മലയാള സാഹിത്യ തറവാട്ടിലെ കാരണവരായിരുന്നു കുട്ടികൃഷ്ണമാരാര്‍. പരിചയപ്പെടുത്തലോ വിശേഷണങ്ങളോ ആവശ്യമില്ലാത്ത പണ്ഡിതന്‍. സാഹിത്യ നിരൂപണത്തിലും വിവര്‍ത്തനത്തിലും ഇന്നും മാരാരുടെ ശൈലിയെ അവസാനവാക്കായി കാണുന്നു.
1900 ജൂണ്‍ 14നാണ് കെ.എം. കുട്ടികൃഷ്ണമാരാര്‍ ജനിച്ചത്. 1973 ഏപ്രില്‍ ആറിന് മാരാര്‍ അന്തരിച്ചു.
ദാരിദ്ര്യം കാരണം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സംസ്കൃത വിദ്യാഭ്യാസം നേടിയ മാരാര്‍ 1923 ലെ സാഹിത്യ ശിരോമണി പരീക്ഷ വിജയിച്ചു.
വള്ളത്തോളുമായുള്ള നിറഞ്ഞ സൗഹൃദം മാരാരുടെ സാഹിത്യജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വള്ളത്തോളിനോടൊപ്പം കലാമണ്ഡലത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
മാതൃഭൂമി പത്രത്തില്‍ ദീര്‍ഘകാലം പ്രൂഫ് റീഡറായിരുന്നു മാരാര്‍. അന്ന് പ്രൂഫ് വായനക്കാര്‍ക്ക് പത്രപ്രവര്‍ത്തകന്‍റെ പദവിയോ ബഹുമാനമോ ഇല്ലാതിരുന്നിട്ടും മാരാര്‍ അവിടെത്തന്നെ കഴിച്ചുകൂട്ടി. അത് ഭാഷാസേവനത്തിന്‍റെ മറ്റൊരു മുഖമായിരുന്നു. മലയാള പത്രഭാഷയെ ഓളവും തെളിവുമുള്ളതാക്കി മാറ്റുക എന്ന നിശബ്ദ കര്‍മ്മമായിരുന്നു മാരാര്‍ അനുഷ്ഠിച്ചത്.
1942ല്‍ പുറത്തിറങ്ങിയ “മലയാള ശൈലി”യാണ് കുട്ടികൃഷ്ണമാരാരുടെ ആദ്യകൃതി. ഭാഷാ പരിചയം, വൃത്തശില്പം എന്നീ കൃതികള്‍ ഭാഷാപഠിതാക്കള്‍ക്ക് ഏറെ സഹായകമാണ്.
|