മലയാള സാഹിത്യത്തില്‍ ചിരിയുടെയും ചിന്തയുടെയും ചിന്തേരിട്ടു മിനുക്കിയ എത്രയോ രചനകളിലൂടെ അനശ്വരസാന്നിദ്ധ്യമായി മാറിയ സഞ്ജയന്‍. ജീവിതം സഞ്ജയന് ദുഃഖനിര്‍ഭരമായിരുന്നു. എന്നിട്ടും അദ്ദേഹം രചനകളിലൂടെ നമ്മെ ചിരിപ്പിച്ചു;ഒട്ടൊക്കെ ചിന്തിപ്പിക്കുകയും ചെയ്തു.
ഗദ്യവും പദ്യവും പത്രപ്രവര്‍ത്തനവുമെല്ലാം സമൂഹത്തിന്‍റെ പൊള്ളത്തരങ്ങള്‍ക്കും അധികാരോന്മുഖതയ്ക്കുമെതിരെയുള്ള ഹാസ്യത്തിന്‍റെ വിശ്വരൂപമമാക്കി സഞ്ജയന്‍ മാറ്റി. ദയാരഹിതമായ പരിഹാസത്തിന്‍റെ മൂര്‍ച്ചയുള്ള ആയുധമായിരുന്നു സഞ്ജയന് വാക്ക്. പാരഡിയെ സാമൂഹികവിമര്‍ശനത്തിനുള്ള കാവ്യതന്ത്രമായി പ്രയോഗിച്ച ആദ്യകവിയും അദ്ദേഹമാണ്.
കുഞ്ഞുരാമന്‍ വൈദ്യന്‍റെയും മാണിക്കോത്ത് പാറുവമ്മയുടെയും മകനായി 1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്. 1943 സെപ്റ്റംബര്‍ 13ന് സഞ്ജയന്‍ ഓര്‍മമാത്രമായി.
സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദം നേടിയ സഞ്ജയന് ഇംഗ്ളീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മന്‍, സംസ്കൃതം എന്നീ ഭാഷകളിലും അവഗാഹമുണ്ടായിരുന്നു. സര്‍ക്കാര്‍ സര്‍വീസിലും , പിന്നീട് അധ്യാപകനായും നീണ്ട കര്‍മകാണ്ഡം. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദം നേടി.
കോഴിക്കോട് ഹജൂര്‍ ഓഫീസില്‍ ഗുമുസ്തനായും കോഴിക്കോട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായും ജോലി ചെയ്തു. തിരുവനന്തപുരത്ത് നിയമപഠനം നടത്തിയെങ്കിലും ക്ഷയരോഗബാധമൂലം പൂര്‍ത്തിയാക്കിയില്ല.
അതിനിടെ, 'കേരളപത്രിക','സഞ്ജയന്‍', വിശ്വരൂപം' എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരെന്ന നിലയിലും പ്രശസ്തനായി. ഷേക്സ്പീയര്‍ നാടകങ്ങളുടെ പരിഭാഷകളിലൂടെയും സഞ്ജയന് ലബワപ്രതിഷ്ഠനായി. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.
|