‘പുതിയ എഴുത്തുകാരില്‍ ഒട്ടും പ്രതീക്ഷയില്ല’

T Padmanabhan
WEBDUNIA|
PRO
PRO
മലയാളത്തിലെ പുതിയ എഴുത്തുകാരില്‍ താന്‍ യാതൊരു വിധ പ്രതീക്ഷയും വച്ച് പുലര്‍ത്തുന്നില്ലെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. കഥയെഴുത്തിന്റെ 60 വര്‍ഷം പിന്നിട്ട പദ്മനാഭന് കുട്ടമത്ത് മലബാര്‍ പി രാമന്‍ നായര്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഒരുക്കിയ 'കഥാപദ്മനാഭം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പത്മനാഭന്‍.

“കഴിഞ്ഞ അറുപത് വര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് എഴുതാനായത് വെറും 160 കഥകളാണ്. എന്നാല്‍ പുതിയ എഴുത്തുകാരെ നോക്കൂ. ആറുവര്‍ഷം കൊണ്ട് 600 കഥകളാണ് ഇവര്‍ പടച്ചുവിടുന്നത്. ഇവരില്‍ എന്ത് പ്രതീക്ഷ വച്ച് പുലര്‍ത്താനാണ്. എനിക്കിവരില്‍ തരിമ്പും പ്രതീക്ഷയില്ല.”

“എപ്പോള്‍ എഴുത്തുനിര്‍ത്തുമെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. അന്ത്യശ്വാസം വരെ സാഗരഗര്‍ജനം നടത്തും. ചത്തു കഴിഞ്ഞാല്‍ ആരും ശ്രദ്ധിക്കില്ല. തകഴി മലയാളത്തിലെ ഏറ്റവും നല്ല എഴുത്തുകാരനായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ എല്ലാ ദിവസവും ഫീച്ചറുകള്‍ വരാറുണ്ട്. മരണശേഷം എന്താണ് അവസ്ഥയെന്ന് ചിന്തിക്കണം. ചിലര്‍ ട്രസ്റ്റ് രൂപവത്കരിക്കും. അതിനും അല്പായുസ്സാണ്. എഴുത്തിന്റെ കാലത്ത് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ നന്ന്. കഥകള്‍ക്ക് പാഠ പുസ്തകങ്ങളില്‍ സ്ഥാനം ലഭിച്ചാല്‍ പഠിക്കാന്‍ താത്പര്യമുള്ള സാഹിത്യ വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഭാഗ്യമെന്നേ പറയാനുള്ളൂ.”

“രാഷ്ട്രീയത്തില്‍ താല്‍‌പര്യമുണ്ടെങ്കിലും രാഷ്ട്രീയക്കാരനാകാന്‍ ഒട്ടും താല്‍‌പര്യമില്ല. ഇന്ത്യന്‍ ഹൈക്കോടതിയിലെ ജഡ്ജിമാര്‍ പോലും സമ്പത്തും മണ്ണും വെട്ടിപ്പിടിക്കാന്‍ ആര്‍ത്തികാണിക്കുന്നത് കാണുന്നില്ലേ? സമസ്ത മേഖലകളിലും അഴിമതിയാണ്.”

വായിച്ച് അര്‍ബുദത്തിന് ശമനം കിട്ടിയതായി മുമ്പ് വായിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ പറയുന്നു. നല്ല കാര്യം! എന്നാല്‍ ഇന്നത്തെ പല എഴുത്തുകാരും സമൂഹത്തില്‍ അര്‍ബുദം പരത്തുകയാണെന്നാണ് എന്റെ അനുഭവവും അഭിപ്രായവും. സാഹിത്യത്തിലെ ഹീനജാതിക്കാരാണ് ഇവര്‍. ഇവരുമായി എനിക്കൊരു ബന്ധവുമില്ല!” - പത്മനാഭന്‍ പറഞ്ഞു.

ടിഎന്‍ പ്രകാശ് മോഡറേറ്റായിരുന്നു. ആര്‍ഐ ഷംസുദ്ദീന്‍ ആമുഖ ഭാഷണം നടത്തി. വാസു ചോറോട്, വത്സല്‍ പിലിക്കോട്, ഡോക്‌ടര്‍ ടി ഗീത, ത്യാഗരാജന്‍ ചാളക്കടവ്, ടി ജയചന്ദ്രന്‍, പിവി വിനോദ് എന്നിവര്‍ സംസാരിച്ചു. എം ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :