കേരളമെന്ന ചെറുഭൂമികയില്‍ ഒതുങ്ങുന്നവയല്ല ശ്രീരാമന്‍റെ കഥകളുടെ മൂല്യം.അനിശ്ചിതാവസ്ഥയും വിഷാദത്തിന്‍റെ കാര്‍മേഘവും മൂടി നില്‍ക്കുന്ന മനുഷ്യാവസ്ഥയിലൂടെയുള്ള സഞ്ചാരമായിരുന്നു അദ്ദേഹത്തിന്‍റെ കഥകള്‍. അരാജകവാദപരമായ അവസ്ഥകള്‍ ചൂണ്ടിക്കാണിച്ച് പച്ച മനുഷ്യന്‍റെ നെടുവീര്‍പ്പുകളും നിസഹായതയും അദ്ദേഹം വായനകാര്‍ക്ക് പകര്‍ന്നു നല്‍കി.
ശ്രീരാമന്‍റെ കഥകള്‍ ആസ്വദിക്കുന്നതിന് ഒരു മദ്ധ്യവര്‍ത്തിയുടെ സഹായം ആവശ്യമില്ല. ജീവിതം യാതൊരു മൂടുപടമില്ലാതെയാണ് മനുഷ്യനെ സമീപിക്കുന്നത്. ശ്രീരാമന്‍റെ കഥകള്‍ മറയില്ലാതെയാണ് ആസ്വാദകനിലേക്ക് ഇറങ്ങി ചെന്നിരുന്നത്. വായന കഴിഞ്ഞാല്‍ മനസ്സില്‍ ഒരു ശൂന്യത. ഒരു സൂചി ഹൃദയത്തിലേക്ക് മെല്ലെ ഇറക്കുന്നതു പോലെ.
പകിട്ടുകള്‍ ഒരു പക്ഷെ ശ്രീരാമന്‍റെ കഥകളില്‍ കാണുവാന്‍ കഴിയില്ല.ജീവിതം ഒരു അസംബന്ധമാണ് അതേ സമയം അവസാന നിമിഷം വരെ പോരാടണമെന്ന് പറഞ്ഞത് കാമുവാണ്. ശ്രീരാമന്‍റെ കഥകളില്‍ ജീവിതത്തെ പലപ്പോഴും അസംബന്ധമാക്കി മാറ്റുന്നത് ഭരണകൂടങ്ങളാണ്.
‘രണ്ടാം ലോക മഹായുദ്ധത്തില്‍ കൊളംബോ പട്ടണം ചിന്നിച്ചിതറുന്നതു നേരില്‍ കണ്ടിരുന്നു’ ഒരു കൃതിയുടെ മുഖവുരയില്‍ ശ്രീരാമന്‍ എഴുതുന്നു.ഇത്തരം തീക്ഷ്‌ണ യാഥാര്‍ത്ഥ്യങ്ങളായിരിക്കും ശ്രീരാമനെ മനുഷ്യ ജീവിതത്തെ സഹാനുഭൂതിയോടെ സമീപിക്കുന്നതിന് പ്രേരിപ്പിച്ചത്.
മാറിയ കാര്‍ഷിക വ്യവസ്ഥയില്‍ നിന്ന് നിഷ്‌കാസിതനായ പച്ച മനുഷ്യനായ പൊന്തന്‍മാടയുടെ ജീവിതമായിരുന്നു ശ്രീരാമന്‍ പൊന്തന്‍മാടയെന്ന കഥയില്‍ പറഞ്ഞിരുന്നത്.വേഗതയില്‍ പ്രലോഭനങ്ങളില്‍ തളര്‍ന്നു പോകുന്ന മറ്റൊരു ശ്രീരാമന്‍ കഥാപാത്രമായിരുന്നു പൊന്തന്‍മാട. കാലം ഒരിക്കലും അധികാരത്തിന്‍റെ ഇരകളുടെ അവസ്ഥക്ക് മാറ്റം വരുത്തുന്നില്ലെന്ന് ശ്രീരാമന്‍ ഈ കഥയില്‍ വ്യക്തമാക്കുന്നു.
മരണം പിതാവിനെ കൊണ്ടു പോയി. കാമുകന്‍ അമ്മയെ കൊണ്ടു പോകുവാന്‍ നോക്കുമ്പോള്‍ ഇരിക്കപ്പിണ്ഡത്തിലെ ബാലന്‍ പിതാവിന്‍റെ ഇരിക്കപ്പിണ്ഡമെടുത്ത് അമ്മയുടെ കാമുകനെ എറിയുന്നു. വികാരത്തിനു മുന്നില്‍ മനുഷ്യന്‍റെ ബന്ധങ്ങളുടെ ശക്തി ചോര്‍ന്നു പോകുന്നതിന് ഉത്തമ ഉദാഹരണമാണ് ശ്രീരാമന്‍റെ ഇരിക്കപ്പിണ്ഡം
എം.ടിയെ പോലെ ദൃശ്യപരമായ ഒരു പാട് സാദ്ധ്യതകള്‍ ഉള്ള കൃതികളായിരുന്നു ശ്രീരാമന്‍റേതും. അതു കൊണ്ടാണ് വാസ്തുഹാരയും ചിദംബരവും പൊന്തന്‍മാടയുമെല്ലാം സിനിമകളായത്.
മാനവികതയുടെ വിമോചന സ്വപ്‌നങ്ങള്‍ പൂവണിയുക്കുവാന്‍ ഇടതുപക്ഷത്തിന് സാധിക്കുമെന്ന് ശ്രീരാമന്‍ വിശ്വസിച്ചു.ഇടതുപക്ഷത്തിന്‍റെ പുഴുകുത്തുകളിലേക്ക് അത്ര സജീവമായി ഇറങ്ങി ചെല്ലുവാനൊന്നും ശ്രീരാമന്‍ ശ്രമിച്ചിരുന്നില്ല.
|