മലയാള സാഹിത്യ തറവാട്ടില്‍ നിന്നും എന്‍.പി മുഹമ്മദ് യാത്രയായിട്ട് ജനുവരി മൂന്നിന് 4 വര്‍ഷം തികയുന്നു. 2003 ജനുവരി മൂന്നിനായിരുന്നു എന്‍.പി കഥയുടെ മറ്റൊരു ലോകത്തേക്ക് കടന്നുപോയത്. ഒരു എഴുത്തുകാരന്‍റെ എല്ലാവിധ യോഗ്യതയും തികഞ്ഞ വേറിട്ട ശബ്ദമായിരുന്നു എന്‍.പി.മുഹമ്മദ്.
ജനിച്ചുവളര്‍ന്ന ദേശത്തിന്‍റെ പുരാവൃത്തവും സുവിശേഷവും അക്ഷരത്തിലാവഹിക്കുന്നതില്‍ വിജയിച്ച കഥാകാരന്‍, നോവലിസ്റ്റ്, കോളമിസ്റ്റ്, ലേഖകന്‍...സാംസ്കാരിക ജീവിതത്തില്‍ എന്‍.പി.അതിലുമൊക്കെ ഉയരത്തിലായിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എന്‍.പി അബുവിന്‍റെ മകനായി 1929 ജൂലൈ ഒന്നിന് കോഴിക്കോട് കുണ്ടുങ്ങലിലാണ് എന്‍.പി മുഹമ്മദ് ജനിച്ചത്.
ദൈവത്തിന്‍റെ കണ്ണ് (നോവല്‍) സാഹിത്യ അക്കാദമി പുരസ്കാരത്തിനും സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡിനും അര്‍ഹമായി.മലയാളത്തിലാദ്യമായി രണ്ടു പേര്‍ ചേര്‍ന്നെഴുതിയ (എം.ടി.യോടൊപ്പം) നോവലിന്‍റെ (അറബിപ്പൊന്ന്) സഹകര്‍ത്താവായിരുന്നു എന്‍.പി.മുഹമ്മദ്.
എണ്ണപ്പാടം, പിന്നെയും എണ്ണപ്പാടം, മരം ഇവ പ്രസിദ്ധ നോവലുകള്‍. അവര്‍ നാലു പേര്‍ എന്ന പേരില്‍ ഒരു ബാലസാഹിത്യ കൃതി രചിച്ചിട്ടുണ്ട്.
ഹിരണ്യകശിപു എന്ന ആക്ഷേപഹാസ്യ നോവല്‍ രചിച്ചു .സി.വി. രാമന്‍പിള്ള പുരസ്കാരം ലഭിച്ച വീരരസം സി.വി. കൃതികളില്‍, മാനുഷ്യകം, മന്ദഹാസത്തിന്‍റെ മൗനരോദനം, മദിരാശി സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയ തൊപ്പിയും തട്ടവും ഇവ വിമര്‍ശനകൃതികള്‍.
പ്രസിഡന്‍റിന്‍റെ ആദ്യത്തെ മരണം എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും 1999ലെ മൂലൂര്‍ അവാര്‍ഡും ലഭിച്ചു.
|