പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍ > കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥ
കുഞ്ഞുണ്ണിമാഷ്
'ഇങ്ങനെയാണ്‌ ഞാന്‍ കുട്ടികളുടെ കവി ആയത്‌'

കുഞ്ഞുണ്ണിമാഷ്
PROPRO
ഞാനാദ്യമിറക്കിയത്‌ ഒരു കുട്ടിക്കവിതാ പുസ്തകമാണ്‌. തൊളളായിരത്തി അമ്പതിലോ അമ്പത്തിരണ്ടിലോ എന്നോര്‍മ്മയില്ല ആ പുസ്തകത്തിന്റെ ഒരു കോപ്പി പോലും ഇപ്പോള്‍ കൈയ്യിലില്ലാത്തതിനാല്‍ നോക്കി സംശയം തീര്‍ക്കാന്‍ വയ്യ. ഒരു കുട്ടിക്കവിതാ പുസ്തകമാണത്‌. അതിലെ കുട്ടിക്കവിതകള്‍ മുഴുവന്‍ രാമനാട്ടുകരയില്‍ വച്ചെഴുതിയതാണ്‌. അന്ന്‌ ഞാന്‍ രാമനാട്ടു കര ഹൈസ്ക്കുളില്‍ മിഡില്‍ ക്ലാസ്‌ അധ്യാപകനായിരുന്നു.

സെക്കണ്ടറി ട്രെയിന്‍ഡ്‌ അധ്യാപകന്‍. താമസിച്ചിരുന്നത്‌ പുത്തന്‍ വീട്ടില്‍ മാനുക്കുട്ടമേനോന്റെ വീട്ടില്‍. അവിടെ വച്ച്‌ അദ്ദേഹത്തിന്റെ രണ്ടുകുട്ടികളെ പഠിപ്പിച്ചിരുന്നു. രണ്ടു ചെറിയ കുട്ടികള്‍. അവരിലൊരാള്‍ സ്ക്കൂളില്‍ പോയി തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ എനിക്ക്‌ കൊച്ചു കൊച്ചു കവിതകളുണ്ടാകും.

അതവര്‍ക്ക്‌ ചൊല്ലിക്കൊടുക്കും. അവരെക്കൊണ്ട്‌ ചൊല്ലിക്കും. അവയില്‍ പലതും അവര്‍ നിഷ്‌പ്രയാസം ചൊല്ലിയിരുന്നു. അങ്ങനെ ഒരു പത്തിരുപത്‌ കവിത ആയപ്പോള്‍ എനിക്ക്‌ അവയെല്ലാം ചേര്‍ത്ത്‌ ഒരു കൊച്ചു പുസ്തകമായി അച്ചടിക്കണമെന്ന്‌ തോന്നി. പുസ്തകമാക്കണമെങ്കില്‍ ഒര്‌ പേര്‌ വേണ്ടേ. 'കുട്ടികള്‍ പാടുന്നു' എന്ന്‌ കൊടുക്കാനാണ്‌ തോന്നിയത്‌. അങ്ങനെ തോന്നാനൊരു കാരണമുണ്ട്‌.

അക്കാലത്ത്‌ ബാലാമണിയമ്മ 'അവര്‍ പാടുന്നു' എന്നൊരു കവിതാ സമാഹരമിറക്കിയിട്ടുണ്ട്‌ . അന്ന്‌ ഞാന്‍ ആ പുസ്തകം നേരില്‍ കണ്ടിരുന്നോ എന്നോര്‍മ്മയില്ല ( പിന്നീടൊരിക്കല്‍ കാണുക മാത്രമല്ല വായിക്കുക തന്നെ ചെയ്‌തിട്ടുണ്ട്‌ നിശ്ചയം). ഏതായാലും അവര്‍ പാടുന്നു എന്ന പേരില്‍ നിന്നാണ്‌ എനിക്കെന്റെ പുസ്തകത്തിന്‌ 'കുട്ടികള്‍ പാടുന്നു' എന്ന്‌ കൊടുക്കാന്‍ തോന്നിയത്‌. അങ്ങനെ കൊടുക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ ഞാന്‍ ഇറക്കിയ പുസ്തകങ്ങളില്‍ മിക്കതിന്റെയും പേര്‌ രണ്ട്‌ വാക്കിലുളളതാണ്‌. ഉണ്ടനും ഉരുളിയും, ഉലക്കയും ഇരട്ട മരണവും ,നല്ല കഥകള്‍, അമൃത കഥകള്‍, കഥാ സൂക്തങ്ങള്‍, നാടും വീടും, ഊണ്‌ തൊട്ട്‌ ഉറക്കം വരെ, ചെറിയ കുട്ടിക്കവിതകള്‍, വലിയ കുട്ടിക്കവിതകള്‍ , നോണ്‍സെന്‍സ്‌ കവിതകള്‍, കുഞ്ഞുണ്ണിയുടെ കവിതകള്‍.

എന്റെ പേരും, ചെറുതെങ്കിലും, മൂന്നക്ഷരം മാത്രമുളളതാണെങ്കിലും കുഞ്ഞ്‌, ഉണ്ണി, എന്നീ രണ്ടുവാക്കുകള്‍ ചേര്‍ന്നുണ്ടായതാണല്ലോ. ജീവിതത്തില്‍ പക്ഷേ, ഞാനൊറ്റയാണുതാനും. (മേല്‍പ്പറഞ്ഞ, 'കുട്ടികള്‍ പാടുന്നു' എന്ന എന്റെ ഈ കുട്ടിക്കവിതാ പുസ്തകം ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അതൊന്നെനിക്ക്‌ അയച്ചു തന്നാല്‍ അതിലെ കവിതകള്‍ മുഴുവന്‍ പകര്‍ത്തിയെടുത്ത്‌ പുസ്തകം നന്ദിപൂര്‍വ്വം മടക്കി അയച്ചുതരാം.)

അന്ന്‌ കിട്ടിയിരുന്ന ന്യൂസ്‌ പ്രിന്റ്‌ കടലാസിലാണ്‌ പുസ്തകം അച്ചടിച്ചത്‌ . ചട്ട അന്ന്‌ സ്ക്കൂള്‍ കുട്ടികള്‍ക്കുളള 40 പേജ്‌ നോട്ട്ബുക്കിന്റെ ചട്ടക്കുപയോഗിക്കുന്നതിനെക്കാള്‍ കട്ടികുറഞ്ഞ റോസ്‌ നിറത്തിലുളള കടലാസും. (എക്സര്‍സൈസ്‌ പുസ്തകം ഞങ്ങള്‍ കുട്ടികള്‍ എക്സൈസ്‌ പുസ്തകം എന്നാണ്‌ പറയാറ്‌). പുസ്കത്തിന്റെ വലിപ്പം ക്രൗണോ ഡമ്മിയോ ആയിരുന്നില്ല ഒരു പേരും ഇടാന്‍ വയ്യാത്ത ഒരു പ്രത്യേക വലിപ്പം. നീളത്തിലും വീതിയിലും ഏടുകളുടെ എണ്ണത്തിലും നാല്‍പ്പത്‌പേജ്‌ പുസ്കകത്തേക്കാള്‍ ചെറുത്‌.

കുട്ടികളുടെ മനഃപാഠപുസ്തകത്തെക്കാള്‍ വലുത്‌. എന്തുകൊണ്ടിങ്ങനെ ഒരു കണക്കിലും പെടാത്ത പുസ്തകമാക്കി എന്ന്‌ ചോദിച്ചാല്‍ അന്ന്‌ വാങ്ങാന്‍ കിട്ടിയിരുന്ന പ്രിന്‍്ദിംഗ്‌ പേപ്പറിന്റെ ഒരു പായ മടക്കിയപ്പോള്‍ ഉണ്ടായ വലിപ്പമതായിരുന്നു എന്നത്‌ തന്നെ

പ്രസിലെ ഫോര്‍മാന്‍ രാമന്‍ നായര്‍ പുസ്തകത്തിന്റെ വലിപ്പം ഇങ്ങനെയാക്കുകയാണ്‌ ചെലവ്‌ കുറയാന്‍ നല്ലത്‌ എന്ന്‌ നിര്‍ദ്ദേശിച്ചു. പുസ്തകം ഇങ്ങനെയാണ്‌ അടിച്ചത്‌ എന്നതിനാല്‍ വെറും രണ്ടണക്ക്‌ (ഇന്നത്തെ പന്ത്രണ്ട്‌ പൈസ) പുസ്തകം വില്‍ക്കാന്‍ കഴിഞ്ഞു. പുസ്കകത്തിന്റെ ആയിരം കോപ്പി അച്ചടിച്ചു. എത്ര വലിയ സാഹിത്യകാരന്മാരുടെ പുസ്തകവും ആയിരം കോപ്പിയെ അടിക്കുക പതിവൂളളൂ. രണ്ടോമൂന്നോ കൊല്ലം കൊണ്ടേ ചെലവാകാറുമുളളൂ. എന്റെ പുസ്തകത്തിന്റെ തൊളളായിരത്തി എണ്‍പത്‌ കോപ്പിയും ഏകദേശം ഒന്നോ രണ്ടോ ആഴ്ചകൊണ്ട്‌ വിറ്റ്‌ കാശ്‌ കിട്ടി.

അടുത്ത താളില്‍ വായിക്കുക 'ആ കവിത കുട്ടികള്‍ പാടിയപ്പോള്‍'
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ആ കനല്‍ ഇപ്പോഴും തിളങ്ങുന്നു.....
ഓര്‍മ്മകളില്‍ ലളിതാംബിക അന്തര്‍ജ്ജനം
എം ഗോവിന്ദന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധനല്ല: പത്മനാഭന്‍
മാങ്ങാടിനുള്ളത് ഗ്രാമ്യവിശുദ്ധി: എച്ചിക്കാനം
ഡാര്‍വിന്‍ പറഞ്ഞത് കള്ളം? ‌‌
ഡാര്‍വിന്‍ പറഞ്ഞത് കള്ളം? ‌‌