ആദ്യരാത്രി, മറ്റ് രാവുകളെപ്പോലെയല്ല!

WEBDUNIA|
PRO
ആദ്യരാത്രി ഒരുവ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. വിവാഹം പോലെതന്നെ ആദ്യരാത്രിക്കും ജീവിതത്തില്‍ പ്രാധാന്യമുണ്ട്. ആദ്യരാത്രി കുളമാകുകയും ജീവിതം തകര്‍ന്നുപോകുകയും ചെയ്ത എത്രയോ പേരുണ്ട്! അപ്പോള്‍, ഏറ്റവും ശ്രദ്ധയോടെയും പക്വതയോടെയും കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ് ഫസ്റ്റ്‌നൈറ്റ് എന്നത് തര്‍ക്കമുള്ള കാര്യമല്ല.

അപരിചിതരായ രണ്ടുപേര്‍, അല്ലെങ്കില്‍ കുറച്ചുകാലത്തെ പരിചയം മാത്രമുള്ള രണ്ടുപേര്‍ ഏറ്റവും അടുത്തിടപഴകുന്ന ആദ്യമണിക്കൂറുകളാണല്ലോ ആദ്യരാത്രി. അപ്പോള്‍ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ആദ്യരാത്രി പലരുടെയും ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതും അതുകൊണ്ടാണ്. എന്നാല്‍ പേടിയോടെ സമീപിക്കേണ്ട ഒന്നല്ല അത്. ധൈര്യത്തോടെ, സന്തോഷത്തോടെ ആദ്യരാത്രിയിലേക്ക് കടന്നുചെന്നാല്‍ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാകും പിന്നീടുണ്ടാകുക.

പരസ്പരം പരിചയപ്പെടുകയാണ് ആദ്യം വേണ്ടത്. കല്യാണമുറപ്പിച്ചു കഴിഞ്ഞ ശേഷം ഫോണിലൂടെയും മറ്റും പരിചയം വളര്‍ന്നിട്ടുണ്ടാകും. പ്രണയവിവാഹമാണെങ്കില്‍ കൂടുതല്‍ അടുത്തറിഞ്ഞിട്ടുണ്ടാകും. എന്നാല്‍ ആദ്യരാത്രിയിലെ പരിചയപ്പെടലിന് അതിനുമപ്പുറത്തെ പ്രാധാന്യമുണ്ട്. പങ്കാളിയുടെ അഭിരുചികളെന്തൊക്കെ എന്നത് അന്വേഷിച്ചറിയേണ്ടത് ആവശ്യമാണ്.

ആഹാരകാര്യത്തിലും വസ്ത്രധാരണത്തിലും മറ്റു പൊതുകാര്യങ്ങളിലും മാത്രമല്ല, സെക്സിന്‍റെ കാര്യത്തിലുള്ള അഭിരുചികളെപ്പറ്റിയും തുറന്ന് സംസാരിക്കാം. ‘പങ്കാളി എന്ത് വിചാരിക്കും’ എന്ന് ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. നിങ്ങളോടൊപ്പം ഈ മുറിയിലുള്ള വ്യക്തി ജീവിതാന്ത്യം വരെ നിങ്ങളോടൊപ്പം ഉണ്ടാകേണ്ടയാളാണ് എന്ന ബോധ്യം മനസിലുണ്ടാകണം. ആദ്യരാത്രിയിലെ സംസാരത്തില്‍ കുറച്ചു ‘നീല’ കലര്‍ത്തുന്നതില്‍ മടിക്കേണ്ടതില്ല.

ഒന്നോ രണ്ടോ മണിക്കൂര്‍ സമയം ഈ ‘പരിചയപ്പെടല്‍’ കര്‍മ്മത്തിന് മാറ്റിവയ്ക്കണം. ഫസ്റ്റ്‌നൈറ്റില്‍ സെക്സ് അത്യാവശ്യമല്ല. പരസ്പരമുള്ള സങ്കോചങ്ങളും ആശങ്കകളും മാറിയതിന് ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് സെക്സില്‍ ഏര്‍പ്പെടുന്നതാണ് ഉത്തമം. ആദ്യരാത്രിയില്‍ ആലിംഗനത്തിലും ചുംബനങ്ങളിലുമൊക്കെ ‘കാര്യങ്ങള്‍’ ഒതുക്കാം. ആവേശം കാണിച്ച് ആദ്യരാത്രി കുളമാകുന്നതിനേക്കാള്‍ നല്ലത് കാത്തിരിക്കുന്നതാണ്.

ആദ്യരാത്രിയില്‍ തന്നെ പരസ്പരമുള്ള നഗ്നത ആസ്വദിക്കാന്‍ ശ്രമിക്കണം. അതിനുകഴിഞ്ഞാല്‍ ഒരുപക്ഷേ, അതൊരു ലൈംഗികബന്ധത്തിലേക്ക് ചെന്നെത്തിയാലും കുഴപ്പമില്ല. എന്നാല്‍ ആദ്യരാത്രിയില്‍ തന്നെ സെക്സ് ചെയ്യണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പാടില്ല. സ്നേഹം നിറഞ്ഞ പെരുമാറ്റമാണ് കിടപ്പറയെ സ്വര്‍ഗതുല്യമാക്കുന്നത്.

ഒരുകാര്യം മറക്കാതിരിക്കുക. മനസുകൊണ്ട് അടുത്തതിന് ശേഷമേ ശരീരംകൊണ്ട് അടുക്കാവൂ. മനസുകളുടെ ഐക്യവും സ്നേഹവും സെക്സില്‍ പ്രതിഫലിക്കും. അതാകട്ടെ, ആനന്ദകരമായ ഒരു കുടുംബജീവിതം നിങ്ങള്‍ക്ക് സമ്മാനിക്കുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :