ഇപ്പോഴത്തെ ആഴ്‌ചപ്പതിപ്പുകളില്‍ അഭിമുഖങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് എഴുത്തുകാരനായ പുനത്തില്‍ കുഞ്ഞബ്‌ദുള്ള കുണ്ഠിതപ്പെട്ടിരിക്കുന്നു. മറ്റുള്ള മനുഷ്യരെ അറിയുന്നതില്‍ എന്നും മനുഷ്യര്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് പ്രശസ്തരുടെ.
ഈ താല്‍പര്യം കാരണം വായനക്കാര്‍ അഭിമുഖങ്ങള്‍ ആര്‍ത്തിയോടെ എന്നും വായിച്ചുവരുന്നു. കുഞ്ഞബ്‌ദുള്ളയുടെ അഭിമുഖങ്ങളും ആര്‍ത്തിയോടെയാണ് വായനക്കാര്‍ വായിച്ചിട്ടുള്ളത്.
മനുഷ്യരെ അറിയുവാന്‍ സമൂഹത്തിന് മനസ്സുള്ള കാലത്തോളം സാഹിത്യം നിലനില്‍ക്കും. അണുകുടുംബത്തിന്‍റെ ഈ കാലഘട്ടത്തില്‍ മനുഷ്യര്‍ക്ക് മനുഷ്യരെ അറിയുന്നതിന് പ്രത്യേകിച്ച് താല്‍പ്പര്യമൊന്നുമില്ല.
അതുകൊണ്ട് തന്നെ സാഹിത്യകൃതികള്‍ വായിക്കുന്നവരുടെ എണ്ണവും കുറഞ്ഞു വരികയാണ്. ഈയൊരു അവസ്ഥ നിലനില്‍ക്കുമ്പോഴാണ് കുഞ്ഞബ്‌ദുള്ള ഇങ്ങനെയൊരു പ്രസ്താവന തട്ടിവിട്ടിരിക്കുന്നത്. കേരളത്തിലെ ആഴ്‌ചപ്പതിപ്പുകള്‍ അവര്‍ക്ക് പറ്റാവുന്ന വിധത്തില്‍ വായനകാര്‍ക്ക് നല്‍കുന്നുണ്ട്.
കവിതയും ചെറുകഥയും നോവലും ഇന്നത്തെ ആഴ്‌ചപ്പതിപ്പുകളില്‍ ആവോളമുണ്ട്. ഇന്‍റര്‍നെറ്റിന്‍റെയും ടെലിവിഷന്‍റെയും അക്രമണത്തെ ചെറുത്തുകൊണ്ടാണ് ആഴ്‌ചപ്പതിപ്പുകള്‍ നിലനില്‍ക്കുന്നത്. സമഗ്രത നല്‍കുവാന്‍ ഇപ്പോഴും നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍ക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും ക്യാപ്‌സൂള്‍ പരുവത്തിലാണ് അവ പലതും നല്‍കുന്നത്.
ഈ സമഗ്രത ഇപ്പോഴും കാത്തു സൂക്ഷിക്കുന്നത് പത്രങ്ങളും ആഴ്‌ചപ്പതിപ്പുകളുമാണ്. ടെലിവിഷന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും സ്വാധീനം നിമിത്തം ഒരു ഗുണം വായനകാര്‍ക്കുണ്ടായി. ആഴ്‌ചപ്പതിപ്പുകളുടെ ഭാഷ ദിനം പ്രതി ലളിതവല്‍കരിച്ചുക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരെ കൂടുതല്‍ ലക്‍ഷ്യം വെച്ചുകൊണ്ടുള്ള എഡിറ്റിങ്ങാണ് ഇപ്പോള്‍ ആഴ്‌ചപ്പതിപ്പുകളുടെ ഡസ്കില്‍ നടന്നുക്കൊണ്ടിരിക്കുയാണ്.
പാര്‍ശ്വവല്‍കരിക്കപ്പെട്ട വിഭാഗങ്ങളുടെ അഭിമുഖങ്ങള്‍ ഇപ്പോള്‍ ആഴ്‌ചപ്പതിപ്പുകള്‍ കൂടുതല്‍ പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. കണ്ടല്‍ പൊക്കുടന്‍, നളിനി ജമീല തുടങ്ങിയ വ്യക്തികളെ ഇപ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അറിയാം.
യാതൊരു സംശയവുമില്ലാതെ പറയാം, ആഴ്ച പതിപ്പുകളിലൂടെ പ്രസിദ്ധീകരിച്ച അഭിമുഖങ്ങള്‍ ഇവരെ അടുത്തറിയുന്നത് വായനക്കാരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന്.
ഇങ്ങനെയൊരു സ്ഥിതിവിശേഷം നിലനില്‍ക്കുമ്പോഴാണ് കുഞ്ഞബ്‌ദുള്ള ഉപരിപ്ലവമായ ഒരു അഭിപ്രായം തട്ടിവിട്ടിരിക്കുന്നത്. മറ്റാരു പറഞ്ഞാലും ഒരു സാഹിത്യക്കാരന്‍ പറയാന്‍ പാടില്ലാത്ത അഭിപ്രായമാണ് അദ്ദേഹം തട്ടിവിട്ടിരിക്കുന്നത്. മനുഷ്യരെ അറിയുന്നതിലുള്ള താല്‍പ്പര്യം സമൂഹത്തിന് ഇല്ലാതായാല്‍ അന്ന് നമ്മള്‍ക്ക് സാഹിത്യത്തെ മറവ് ചെയ്യാം.
|