വിജയന്‍, വിജയനല്ലാതാവുകയും ശുഭകരമല്ലാത്ത മുഹൂര്‍ത്തത്തില്‍ ഒരു കൃതി രചിക്കാന്‍ തയ്യാറാവുകയും ചെയ്തതിന്‍റെ ഫലമായിട്ടാണ് രതി വൈകൃതങ്ങള്‍ മാത്രം നിറഞ്ഞ, സാഹിത്യമൂല്യം തീരെയില്ലാത്ത എട്ടുകാലി രൂപപ്പെട്ടതെന്നുവേണം കരുതാന്‍.
കഥകളില്‍ രതിഭാവങ്ങള്‍ കടന്നുവരുന്നത് സ്വാഭാവികമാണ്. കഥയുടെ സമ്പുഷ്ടിക്ക് അനിവാര്യമാണെന്നു തോന്നുന്ന ഘട്ടത്തില്‍ കഥാതന്തുവിന് മങ്ങലേല്‍ക്കാതെ, വായനക്കാരുടെ മനസ്സില്‍ ഇത് ഒഴിവാക്കാമായിരുന്നുവെന്ന തോന്നല്‍ ഒരിക്കലും സംജാതമാക്കാത്ത വിധത്തില്‍ രതിക്ക് സ്ഥാനം നല്‍കാവുന്നതാണ്. അല്ലാതെ കഥയില്‍ രതി വേണമെന്ന നിര്‍ബന്ധം എഴുത്തുകാരന് ഒരിക്കലും ഉണ്ടായിക്കൂടാ.
ബുദ്ധിചിന്തയോ താത്വിക കാഴ്ചപ്പാടോ ഒട്ടും പ്രതിഫലിക്കാത്ത ഇത്തരമൊരു കഥ മൂന്നാംകിട സാഹിത്യകാരനുപോലും എഴുതാന്‍ കഴിയുന്നതാണ്. യഥാര്‍ത്ഥത്തില്‍ അശ്ളീല സാഹിത്യത്തില്‍ ഉള്‍പ്പെടുത്തേണ്ട കഥയാണ് എട്ടുകാലി. ഒ.വി. വിജയന്‍ എഴുതിയതുകൊണ്ട് അശ്ളീല സാഹിത്യം മഹത്തരമാവില്ല.
ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാളിയുടെ മനംകവര്‍ന്ന വിജയന്‍ തന്നെയാണോ -എട്ടുകാലി- എഴുതിയതെന്ന സംശയവും സ്വാഭാവികമാണ്.
ഇങ്ങനെയൊരു കഥ എഴുതാന്‍ വിജയനെ പ്രേരിപ്പിച്ച കാര്യമെന്താണ്. അനുഭവമാണോ? അതുമല്ലെങ്കില്‍ ഒരുപക്ഷേ മനസ്സില്‍ എക്കാലവും സൂക്ഷിച്ചിരുന്ന രതിവൈകൃതത്തിന്‍റെ സുഖം അനിയന്ത്രിതമായപ്പോള്‍ കഥാരൂപേണ പുറത്തുവന്നതാണോ, അതോ മാനുഷിക, സാമൂഹിക സദാചാരബന്ധങ്ങള്‍ക്കുമപ്പുറം രതിക്ക് മുന്‍തൂക്കമുണ്ടെന്ന വ്യക്തിപരമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണോ.
എന്തായാലും എന്നുമെക്കാലവും നാം കാത്തു (സൂക്ഷിച്ച) സൂക്ഷിക്കുന്ന സദാചാരമൂല്യത്തിന്‍റെയും മാന്യതയുടെയും ഭയത്തിന്‍റെയും അതിര്‍വരമ്പുകള്‍ -എട്ടുകാലി-യിലൂടെ കഥാകൃത്ത് ലംഘിക്കുകയാണ്. ഈ ലംഘനമാകട്ടെ സൃഷ്ടിയുടെ ലക്ഷ്യംതന്നെ ഇല്ലാതാക്കുന്നു.
|