പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  കഥ
 
ഒറ്റയ്ക്കൊരു ശകുന്തള
കഥ - ടോം ജെ മങ്ങാട്
ജനക്കൂട്ടത്തിന്‍റെ അങ്ങേ മുനമ്പില്‍, മാധവേട്ടന്‍റെ നേരേ മുന്‍പിലായി, സോഡിയം വേപ്പര്‍വെളിച്ചത്തില്‍ കനല്‍പോലെ തിളങ്ങിയ ഒരു മുഖം കണ്ട് സുഗതന്‍ നിശ്ചേഷ്ടനായി.

അതു ശകുന്തളയല്ലേ!
ആണോ?
വിയര്‍പ്പു ഗ്രന്ഥികളില്‍ നിന്ന് ആശങ്കകളും ആകുലതകളും ഒഴുകിയിറങ്ങി.
ദൈവമേ, അവളെന്തിനു വന്നു ഇവിടെ! ഇന്നു നടക്കാന്‍ പോകുന്നതെല്ലാം നന്നായി അറിയാവുന്നതാണ് ശകുന്തളയ്ക്ക്. ബോംബ് വീണു ചിതറുന്ന സ്ഥലം പോലും കൃത്യമായി അറിയാം. എന്നിട്ടാണ്...അവള്‍ക്കു ഭ്രാന്താണോ!

വലംകൈ ആ നേരത്ത്, ഒരാചാരം അനുഷ്ടിക്കുന്ന സമാധാനത്തോടെ ഇടംകൈയിലെ സഞ്ചിയോളമൊന്നു പോയി. അതിന്‍റെ മുഴുപ്പിലൊന്നു പരതിയശേഷം മടങ്ങി. ഉവ്വ്, സാധനം ഭദ്രമായി സഞ്ചിയില്‍ത്തന്നെയുണ്ട്. അതെവിടേയ്ക്കും പോകില്ലെന്നറിയാമെങ്കിലും വലംകൈ ഇടയ്ക്കിടെ ഒരു അന്വേഷണത്തിന്‍റെയും കണ്ടെത്തലിന്‍റെയും ആശ്വാസം തേടുന്നു.

എന്നാല്‍, ഇത്തവണ അതവിടെത്തന്നെയുണ്ടെന്ന അറിവ് ആശ്വാസമല്ല, അങ്കലാപ്പാണുണ്ടാക്കിയത്. കാരണം, അതിന്‍റെ ലക്ഷ്യത്തിലാണ് അവളിരിക്കുന്നത്; ശകുന്തള!

സുഗതന്‍ ശകുന്തളയെ ചുംബിച്ചിട്ടുണ്ട്; സ്വപ്നത്തില്‍! ഒരിക്കലേയുള്ളൂ, ഒരിക്കല്‍ മാത്രം. പിന്നെയും ചുംബിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. സ്വപ്നത്തില്‍ ശകുന്തളയുടെ തുടുത്ത കവിളുകള്‍ കാണുമ്പോഴെല്ലാം ചുണ്ടുകള്‍ തരിക്കും. പക്ഷേ, ചുംബിക്കാനുള്ള ധൈര്യം ചുണ്ടിലേക്കിറങ്ങാതെ തൊണ്ടയില്‍ തടഞ്ഞുനില്‍ക്കും. ചുംബനം കിട്ടാതെ കവിളുകള്‍ കണ്ണീരണിഞ്ഞ് മറഞ്ഞുപോവുകയും ചെയ്യും.

ആ കവിളുകളാണോ ആള്‍ക്കൂട്ടത്തിന്‍റെ അങ്ങേത്തലയ്ക്കല്‍ എരിഞ്ഞുനില്‍ക്കുന്നത്?

മാധവേട്ടന്‍ മൈക്രോഫോണിനടുത്തേയ്ക്ക് നീങ്ങിനിന്ന് ശബ്ദം താഴ്ത്തി ഒരു പ്രത്യേക താളക്രമത്തില്‍ പറഞ്ഞു:

"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും!.... നീച പ്രവൃത്തികളെ സിദ്ധാന്തങ്ങളുടെ ന്യായമുടുപ്പിക്കുന്നവരോട് ഇതാണ് നമുക്ക് പറയാനുള്ളത്., അവസാനശ്വാസവും കഴിഞ്ഞ് പ്രാണന്‍ പിരിഞ്ഞുപോകും വരെ ഇതു നമ്മള്‍ പറയുകയും ചെയ്യും; അതിന് കൊടുക്കേണ്ടിവരുന്ന വില എന്തുതന്നെയായാലും.''

ഒരു വിതുമ്പലോടെ ഉച്ചഭാഷിണി പുറത്തുവിട്ട ഗാംഭീര്യമാര്‍ന്ന വാക്കുകള്‍ തൊട്ടുഴിഞ്ഞ് കടന്നുപോയപ്പോള്‍ രോമകൂപങ്ങളില്‍ ഇടിവാള്‍ മിന്നി. സുഗതന്‍ നെഞ്ചു വിരിച്ച് നിവര്‍ന്നിരുന്നു.

കേള്‍വിക്കാരില്‍ ആരൊക്കെയോ കണ്ണു തുടയ്ക്കുന്നുണ്ട്. കഴിഞ്ഞ കറുത്ത ദിവസങ്ങളിലൊന്നില്‍, ആരെയോ നഷ്ടപ്പെട്ടവരാകാം അവര്‍. ഒരു കത്തിമുന, ഒരു വാള്‍ത്തല, ഒരു പൊട്ടിത്തെറി.... അങ്ങനെ എന്തെങ്കിലുമൊന്ന് അവരടെ പ്രാണനില്‍ പാതി അടര്‍ത്തിയെടുത്തിട്ടുണ്ടാകാം, കണ്ണീരുറവകള്‍ തുറന്നു വിട്ടിട്ടുണ്ടാകാം.

ആ കണ്ണുകളുടെ മുന്‍നിരയിലാണ് ബോംബ് വീണു പൊട്ടേണ്ടത്. കൃത്യമായി പറഞ്ഞാല്‍, പ്രസംഗവേദിക്കും സദസ്സിനും മധ്യേയുള്ള ആ ചെറിയ ഇടത്തില്‍. മാധവേട്ടനും മൈക്രോഫോണിനും നേരേ മുമ്പില്‍. അവിടെത്തന്നെയാണ് ശകുന്തളയുടെ മുഖം തെളിഞ്ഞതും.

സുഗതന്‍റെ വിടര്‍ന്നുനിന്ന നെഞ്ച് അറിയാതെ ചുരുങ്ങി. കണ്ണുകള്‍ ശകുന്തളയെ തെരഞ്ഞ് കലങ്ങി, തല താഴ്ന്നു. ഇടംകൈ തേടിപ്പോയ വലംകൈ ഗതി മാറിത്തിരിഞ്ഞു ചെന്ന് നനവൂറിയ കണ്ണുകള്‍ തുടച്ചു. അതെ, സുഗതനും കണ്ണുകള്‍ തുടയ്ക്കുകയാണ്.

"വേദിയിലേക്കെറിഞ്ഞത് കൈ പിഴച്ച് കേള്‍വിക്കാര്‍ക്കിടയില്‍ വീണുവെന്നേ തോന്നാവൂ. കൃത്യമായിരിക്കണം.. കൈയുടെ ആയം കൃത്യമായിരിക്കണം... സാധനം വീഴുന്ന സമയം കൃത്യമായിരിക്കണം...' ഇതു തന്നെ തിരിച്ചും മറിച്ചും എത്ര തവണ പറഞ്ഞു മാധവേട്ടന്‍!

പന്തയം വച്ച്, പറയുന്ന മാങ്ങ എറിഞ്ഞുവീഴ്ത്തുമായിരുന്നു സുഗതന്‍; പറഞ്ഞതു മാത്രം! വെറും മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍! ആ സുഗതനെയാണ് ഉന്നം പഠിപ്പിക്കുന്നത്. അതും പട്ടിയെ എറിയാന്‍ പോലും അറിയാത്തയാള്‍! സുഗതന്‍ ഉളളിലേ ചിരിച്ചുളളു. അതു പുറത്തുവരാന്‍ പാടില്ല.

ഒരു കണക്കിന്, മാധവേട്ടനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മൂപ്പര് പ്രസംഗിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് ബോംബ് വീണു ചിതറേണ്ടത്. കൈയൊന്നു പാളി വീഴ്ച വേദിയിലായാല്‍ ചിതറുന്നത് എന്തായിരിക്കും.! മാധവേട്ടനല്ല, ആരായാലും പേടി തോന്നും. തോന്നാത്തവന്‍ മനുഷ്യനല്ല ; മൃഗം പോലുമല്ല.

എന്നിട്ടും മാധവേട്ടന്‍ എന്തിനാണിങ്ങനെയൊക്ക ചെയ്യുന്നത്? ആദ്യം തന്നെ ഈ പരിപാടി എതിര്‍ത്തതാണ് ശകുന്തള. അവസാനം വരെയും എതിര്‍ത്തു.ഇതാ ഇപ്പോഴും ചെയ്യുന്നത് അതു തന്നെ.

ശേഷമെല്ലാവരും അനുകൂലിച്ചു,മാധവെട്ടന്‍റെ ബുദ്ധിയെയും ധൈര്യത്തെയും പ്രശംസിച്ചു.ശകുന്തള മാത്രം പറഞ്ഞു, വക്രബുദ്ധിയാണെന്ന്. ധൈര്യമില്ല, ഭീരുത്വമാണെന്നും ചതിയാണെന്നും പറഞ്ഞു.

എന്നിട്ടെന്താ? ഒന്നുമുണ്ടായില്ല. ജയം പതിവുപോലെ ഭൂരിപക്ഷത്തിന്. മാധവേട്ടന്‍ പറയുന്നതിനൊപ്പം നില്‍ക്കാനാണ് എല്ലാവര്‍ക്കുമിഷ്ടം. ശകുന്തളയ്ക്കു പോലും. പക്ഷേ ഇത്തവണ ശകുന്തള ഒറ്റയ്ക്കൊരു മറുപക്ഷമായി.

എങ്കിലും, എന്തിനാണിങ്ങനെ അവള്‍ ചെയ്തത്?
ആര്‍ക്കറിയാം!
ശകുന്തളയ്ക്കൊപ്പം നില്‍ക്കണമെന്ന് തോന്നിയതാണ്; സത്യമായിട്ടും തോന്നിയതാണ്. അവള്‍ പറയുന്നത് ശരിയല്ലേ? ന്യായമല്ലേ?

ചിലതൊക്കെ വിളിച്ചുപറയാന്‍ നാവിന്‍തുമ്പില്‍ വരെ വന്നതുമാണ്. ഒന്നും പറഞ്ഞില്ല. പറയാന്‍ പറ്റില്ല. സുഗതന് അവകാശം എറിയാന്‍ മാത്രമാണ്; പറയാനവകാശമില്ല.

കണ്ണുകള്‍ വീണ്ടും ആ മുഖം തേടിപ്പോവുകയാണ്. ജനക്കൂട്ടത്തിന്‍റെ അങ്ങേ മുനമ്പില്‍, മാധവേട്ടന്‍റെ നേരേ മുമ്പിലായി കനലാളിയ അതേ മുഖം.

ഇപ്പോള്‍ അതവിടെ കാണുന്നില്ല!
ങേ?
അതെ, ശകുന്തള ഇപ്പോള്‍ അവിടെയില്ല? അല്ലെങ്കില്‍, അതു ശകുന്തളയായിരുന്നില്ല.
1| 2| 3| 4
കൂടുതല്‍
ദൂത്
നിരാലംബരി
ലിബറലൈസേഷനിലെ പോസ്റ്റ് മോഡേണിസം