രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വായനാശീലം വളര്‍ത്താനായി രാജ്യമെമ്പാടും ഏഴായിരത്തോളം പുതിയ വായനശാലകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പ് പദ്ധതിയിടുന്നു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉള്ള അത്യന്താധുനിക വായനശാലകളാണ് കേന്ദ്രസര്‍ക്കാര്‍ ലക്‌ഷ്യമിടുന്നത്. ഈ വായനശാലകളില്‍ അധികവും സ്ഥാപിക്കപ്പെടുക ഗ്രാമീണമേഖലയിലായിരിക്കും.
രാജ്യത്തെ വായനശാലാ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്‌ഷ്യം കൂടി കേന്ദ്ര സാംസ്കാരിക വകുപ്പിനുണ്ട്. നാഷണല്‍ മിഷന്‍ ഓണ്‍ ലൈബ്രറീസ് (എന്‍എംഎല്‍) എന്ന പദ്ധതിക്ക് കീഴിലായിരിക്കും ഈ വായനശാലകള്‍ തുറക്കപ്പെടുക. ഇതിന് വേണ്ട ചെലവുകളെല്ലാം കേന്ദ്ര സാംസ്കാരിക വകുപ്പായിരിക്കും നിര്‍വഹിക്കുക. വായനശാലാ പദ്ധതിയുടെ കരടുരേഖ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ശുപാര്‍ശയ്ക്കായി സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞു.
പ്രധാനമന്ത്രി ഈ പദ്ധതിക്ക് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത വര്‍ഷമാദ്യം ആരംഭിക്കുന്ന ഈ വായനശാലകള്‍ മറ്റുള്ള പ്രധാന കേന്ദ്ര-സംസ്ഥാന വായനശാലകളുമായി നെറ്റ്‌വര്‍ക്ക് വഴി ബന്ധിപ്പിക്കപ്പെടും എന്നറിയുന്നു. ഇവിടെ വരുന്ന വായനക്കാര്‍ക്ക് അച്ചടിച്ച പുസ്തകങ്ങള്‍ മാത്രമല്ല ലഭിക്കുക. അച്ചടിച്ച പുസ്തകങ്ങള്‍ക്കൊപ്പം, വായനശാലയിലെയും ബന്ധിപ്പിക്കപ്പെട്ട മറ്റ് വായനശാലകളിലെയും ഡിജിറ്റലൈസ് ചെയ്ത വിവരശേഖരവും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
അതീവ വേഗതയുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷനാണ് ഈ വായനശാലകളില്‍ ഉണ്ടായിരിക്കുക. പുസ്തകങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അതിനൂതന സൌകര്യങ്ങളും (വീഡിയോ/സിനിമാ/ഓഡിയോ ഫയലുകള്‍) ഈ വായനശാലകളുടെ പ്രത്യേകതകളായിരിക്കും. വിവരസാങ്കേതികവിദ്യയുടെ സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സാധാരണക്കാരില്‍ വിവരവിപ്ലവം എത്തിക്കുന്ന ഈ വായനശാലകള്‍ ഗ്രാമീണമേഖലയ്ക്ക് വന്‍ പുരോഗതി ഉണ്ടാക്കും എന്ന് കണക്കാക്കപ്പെടുന്നു.