പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഒരു രസികനാണെന്ന് എല്ലാവര്‍ക്കുമറിയാം. കുറിക്ക് കൊള്ളുന്ന നര്‍മം ഉപയോഗിക്കാന്‍ സമര്‍ത്ഥനാണ് ഉമ്മന്‍ചാണ്ടി. എന്ത് വിഷമസന്ധിയായാലും നര്‍മ്മം കൊണ്ടും സ്വതസിദ്ധമായ നിര്‍മമത്വം കൊണ്ടും മറികടക്കുന്ന ഉമ്മന്‍ചാണ്ടിയുടെ രസികത്തരങ്ങളെ പറ്റി പി ടി ചാക്കോ രചിച്ച ‘കുഞ്ഞൂഞ്ഞ് കഥകള്‍, അല്‍പ്പം കാര്യങ്ങളും' പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രി ശശിതരൂരില്‍ നിന്ന് നടന്‍ ഇന്നസെന്റാണ് പുസ്തകം ഏറ്റുവാങ്ങിയത്. ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലെ മിഴിവാര്‍ന്ന ചില സന്ദര്‍ഭങ്ങള്‍ വിവരിക്കുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡിസി ബുക്ക്‌സാണ്.
പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് ഇന്നസെന്റ് സദസ്സിനെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രസംഗമാണ് നടത്തിയത്.
“ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍ നര്‍മം കലര്‍ത്തി അവതരിപ്പിക്കുകയാണ് ഈ പുസ്തകം. പക്ഷേ, എന്റെ ജീവിതത്തില്‍ കൂടുതലും അബദ്ധങ്ങളാണ് പറ്റിയിട്ടുള്ളത്. ഇതാ ഒരു സാമ്പിള്‍. നടന്‍ എം എസ് തൃപ്പൂണിത്തുറ ഒരു കോളജ് യൂണിയന്റെ ചടങ്ങിന് പോയി. ഒരു തമാശ പറഞ്ഞു. ആരും ചിരിച്ചില്ല. തമാശ മനസ്സിലാക്കാന്‍ വൈകുന്ന ട്യൂബ് ലൈറ്റുകളാണോ കുഞ്ഞുങ്ങളേ നിങ്ങള്‍ എന്ന് തൃപ്പൂണിത്തുറ ചോദിച്ചു. എന്നിട്ടും ആരും ചിരിച്ചില്ല. അപ്പോള്‍ നിങ്ങള്‍ ട്യൂബ് ലൈറ്റുകളാകാതെ തമാശ പെട്ടെന്ന്, മനസ്സിലാക്കുന്ന 'ബള്‍ബു'കളാകണം എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ കൂട്ടച്ചിരി ഉണ്ടായി. ചിരിക്ക് പിന്നാലെ അദ്ധ്യക്ഷനായിരുന്ന പ്രിന്‍സിപ്പല്‍ ഇറങ്ങിപ്പോകുകയും ചെയ്തു. ആ പ്രിന്‍സിപ്പലിന്റെ ഇരട്ടപ്പേരായിരുന്നു ബള്‍ബ്.”
“ഇരിങ്ങാലക്കുടയ്ക്ക് സമീപം ഒരു കോളജിലെ ചടങ്ങിന് പോയപ്പോള്‍ ഈ കഥ ഞാന്‍ കുട്ടികളോട് പങ്കുവച്ചു. അവിടെയും കൂട്ടച്ചിരി ഉണ്ടായി. പിന്നാലെ അദ്ധ്യക്ഷനായിരുന്ന പ്രിന്‍സിപ്പലിന്റെ ഇറങ്ങിപ്പോക്കും. എം.എസ്. തൃപ്പൂണിത്തുറ പ്രസംഗിച്ച അതേ കോളേജില്‍ നിന്ന് സ്ഥലംമാറി വന്ന പഴയ 'കഥാനായകന്‍' ആയിരുന്നു ഇവിടെയും പ്രിന്‍സിപ്പല്‍. ഞാനിത് അറിഞ്ഞിരുന്നില്ല!” - ഇന്നസെന്റ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള കുഞ്ഞൂഞ്ഞ് കഥകള്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ സ്നേഹം തോന്നുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.
“രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുമ്പ് ഉമ്മന്‍ചാണ്ടിയെ കുറച്ചു തവണമാത്രമേ കണ്ടിട്ടുള്ളു. രാഷ്ട്രീയത്തില്‍ വന്നതിനുശേഷമാണ് അടുത്തു പരിചയമാകുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ലാവോസില്‍ വച്ച് കണ്ടപ്പോള്‍, ഈ തണുപ്പിലും മഞ്ഞിലും മുണ്ടും ഷര്‍ട്ടും മാത്രം ധരിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയോട് തണുപ്പിനെ നേരിടാന്‍ ഇതുമാത്രം മതിയോ എന്ന് ചോദിച്ചപ്പോള്‍ ‘മതി’യെന്നായിരുന്നു മറുപടി പറഞ്ഞത്.”
“ഉമ്മന്‍ചാണ്ടിയുടെ മുടി വെട്ടിക്കൊടുക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. തന്റെ ഭാര്യ മുടിവെട്ടിത്തരാത്തതിനാല്‍ ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയോട് അസൂയയുണ്ട്. ജനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ സമയം ചെലവിടുന്നതിനു വേണ്ടിയാണ് സ്വന്തം കാര്യങ്ങളെ അദ്ദേഹം മറക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പുസ്തകമായപ്പോള്‍ എന്തു തിരക്കുണ്ടെങ്കിലും ഈ ചടങ്ങിനെത്തിയത്” - ശശി തരൂര്‍ പറഞ്ഞു.
പി ടി ചാക്കോയുടെ തന്നെ മറ്റൊരു പുസ്തകമായ ‘ഇരകളുടെ ലോകം’ എന്ന പുസ്കത്തിന്‍റെ പ്രകാശനവും നടന്നു. പ്രഭാത് ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇരകളുടെ ലോകം', ഇന്നസെന്റ് ബി ആര്‍ പി ഭാസ്‌കറിന് നല്കി പ്രകാശനം ചെയ്തു. ഡി സി ബുക്‌സിന്റെ പുസ്തകമേളയോടനുബന്‌ധിച്ച് നടന്ന ചടങ്ങിലാണ് പുസ്തകപ്രകാശനങ്ങള്‍ ഉണ്ടായത്.
ചടങ്ങില്‍ ഡിജിപി ജേക്കബ് പുന്നൂസ്, ബി ആര്‍ പി ഭാസ്കര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാത് ബുക്ക് ഹൗസ് ജനറല്‍ മാനേജര്‍ പി ചന്ദ്രന്‍, രവി ഡി സി, പി ടി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ രാജുനായര്‍, ടി കെ സുജിത്, ശത്രു, സക്കീര്‍ ഹുസൈന്‍, പ്രസന്നന്‍ ആനിക്കാട്, സക്കീര്‍ ഹുസൈന്‍, സുധീര്‍നാഥ് എന്നിവര്‍ പങ്കെടുത്ത കാരിക്കേച്ചര്‍ ഷോയും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.