സാഹിത്യകാരന്മാരുടെ ഔദ്ധത്യത്തിന്‍റെ ലോകത്തിലേക്ക് കൊടിപ്പടം ഉയര്‍ത്തി വരുന്ന എഴുത്തുകാരനല്ല സേതു. അദ്ദേഹത്തിന്‍റെ സാഹിത്യ പ്രവര്‍ത്തനം ഒട്ടൊക്കെ നിശ്ശബ്ദമാണ്.
രചനയുടെ ലോകത്തേ അദ്ദേഹം വാചാലനാവുന്നുള്ളു. ആ വാചാലതയാവട്ടെ യാഥാര്‍ഥ്യമെന്ന് തോന്നിക്കുന്ന അയാഥാര്‍ഥ്യമായ ആവിഷ്കാരത്തിലൂടെ സാധ്യമാവുന്ന വാചാലതയാണ്.
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷമാണ് സേതു അല്‍പ്പമെങ്കിലും പൊതുജീവിതത്തിന്‍റെ സരണികളിലേക്ക് ഇറങ്ങിവന്നത്.
ഈയിടെ അദ്ദേഹത്തിന് വയലാര്‍ അവാര്‍ഡ് മുട്ടത്തുവര്‍ക്കി അവാര്‍ഡ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്‍റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരംഎന്നിവ ലഭിച്ചു.
സാഹിത്യ രംഗത്ത് അദ്ദേഹം നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പ്രവാസ കൈരളി സാഹിത്യ പുരസ്കാരംപുരസ്കാരം നല്‍കുന്നത്. 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കണ്‍വീനര്‍ എബ്രഹാം മാത്യു ഡിസംബര്‍ ഒന്നിന് മസ്ക്കറ്റിലെ ഐ.എസ്.സി.എം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സേതു ഏറ്റുവാങ്ങി
പാണ്ഡവപുരം എന്ന നോവലാണ് മുട്ടത്തുവര്‍ക്കി പുരസ്കാരത്തിന് അര്‍ഹമായത്. 33.333 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. തന്‍റെ രചനാജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് പാണ്ഡവപുരം എന്ന നോവലെന്ന് അവാര്‍ഡിനോട് പ്രതികരിച്ച് സേതു പറഞ്ഞിരുന്നു. 1976 ജനുവരി ഒന്നു മുതല്‍ 2000 ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച നോവലുകളാണ് മുട്ടത്തുവര്‍ക്കി പുരസ്കാരത്തിന് പരിഗണിച്ചത്
സ്ത്രീ കേന്ദ്രീകൃതമായ കല്‍പ്പിത കഥയാണ് സേതുവിന്‍റെ പാണ്ഡവപുരം. സേതുവിന്‍റെ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട കൃതിയും അതുതന്നെ. തൃഷ്ണകൊണ്ടേ ഭ്രമികുന്നതൊക്കെയും എന്ന പൂന്താനത്തിന്‍റെ വരികളില്‍ നിന്നാണ് പാണ്ഡവപുരത്തിന്‍റെ ഊര്‍ജ്ജം. ഇതിലെ ഭ്രമാത്മകതയും സ്നേഹവ്യഗ്രതയും കെട്ടുപിണഞ്ഞു കിടക്കുന്ന ആവിഷ്കാര ശില്‍പ്പം അതിനെയൊരു ഫാന്‍റസിയാക്കി മാറ്റി.
ഒരു പ്രത്യേക നിമിഷത്തില്‍ ഒരു സാധാരണ മനുഷ്യന്‍ വിചിത്രമായി പെരുമാറുന്നതു കണ്ടാല്‍ അതില്‍ ചുരുങ്ങിയത് അഞ്ചാറു സാന്നിധ്യമെങ്കിലും എനിക്ക് കണ്ടെത്താന്‍ എനിക്ക് കഴിയും. ശാസ്ത്രത്തിന്‍റെ തിയറികളുടെ പിന്‍ബലമില്ലാതെ അവയെക്കുറിച്ച് മിനക്കെട്ടു ചിന്തിക്കാനും തുറന്നു കിട്ടുന്ന സാധ്യതകളില്‍ വലിയൊരു അളവു വരെ വിശ്വസിക്കാനും തയ്യാറാണ് എന്ന സേതുവിന്‍റെ നിലപാട് അദ്ദേഹത്തിന്‍റെ രചനയുടെ നിഗൂഢ വഴികളിലേക്കാണ് നമ്മെ നയിക്കുന്നത്.
|