ഇക്കുറി തമിഴ് സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ നീലാ പത്മനാഭന്‍ ‘മലയാളിയായ’ എഴുത്തുകാരനാണ്. അദ്ദേഹം എത്രയോ വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ജീവിക്കുന്നു. സംസ്ഥാന ഇലക്‍ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചുപോന്നു. 1993 ലാണ് ജോലിയില്‍ നിന്ന് വിരമിച്ചത്.
1938 ല്‍ ജനിച്ച പത്മനാഭന് അടുത്ത വര്‍ഷം സപ്തതിയാണ്. തമിഴിലെ ഏറ്റവും ശ്രദ്ധേയനായ നോവല്‍ എഴുത്തുകാരനായ നീല പത്മനാഭന് മുമ്പ് അയ്യപ്പ പണിക്കരുടെ കൃതികള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തതിന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചിരുന്നു.
അസാധാരണമായ പ്രചോദനങ്ങള്‍ കൊണ്ടും അതിശയകരമായ രചനാ സൂത്രങ്ങള്‍ കൊണ്ടും നീലാ പത്മനാഭന്‍റെ നോവലുകള്‍ വേറിട്ടുനില്‍ക്കുന്നു. നാലു പതിറ്റാണ്ടിലേറെയായി അദ്ദേഹം നടത്തുന്ന സാഹിത്യ സപര്യ ഒട്ടേറെ വായനക്കാരെയും ആരാധകരെയും സാഹിത്യ സുഹൃത്തുക്കളേയും അദ്ദേഹത്തിനു നേടിക്കൊടുത്തിട്ടുണ്ട്.
കേരളത്തില്‍ താമസിച്ച് എഴുതുന്ന ഈ എഴുത്തുകാരനെ കുറിച്ച് വളരെ കുറച്ച് മാത്രമേ തമിഴ്വായനക്കാര്‍ അറിഞ്ഞിരുന്നുള്ളു. ഒരിക്കല്‍ തിരിച്ചറിഞ്ഞപ്പോഴാവട്ടെ അദ്ദേഹത്തെ തമിഴര്‍ നെഞ്ചോട് ചേര്‍ത്ത് ലാളിച്ചു. അദ്ദേഹത്തെ കുറിച്ച് സെമിനാറുകളും ചര്‍ച്ചകളും പഠന ഗ്രൂപ്പുകളും ഉണ്ടായി. സര്‍വകലാശാല പുസ്തകങ്ങള്‍ പാഠ്യവിഷയങ്ങളാക്കി.
തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും സാന്നിധ്യം ഉറപ്പിച്ച നീലാ പത്മനാഭന്‍ ഒരു പുസ്തകം ഹിന്ദിയിലും എഴുതിയിട്ടുണ്ട്. നീലാ പത്മനാഭന്‍ പടൈപ്പുളകം എന്ന പേരില്‍ അദ്ദേഹത്തിന്‍റെ സാഹിത്യ പ്രപഞ്ചത്തെ 1128 പേജുള്ള ഒരു വാല്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തലൈമുറകള്‍, പള്ളികൊണ്ടപുരം എന്നിവയാണ് പത്മനാഭന്‍റെ ഏറ്റവും പ്രസിദ്ധമായ നോവലുകള്‍. തലൈമുറകള്‍ ഹിന്ദു തറവാട്ടിലെ മൂന്നു തലമുറകളുടെ കഥയാണ് പറയുന്നത്. താന്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ അടിസ്ഥാനമാക്കി അവിടെ അനന്തപത്മനാഭന്‍ പള്ളി കൊള്ളുന്നു എന്ന അര്‍ത്ഥത്തിലാണ് പള്ളികൊണ്ടപുരം എന്ന ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന നോവല്‍ അദ്ദേഹം എഴുതിയത്.
പ്രമുഖ തമിഴ്നിരൂപകനായ കാന സുബ്രഹ്മണ്യമാണ് തലൈമുറകള്‍ ദി ജനറേഷന്‍സ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. തിരുവനന്തപുരത്തെ പല മലയാള സാഹിത്യകാരന്മാരും നോവലില്‍ പശ്ചാത്തലമാക്കിയിട്ടുണ്ടെങ്കിലും നീല പത്മനാഭന്‍ ചെയ്തതുപോലെ ഹൃദ്യമായി മറ്റാരും അവതരിപ്പിച്ചിട്ടില്ലെന്ന് എന്‍.വി.കൃഷ്ണവാര്യര്‍ വിലയിരുത്തിയിട്ടുണ്ട്.
തമിഴ് കവികളേയും കവിതകളേയും കുറിച്ചുള്ള പത്മനാഭന്‍റെ പുസ്തകം വളരെ ശ്രദ്ധേയമായിരുന്നു. പത്രപ്രവര്‍ത്തകനും മുതിര്‍ന്ന എഴുത്തുകാരനുമായ അര്‍.കെ.മൂര്‍ത്തിയുമായും കഴിഞ്ഞ വര്‍ഷം അന്തരിച്ച തമിഴ് എഴുത്തുകാരന്‍ നകുലനുമായും പത്മനാഭന്‍ നടത്തിയ അഭിമുഖം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
|