ബുക്കര്‍ അവാര്‍ഡ് ജേതാക്കളായ അരവിന്ദ് അഡിഗയും സല്‍മാന്‍ റുഷ്ദിയും 2010 ലേക്കുള്ള ഡബ്ലിന്‍ സാഹിത്യ അവാര്‍ഡ് പട്ടികയില്‍ ഇടം പിടിച്ചു. ഇന്ത്യന്‍ സാഹിത്യകാരനായ അമിതാവ് ഘോഷ്, അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ ചിത്ര ബാനര്‍ജി ദിവാകരുണി, അനുരാധ റോയ്, കാനഡയിലുള്ള ഇന്ത്യന്‍ വംശജ എഴുത്തുകാരനായ ജസ്പ്രീത് സിംഗ് എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഏപ്രില്‍ പതിന്നാലിനാണ് അവാര്‍ഡിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിക്കുക. ജൂണ്‍ പതിനേഴിനാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. 156 പേരാണ് സാധ്യതാപട്ടികയില്‍ ഉള്ളത്. 100,000 യൂറോയാണ് അവാര്‍ഡ് തുക. 43 രാജ്യങ്ങളിലെ 123 നഗരങ്ങളിലായുള്ള 163 ലൈബ്രറികളില്‍ നിന്നുമാണ് അവാര്‍ഡിനായി എന്‍ട്രികള്‍ എത്തിയത്.
സാഹിത്യപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയ അരവിന്ദ് അഡിഗയുടെ ദ വൈറ്റ് ടൈഗറാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 2008 ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി അതേ വര്‍ഷം ബുക്കര്‍ പുരസ്കാരത്തിനും അര്‍ഹമായിരുന്നു. റുഷ്ദിയുടെ 2008 ല്‍ പ്രസിദ്ധീകരിച്ച ‘ദ എന്‍ചാന്‍ട്രീസ് ഓഫ് ഫ്ലോറെന്‍സ്‘, അമിതാവ് ഘോഷിന്‍റെ ‘സീ ഓഫ് പോപ്പീസ്‘ ചിത്രാ ബാനര്‍ജിയുടെ ‘ദ പാലസ് ഓഫ് ഇല്യൂഷന്‍സ്’, ജസ്പ്രീതിന്‍റെ ഷെഫ്, അനുരാധ റോയിയുടെ ‘ആന്‍ അറ്റ്ലസ് ഓഫ് ഇംപോസിബിള്‍ ലോംഗിംഗ്‘ എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
സാഹിത്യരംഗത്തെ ഏറെ വിലമതിക്കുന്ന പുരസ്കാരമാണ് ഡബ്ലിന്‍ സാഹിത്യ പുരസ്കാരം. ഡബ്ലിന്‍ സിറ്റി കൌണ്‍സിലും ഇംപാക് എന്ന കമ്പനിയും സംയുക്തമായിട്ടാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50 ഓളം രാജ്യങ്ങളിലെ ലൈബ്രറികള്‍ ഇതില്‍ ഭാഗഭാക്കാണ്.
ഐറിഷ് എഴുത്തുകാരായ സെബാസ്റ്റിയന്‍ ബാരിയുടെ ‘ദ സീക്രട്ട് സ്ക്രിപ്ച്വര്‍’ ജോസഫ് ഒ നീലിന്‍റെ നെതാര്‍ലാന്‍ഡ് എന്നീ കൃതികളും അവാര്‍ഡിന് പരിഗണിക്കുന്നുണ്ട്.