കൈകള്‍ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കുക. ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുക. പനി ബാധിച്ചവരില്‍ നിന്ന് ഒരു കൈയ്യുടെ അകലമെങ്കിലും സൂക്ഷിക്കുക. നല്ലവണ്ണം ഉറങ്ങുക. ധാരാളം വെള്ളം കുടിക്കുകയും പോഷക സമൃദ്ധമായ ആഹാരം കഴിക്കുകയും ചെയ്യുക. മാസ്കുകള്‍ ഉപയോഗിക്കുന്നതും വൈറസ് മറ്റുള്ളവരിലേക്കും മറ്റുള്ളവരില്‍ നിന്നും പകരാതിരിക്കാന്‍ സഹായിക്കും. എന്നാല്‍, മാസ്കുകള്‍ നിശ്ചിത സമയം കഴിഞ്ഞ് മാറ്റണമെന്നും അറിഞ്ഞിരിക്കണം.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കൈയ്യ് സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. മാസ്കുകള്‍ ധരിക്കുന്നത് വൈറസ്ബാധയില്‍ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കണമെന്നില്ല. മാസ്കുകള്‍ എത്ര നല്ല നിലവാരം പുലര്‍ത്തുന്നവയായാലും ആറ് മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഫലം നല്‍കില്ല. വൈറ്റമിന്‍ സി കഴിക്കുന്നത് വൈറസുകള്‍ക്ക് എതിരെയുള്ള പ്രതിരോധം വര്‍ദ്ധിപ്പിക്കും. എന്നാല്‍, വൈറ്റമിന്‍ സി കൊണ്ടു മാത്രം പന്നിപ്പനിയെ പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല.
പന്നിപ്പനി വീണ്ടും വരില്ല
ഒരിക്കല്‍ എച്ച് 1 എന്‍ 1 വൈറസ്ബാധയില്‍ നിന്ന് നിങ്ങള്‍ മുക്തി നേടിയാല്‍ പിന്നീട് കുറേ വര്‍ഷത്തേക്ക് ഈ വൈറസ് മൂലമുള്ള പ്രശ്നമുണ്ടാവില്ല. വൈറസില്‍ നിന്നുള്ള രോഗ പ്രതിരോധ ശേഷി ശരീരം സ്വയം ഉണ്ടാക്കിയെടുന്നതാണ് ഇതിനു കാരണം.