‘രാത്രി മാത്രം എഴുതുന്ന കോവിലന്‍’

ബിജുകുമാര്‍ പി

Kovilan
WEBDUNIA|
PRO
PRO
കണ്ടാണശ്ശേരിക്കാരുടെ കഥപറഞ്ഞ്‌ മലയാള സാഹിത്യത്തില്‍ സ്വന്തമായൊരു തട്ടകമുണ്ടാക്കിയ എഴുത്തുകാരാനാണ്‌ കോവിലന്‍. 'എമൈനസ്‌ ബി' യിലൂടെ പട്ടാളക്കാരുടെ ഇതിഹാസം സാഹിത്യത്തില്‍ അവതരിപ്പിച്ചതും കോവിലനാണ്‌. അതിഭാവുകത്വത്തിന്റെ സ്പര്‍ശമേല്‍ക്കാത്ത ആ കഥകളെപ്പോലെയാണ്‌ അദ്ദേഹത്തിന്റെ ജീവിതരീതിയും എഴുത്തിലൂടെ ജീവിതത്തിലും ഗ്രാമത്തിലും ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത ആ വിശുദ്ധിയും നന്മയും കാത്തു സൂക്ഷിക്കുന്ന കോവിലന്‍ സംസാരിക്കുന്നു.

താങ്കള്‍ എഴുത്തുകാരനായതെങ്ങിനെയാണ്‌?

മുമ്പ് ഞാന്‍ എന്തു ചെയ്തോ അതിന്റെ പേരിലാ ഞാനിപ്പോള്‍ ജീവിക്കുന്നത്‌. ഇന്നും വലിയ മാറ്റമില്ല. മനസ്‌ പോയിട്ടുമില്ല. സമ്പത്തിന്റെ കാലം. എനിക്കതില്‍ വലിയ താല്‍പര്യമില്ല. ഞാന്‍ ഇങ്ങനെ എഴുത്തുകാരനായിപ്പോയിപ്പോയല്ലോ എന്നുള്ള ചിന്തയുമില്ല. ഇങ്ങനെയാകാനാണ്‌ ഞാന്‍ കഷ്ടപ്പെട്ടത്‌. എനിക്കെഴുതാന്‍ കഴിയുമോ. എഴുത്തുകാരനായില്ലെങ്കില്‍ എന്തിനു ജീവിക്കണം. എന്നൊക്കെ ചിന്തിച്ചുപോയ ഒരു കാലമുണ്ട്‌. ജീവിത വരുമാനത്തിനായി പട്ടാളയൂണിഫോമിടേണ്ടി വന്നപ്പോഴാണത്‌. എങ്കിലും സിജെ തോമസും മറ്റും സഹായിച്ച്‌ ഞാനൊരു എഴുത്തകാരനായി ഒപ്പം പട്ടാളക്കാരനായിരുന്നു.

ഇപ്പോള്‍ അധികം എഴുതിക്കാണാറില്ലല്ലോ?

എനിക്കുതോന്നുമ്പോള്‍ എഴുതും. അസുഖം വന്നശേഷം എഴുത്തു തീരെ കുറഞ്ഞു. സെര്‍വിക്കല്‍ സ്പോണ്ടിലോസിസ്‌. കഴുത്ത്‌ കുനിക്കാന്‍ കഴിയില്ല. പട്ടയിടുന്നുണ്ട്‌. തട്ടകം എഴുതുന്നസമയത്താണ്‌ അസുഖം വന്നത്‌. ദിവസം അഞ്ചു തവണ അസുഖം വന്നപ്പോ എഴുത്തുനിറുത്തി. ഇപ്പോള്‍ എന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ പറഞ്ഞുകൊടുത്ത് ആണെഴുതുന്നത്‌. വിധിക്കു കീഴടങ്ങുക എന്നത്‌ എനിക്ക്‌ ആലോചിക്കാനേ കഴിയില്ല. പക്ഷേ ഞാന്‍ ഇതിനു കീഴടങ്ങി.

കേന്ദ്ര അക്കാദമി അവാര്‍ഡു ലഭിച്ച തട്ടകത്തെക്കുറിച്ച്‌ വിശദീകരിക്കാമോ?

നേവിയിലും പട്ടാളത്തിലും വഴി തിരഞ്ഞതുകൊണ്ടായിരിക്കും കണ്ടാണിശ്ശേരിയുടെ കഥകള്‍ ഞാന്‍ കുറച്ചേ എഴുതിയുട്ടുള്ളൂ. നാല്‍പതുവര്‍ഷം മുമ്പേ എന്റെ ഉള്ളി ല്‍ ഈ കഥ ഉണ്ടായിരുന്നിരിക്കണം. അടുപ്പമുള്ളവരെക്കുറിച്ച്‌ ഞാനെഴുതിയിട്ടില്ല. അങ്ങനെ അവസാനം എഴുതാന്‍ വേണ്ടി മാറ്റിവച്ചിരുന്നതാണ് ഈ കഥ. ഒടുവില്‍ എഴുതിത്തുടങ്ങിയപ്പോ അസുഖവും വന്നു. വളരെ വിപുലവും ശിഥിലവും ഒരു ക്യാന്‍വാസിലെഴുതിയതാണ്‌ തട്ടകം. പഴയകഥകളും ഐതിഹ്യങ്ങളും ഇതില്‍ ധാരാളമുണ്ട്‌. എന്റെ നാടിന്റെ കഥയാണിത്‌.

എഴുത്തുകാരനെന്നാല്‍ എന്താണ്‌?

ഒരു എഴുത്തുകാരനെന്നാല്‍ പ്രധാനസംഗതി മനുഷ്യനെ പഠിക്കുക എന്നതാണ്‌ . ഞാന്‍ പഠിച്ചിട്ടുണ്ടെന്നല്ല. ശ്രമിക്കുന്നുവെന്നുമാത്രം. എത്രത്തോളം വിജയിച്ചു എന്നറിയില്ല.

ഇന്ത്യയെക്കുറിച്ചൊക്കെ ധാരാളമെഴുതിയിട്ടുണ്ടല്ലോ?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മളൊന്നും ഹൈന്ദവല്‍ക്കരണത്തില്‍ എത്തില്ല. ഞാനല്‍പം സംസ്കൃതം പഠിച്ചിട്ടുണ്ട്‌. വാക്ക്‌ ഒരു പദം. അത്‌ ഒരു ധാതുവില്‍ നിന്നുണ്ടാകുന്നു. അതൊരുപക്ഷേ ആറ്റമോ, മോളിക്യൂളോ, ന്യൂക്ലിയസോ ആകാം. വാക്ക്‌ എന്നു പറഞ്ഞാല്‍ അതിനൊരു ധാതു ഉണ്ടായിരിക്കണം. ഹിന്ദുവെന്ന വാക്ക്‌ ഞാന്‍ പഠിച്ച സംസ്കൃതഭാഷയിലില്ല. ഹിന്ദുവെന്നു പറഞ്ഞാല്‍ ഹൈന്ദവം എന്നു പറയാം. ഹൈന്ദവ വല്‍ക്കരണം എന്നും പറയാം.

അത്‌ ഭാഷയുടെ കഴിവാണ്‌. അല്ലാതൊന്നുമില്ല. ഹിന്ദുവെന്ന വാക്ക്‌ ഏതു ധാതുവില്‍നിന്നുണ്ടായതാണ്‌. വിദേശികള്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അവരുടെ ഭാഷയില്‍ ഉച്ചാരണമില്ലാത്തതിനാല്‍ സിന്ധ്‌ നദിയെ ഹിന്ദുവാക്കിയതാണ്‌. ഒടുവില്‍ അവര്‍ എളുപ്പത്തിനുണ്ടാക്കിയ വാക്ക്‌ നമ്മള്‍ ഏറ്റെടുക്കുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ടും. നാം ഇന്നും അടിമകള്‍ തന്നെ. ജീവിതത്തെക്കുറിച്ച്‌, പ്രപഞ്ചത്തെക്കുറിച്ച്‌ ഒക്കെ ധാരാളം ഗഹനമായ ചിന്തകള്‍ ഉണ്ടായനാടാണിങ്ങനെ.

അടുത്ത പേജില്‍ വായിക്കുക ‘ഭാരതീയദൈവം വളരെ ഫ്രീലാന്‍സാണ്’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :