നു.
ഇടയ്ക്ക് ഭാമയെ നരേന്ദ്രന്‍ ശ്രദ്ധിച്ചു. ഉറക്കത്തിനിടയിലും അവള്‍ പുഞ്ചിരിക്കുനു.
ബന്ധുവീടുകളില്‍ പോവാനൊന്നും ഭാമയ്ക്ക് താല്‍പര്യമില്ലായിരുന്നു. അമ്മയുടെ നിര്‍ബന്ധം കൊണ്ട് സമ്മതിച്ചെന്നു മാത്രം. ഒരാഴ്ച കഴിഞ്ഞു. ഭാമയുടെ സ്വഭാവത്തില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു. അമ്മയോട് അനാവശ്യമായി കയര്‍ത്തു സംസാരിക്കുന്നത് നരേന്ദ്രന്‍ ശ്രദ്ധിച്ചു. കൂടാതെ, തന്‍റെ ചോദ്യങ്ങളൊന്നും കേട്ടില്ലായെന്ന് നടിക്കുന്നു. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാനും മടി. ഭാമയ്ക്ക് എന്തു പറ്റി?
രാത്രി ഭാമ പൊട്ടിക്കരയുന്നത് കണ്ട് നരേന്ദ്രന്‍ അടുത്തു ചെന്നു. '' എന്തു പറ്റി ഭാമേ...?"" ചുമലില്‍ സ്പര്‍ശിച്ച നരേന്ദ്രന്‍റെ കൈ തട്ടിത്തെറുപ്പിച്ച് അവള്‍ ചീറി. '' എന്താ കാര്യം? പറയാതെങ്ങനാ മനസിലാവുന്നത്..." ബഹളം കേട്ട് അമ്മയും വന്നു. '' എന്താ മോളേ... നരേന്ദ്രാ നീയിവളെ വഴക്കു പറഞ്ഞോ?"
അവന്‍ മിണ്ടാതെ നിന്നു.
'' ഞാന്‍ എത്ര ദിവസമായി പറയുന്നു...നിങ്ങള്‍ രണ്ടാളും എവിടെയ്ക്കെങ്കിലും യാത്ര പോവാന്‍... നാളെത്തന്നെ പോ. ജയന്‍ മാമന്‍ എത്ര ദിവസമായി വിളിക്കുന്നു... വയനാട്ടിലെയ്ക്ക് ചെല്ലാന്‍ പറഞ്ഞ്...". അമ്മ പറഞ്ഞതു കേട്ട് ഭാമയുടെ ഭാവം മാറി. '' എനിക്കൊരിടത്തും പോവേണ്ടാ... എന്നെ വീട്ടില്‍ കൊണ്ടു വിട്ടാല്‍ മതി"
'' അതിനിപ്പോ എന്താ മോളെ ഉണ്ടായത്...?" '' പ്രകാശേട്ടന്‍ എട്ടു ദിവസമായി ഉറങ്ങിയിട്ട്... എന്നെ ആദ്യം കെട്ടുന്നയാള്‍ ആറു ദിവസത്തിനകം മരിക്കുമെന്നാ അച്ഛന്‍ പറഞ്ഞത്... അതു കൊണ്ടാ ഞാന്‍ ഇതിനു സമ്മതിച്ചത്...എന്നിട്ടിപ്പോ... അച്ഛനും എന്നെ ചതിക്കുകയായിരുന്നു...എട്ടു ദിവസം കഴിഞ്ഞില്ലേ...പ്രകാശേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല." ഭാമ തേങ്ങിക്കരഞ്ഞു. നരേന്ദ്രന്‍ അവിശ്വസനീയതയോടെ ഭാര്യയെ നോക്കി. പിന്നെ അമ്മയേയും.
|