ജി-കവിതയുടെ മുഗ്ദ്ധലാവണ്യം

ജനനം:1901 ജൂണ്‍ 3;മരണം 1978 ഫെബ്രുവരി 2

Malayalam poet G Sankara kuRup
WEBDUNIA|
file
ഹൃദയഗന്ധിയായ ഭാവഗീതികള്‍ രചിച്ച് സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരം ആദ്യമായി ഏറ്റു വാങ്ങിയ പ്രതിഭയാണ് ജി ശങ്കരക്കുറുപ്പ്.

കവിത്രയത്തിന് ശേഷമുള്ള മലയാള കവിതാശാഖയുടെ ഗതി നിയന്ത്രിച്ച ഈ പ്രതിഭ കാല്പനികകാവ്യപാരമ്പര്യത്തിന് യോഗാത്മകകാന്തി നല്കി.

നിയോക്ളാസിക് അഭിരുചികളില്‍നിന്നാണ് കാല്പനികമായ ഭാവഗീതാത്മകതയിലേക്ക് ജീയുടെ കവിത വികസിച്ചത്. മൃത്യുബോധം, യോഗാത്മകദര്‍ശനം, ആസ്തിക്യബോധം, മാനവികതാദര്‍ശനം, പ്രതീകാത്മകമായ കാവ്യഭാഷ തുടങ്ങിയവയാണ് കാവ്യ സവിശേഷതകള്‍.

1901 ജൂണ്‍ 3ന് കാലടിക്കടുത്തുള്ള നായത്തോട് ഗ്രാമത്തില്‍ ജനിച്ചു. അമ്മ വടക്കിനി ലക്ഷ്മിക്കുട്ടിയമ്മ. അച്ഛന്‍ നെല്ലിക്കാപ്പള്ളി ശങ്കരവാര്യര്‍. 1978 ഫെബ്രുവരി രണ്ടാം തീയതി അന്തരിച്ചു.

1921 ആഗസ്റ്റില്‍, മലബാര്‍ ലഹളക്കാലത്ത്, തിരുവില്വാമല ഇംഗ്ളീഷ് ഹൈസ്കൂളില്‍ ഭാഷാദ്ധ്യാപകനായി ചേര്‍ന്നതിനുശേഷം ഇംഗ്ളീഷ് ട്രാന്‍സിലേഷനും കമ്പോസിഷനും പാസ്സായി.

ചാലക്കുടി ഹൈസ്കൂളില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ വിദ്വാന്‍ പരീക്ഷയില്‍ ഫസ്റ്റ് ക്ളാസും റാങ്കും നേടി. പത്തുവര്‍ഷം തൃശൂര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂഷനിലും 19 വര്‍ഷം എറണാകുളം മഹാരാജാസ് കോളജിലും ജോലി ചെയ്തു.

പണ്ഡിതന്‍, ലക്ചറര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. പ്രൊഫസര്‍ ആയി 1956 ജൂണില്‍ റിട്ടയര്‍ ചെയ്തു.

1944 മുതല്‍ 1958 വരെ സമസ്തകേരള സാഹിത്യപരിഷത്തിന്‍െറ ഉത്കര്‍ഷത്തിന് പ്രയത്നിച്ചു. പരിഷത്ത് ത്രൈമാസികം, ദ്വൈമാസികവും പിന്നെ മാസികവുമായി. 1958 ല്‍ രണ്ടുവര്‍ഷം നീണ്ടുനിന്ന പ്രസിഡന്‍റ് സ്ഥാനവും 14 വര്‍ഷം തുടര്‍ന്ന പത്രാധിപത്യവും രാജിവച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :