ഓര്‍ക്കും തോറും വായിക്കും തോറും മലയാളിയുടെ മനസ്സില്‍ നേര്‍ത്ത മുറിവുകള്‍ രമണന്‍ കോറിയിടുന്നു. നായകനായ രമണന്‍ കാമുകി നഷ്‌ടപ്പെട്ട ദു:ഖത്താല്‍ ആത്മഹത്യ ചെയ്തുവെന്നത് ആഘോഷവേളകളില്‍ നമ്മള്‍ക്ക് അംഗീകരിക്കാനാവില്ല.
എന്നാല്‍, ഇരുട്ടില്‍, ഏകാന്തതയുടെ വേലിയേറ്റങ്ങളില്‍ പലരും രമണന്‍റെ ആത്മഹത്യയെ രക്ഷപ്പെടലിനുള്ള മാര്‍ഗമായി തെരഞ്ഞെടുക്കുവാന്‍ പലപ്പോഴും ആഗ്രഹിച്ചു പോകുന്നു.
ബംഗാളിക്ക് പ്രണയ നൈരാശ്യത്തിന്‍റെ,വിഷാദരാഗത്തിന്‍റെ പ്രതീകം ദേവദാസായിരുന്നെങ്കില്‍ മലയാളിക്ക് അത് രമണനായിരുന്നു. ഒരു പക്ഷെ കാലത്തിനെ അതിജീവിക്കുന്ന പ്രതീകമാണ് രമണന്‍.
ചങ്ങമ്പുഴയുടെ ആത്മ സുഹൃത്തായ ഇടപ്പിള്ളി രാഘവന്‍ പിള്ള പ്രണയം നശിച്ചതിന് ബലിയര്‍പ്പിച്ചത് സ്വന്തം ജീവിതം തന്നെയാണ്. ഇടപ്പിള്ളിയുടെ സ്മരണയിലേക്ക് രമണന്‍ രചിച്ചതിലൂടെ ചങ്ങമ്പുഴ ഒരു പിടി വിഷാദപൂക്കല്‍ വാരിയെറിഞ്ഞു.
ജീവിതത്തില്‍ തോല്‍ക്കുമ്പോള്‍ ചിലര്‍ ലഹരിയിലേക്ക് കൂപ്പുകുത്തുന്നു. മറ്റു ചിലര്‍ ആത്മനാശത്തിന്‍റെ പാത തെരഞ്ഞെടുക്കുന്നു. ഭൌതികമായ തിളക്കത്തിന്‍റെ ഇടയിലും മനുഷ്യന് ആത്മഹത്യ മോചന മാര്‍ഗമാണ്. മദ്യപാനം ദുര്‍ബലന്മാര്‍ക്കുള്ളതാണെന്ന് ഒരിക്കല്‍ പറഞ്ഞ വിക്‍ടര്‍ ലീനസ് മദ്യത്തില്‍ മുങ്ങികുളിച്ച് അവസാനം ആത്മഹത്യ ചെയ്തു.
പ്രചോദനമായ, തണലേകിയ പങ്കാളിയുടെ അഭാവം മൂലമുണ്ടാകുന്ന ശൂന്യതയെ അതിജീവിക്കുക എളുപ്പമല്ല. ലോകത്തെ നാം ഒറ്റപ്പെട്ടതു പോലെ തോന്നുന്നു. പ്രണയം എല്ലാ ചരാചരങ്ങളെയും സ്‌നേഹിക്കുവാന്‍ പ്രേരിപ്പിക്കുമെങ്കില്‍ പ്രണയ നഷ്‌ടം മൂലം നാം എല്ലാറ്റിനേയും വെറുക്കുന്നു. സ്വന്തം മേന്മകള്‍ ഇവിടെ നാം മുറിക്കുവാന്‍ ആരംഭിക്കുന്നു. എല്ലാവരും നമ്മെ തോല്‍പ്പിക്കുന്നുവെന്ന ധാരണ നമ്മളില്‍ ഉണരുന്നു.
പ്രണയത്തിന്‍റെ ദിനങ്ങളില്‍ പ്രണയിനികള്‍ നല്‍കിയ നല്ല നിമിഷങ്ങള്‍ നഷ്‌ടപ്പെട്ടതോര്‍ത്ത് ദു:ഖിക്കുന്നു. അവസാനം എല്ലാം മറക്കുവാന്‍ മരണത്തിന്‍റെ ഗര്‍ത്തത്തിലേക്ക് എടുത്തു ചാടുന്നു.
ചങ്ങമ്പുഴ ഇടപ്പിള്ളി
രമണന്‍ എഴുതുവാന്‍ ചങ്ങമ്പുഴക്ക് പ്രചോദനമേകിയത് ഇടപ്പിള്ളിയുടെ ആത്മഹത്യയായിരുന്നു . മരണ വിധി ഇടപ്പിള്ളി സ്വയം നടപ്പിലാക്കി. കാമുകി ഇല്ലാത്ത ജീവിതം ഇടപ്പിള്ളിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ജീവിതത്തിലെ ശൂന്യതയെ അതിജീവിക്കുവാന്‍ മരണത്തിലൂടെ ശൂന്യമാകുകയെന്ന മാര്‍ഗമാണ് ഇടപ്പിള്ളി തെരഞ്ഞെടുത്തത്.
അതേസമയം വാതത്തിന്‍റെയും ക്ഷയരോഗത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ഇടയില്‍ നരകിക്കുമ്പോഴും ചങ്ങമ്പുഴക്ക് ജീവിതം ഒരു സുഖമുള്ള നോവായിരുന്നു. അടിമുടി അസൂയ കലര്‍ന്ന വിമര്‍ശകരുടെ കൂരമ്പുകള്‍ നാനാദിക്കില്‍ നിന്നും തന്നിലേക്ക് പതിക്കുമ്പോഴും ചങ്ങമ്പുഴ ജീവിതത്തിലെ ഓരോ നിമിഷത്തെയും സ്‌നേഹിച്ചു.
ലഹരിയുടെ അടിത്തട്ടിലേക്ക് ഇറങ്ങി നിര്‍വൃതിയടുന്നതിനായി ചങ്ങമ്പുഴ ആഗ്രഹിച്ചു.സ്‌ത്രീ സൌന്ദര്യത്തിന്‍റെ ആരാധകനായിരുന്ന ചങ്ങമ്പുഴ ഷേക്ക്‍സ്പിയറെ പോലെ സ്‌ത്രീ മനസ്സ് ചാപല്യത്തില്‍ അധിഷ്‌ഠിതമാണെന്ന് വിശ്വസിച്ചു. ചിലപ്പോള്‍ ഇടപ്പിള്ളിയുടെ അനുഭവമായിരിക്കാം അദ്ദേഹത്തിനെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
വേദന കാര്‍ന്നു തിന്നുമ്പോഴും സുഖത്തിന്‍റെ, അനുഭൂതിയുടെ നിമിഷങ്ങള്‍ക്കായി അദ്ദേഹം ദാഹിച്ചു-അതു കൊണ്ടായിരുന്നലോ ലഹരിക്കായി ഒരു മൂര്‍ഖന്‍പാമ്പിനെക്കൊണ്ട് കൊത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞത്. ജീവിതമെന്ന മുന്തിരിച്ചാറിന്‍റെ അവസാനത്തുള്ളിയും ഊറ്റികുടിക്കുവാന്‍ ആഗ്രഹിച്ച ഗന്ധര്‍വനായിരുന്നു ചങ്ങമ്പുഴ
|