ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഷാര്‍ജ അന്തര്‍ദേശീയ പുസ്തകമേളയില്‍ കേരളത്തില്‍ നിന്ന് ഡിസി ബുക്ക്‌സ് അടക്കം മൂന്ന് പ്രസാധകര്‍ പങ്കെടുക്കും. ഷാര്‍ജയില്‍ നടക്കുന്ന ഇരുപത്തെട്ടാമത് ലോക പുസ്തകമേളയാണിത്. ഷാര്‍ജ എക്സപോയില്‍ നവംബര്‍ 11-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന മേള നവംബര്‍ 21 വരെ നീളും.
ലോകമെമ്പാടുനിന്നുമുള്ള ഇരുപത് രാജ്യങ്ങളില്‍ നിന്നായി 156 പ്രസാധകര്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന് ഇന്ത്യയില്‍ നിന്ന് മാത്രം 17 പ്രസാധകര്‍ എത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് ഡിസി ബുക്ക്‌സ്, യുവത ബുക്ക്‌സ്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്നീ പുസ്തക പ്രസാധകരാണ് മേളയില്‍ പങ്കെടുക്കുക.
“ഷാര്‍ജാ പുസ്തകമേള വന്‍ വിജയമായി മാറിക്കഴിഞ്ഞതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പ്രസാധകരും വായനക്കാരും ഷാര്‍ജ പുസ്തകമേളയില്‍ എത്തുന്നുണ്ട്. കഴിഞ്ഞ 27 വര്‍ഷക്കാലവും ഞങ്ങളിത് സംഘടിപ്പിച്ചു. പത്ത് ദിവസം നീളുന്ന വെറുമൊരു പുസ്തകമേളയല്ല ഷാര്‍ജയില്‍ നടക്കുന്നത്. വിവിധരാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന സാംസ്കാരികവിനിമയവും കൂടിയാണിത്” - ഷാര്‍ജ സാംസ്കാരികവകുപ്പിന്റെ ഡയറക്‌ടര്‍ ജനറല്‍ അബ്‌ദുള്ള അല്‍ ഓവാസിസ് പറഞ്ഞു.
വിവിധ ഭാഷാ പഠനത്തിന് സഹായിക്കുന്ന കൃതികള്‍ക്ക് ഏറെ ആവശ്യക്കാറുള്ളതിനാല്‍ ഇത്തരം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിന് കൂടുതല്‍ എത്തുന്നത്. ഭാഷാ പഠനത്തിന് സഹായിക്കുന്ന 6944 പുസ്തകങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനുള്ളത്. കുട്ടികള്‍ക്കായി 3916 ഉം ഇസ്ലാമിക വിഷയങ്ങളെ കുറിച്ചുള്ള 2846 പുസ്തകങ്ങളും മേളയിലുണ്ടാകും. ആഫ്രോ ഏഷ്യന്‍ ബുക്ക്‌സ്, ഗുഡ് വേഡ്സ് ബുക്ക്സ്, ജെയ്പീ പബ്ലിക്കേഷന്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് എന്നീ ഇന്ത്യയില്‍ പ്രമുഖ പ്രസാധകര്‍ ഈ മേളയില്‍ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും മികച്ച പ്രസാധകരും ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കും.
രാവിലെ 10 മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 10.30 വരെ മാത്രമായിരിക്കും. തങ്ങളുടെ രണ്ടായിരത്തോളം പുസ്തകങ്ങളുമായി ഇത്തവണയും സജീവമായി രംഗത്തുണ്ടാകുമെന്ന് ഡി.സി. ബുക്ക്സ് അധികൃതര്‍ പറഞ്ഞു. മലയാള കവിയത്രി സുഗതകുമാരിയും ഇത്തവണ ഡി.സി. ബുക്ക്‌സിന്റെ അതിഥിയായി മേളയില്‍ പങ്കെടുക്കും. പ്രദര്‍ശനത്തിന് സമന്തരമായി വിവിധ സാസ്കാരിക പരിപാടികളും അരങ്ങേറും.