പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  സാഹിത്യ കുറിപ്പുകള്‍
 
സഞ്ജയസാഹിത്യം
പ്രമുഖ ഹാസ സാഹിത്യകാരനും സാമൂഹിക വിമര്‍ശകനുമായിരുന്നു സഞ്ജയന്‍ എന്ന തൂലികാ നാമത്തില്‍ പ്രസിദ്ധനായ എം ആര്‍ നായര്‍

ഭാഷാപോഷിണി, കേരളപത്രിക, മാതൃഭൂമി ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയും സഞ്ജയന്‍ വിശ്വരൂപം എന്നീ സ്വന്തം മാസികകളിലൂടെയും പുറത്തുവന്ന സഞ്ജയസാഹിത്യം രണ്ടായി വേര്‍തിരിക്കാവുന്നതാണ്.

സാഹിത്യചിന്തകനും കവിയുമായ എം.ആര്‍. നായരുടെ ഗദ്യപദ്യലേഖനങ്ങള്‍ പൊതു സാഹിത്യവിഭാഗത്തിലും ഹാസ്യകവിതകളും ലേഖനങ്ങളും രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു.

സാഹിതിദാസന്‍ എന്ന പേരിലെഴുതിയ നിരൂപണങ്ങളും നിരീക്ഷണങ്ങളും വിചിന്തനങ്ങളുമാണ് മരണാനന്തരം മാതൃഭൂമി പ്രസിദ്ധീകരിച്ച സാഹിത്യനികഷത്തിലുള്ളത്.

അദ്ദേഹത്തിന്‍റെ മികച്ച കവിതയായ തിലോദകമുള്‍പ്പൈടെയുള്ള കവിതകളാണ് മാതൃഭൂമി പ്രസിദ്ധീകരണം തന്നെയായ ആദ്യോപഹാരത്തിന്‍റെ ഉള്ളടക്കം.

ഹാസ്യകവിതകളുടെ സമാഹാരമാണ് നേരത്തെ പരാമര്‍ശിക്കെപ്പട്ട ഹാസ്യാഞ്ജലി. ഹാസ്യലേഖനങ്ങള്‍ സഞ്ജയന്‍ എന്ന പേരില്‍ര ണ്ടു ഭാഗങ്ങളായി മാതൃഭൂമി തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

തിലോദകം പത്നീവിയോഗത്തെ പുരസ്കരിച്ചുള്ള ശാലീനസുന്ദരമായ ഒരു ലഘുവിലാപകാവ്യമാണ്. അതിന്‍റെ മാറ്റു കാണിക്കാന്‍ ഈയൊരൊറ്റ ശ്ളോകം മതി.

പനിനീരലരേ പറഞ്ഞുവോ
വിവരം നിന്നൊടു സാന്ധ്യ മാരുതന്‍
തവ സത്സഖി നമ്മെവിട്ടുപോയ്
ഭുവനം പാവനമിന്നപാവനം!

ഒരു കവിയെന്ന നിലയില്‍ പേരെടുക്കാനോ സ്വന്തം സൃഷ്ടികള്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്താനൊ സഞ്ജയന്‍ വലിയ താല്‍പര്യമൊന്നും കാണിച്ചിരുന്നില്ല.

ആദ്യോപഹാരം തന്നെ മാതൃഭൂമി മുന്‍കയ്യെടുത്തു പ്രസിദ്ധീകരിച്ചതാണ്. മാതൃഭൂമി പ്രസിദ്ധീകരണം തന്നെയായ ഒഥല്ലോവിന്‍റെ കാര്യത്തിലാണ് അദ്ദേഹം അല്‍പമെങ്കിലും താല്‍പര്യം കാണിച്ചത്.

ഇതൊഴിച്ചാല്‍ അദ്ദേഹത്തിന്‍റെ കൃതികളെല്ലാം മരണാനന്തര പ്രസിദ്ധീകരണങ്ങളാണ്. ഹാസ്യാഞ്ജലിയുടെ അച്ചടിതീരുന്നതിനുമുമ്പേ അദ്ദേഹം അന്ത്യയാത്ര വഴങ്ങിയിരുന്നു.

കൂടുതല്‍
ആശാന്‍ റൊമാന്‍റിക് കവിയല്ല : തുറവൂര്‍ വിശ്വംഭരന്‍
ഡാവിഞ്ചി കോഡ് മലയാളത്തില്‍
തുടക്കം കേശവദേവ് ഒടുക്കം സീതാലക്ഷ്മി
എസ്.ബി.ടി സാഹിത്യ മത്സരം
ഇന്ന് സഞ്ജയന്‍പുരസ്കാര സമര്‍പ്പണം
ഓര്‍മ്മയിലെ ക്രിസ്മസ് കരോള്‍