‘കട്ടു തിന്നുന്നതിന് രുചി കൂടും’ എന്ന് കേട്ടിട്ടില്ലേ? എന്നാല്‍ ലൈംഗികതയുടെ കാര്യത്തില്‍ മാത്രം അത് ശരിയല്ലെന്നാണ് പുതിയ ചില പഠനങ്ങള്‍ പറയുന്നത്. വിവാഹേതര ബന്ധങ്ങള്‍ ആസ്വാദ്യകരമല്ലെന്നാണ് കണ്ടെത്തല്‍. എന്താണ് പ്രശ്നം എന്നല്ലേ? ലൈംഗികത മനസിന്‍റെയും കൂടി കല ആയതുകൊണ്ടുതന്നെ!
വിവാഹേതര ബന്ധങ്ങള്‍ ഉള്ളവര്‍ എപ്പോഴും മാനസിക സംഘര്‍ഷത്തിന് അടിമകളായിരിക്കുമെന്നാണ് പഠനം. ഭാര്യയെക്കാള്‍ സുന്ദരിയായ ഒരു സ്ത്രീയെ കാണുമ്പോള്‍, അവരുമായി കൂട്ടുകൂടാന്‍ തോന്നുകയും സൌഹൃദം സ്ഥാപിക്കുകയും ചെയ്യുന്നവര്‍ എത്ര?. എന്നാല്‍ സൌഹൃദത്തിനപ്പുറത്ത് അത് ശാരീരിക ബന്ധത്തിലേക്ക് വളര്‍ന്നാലോ? അല്‍പ്പം ചുറ്റിക്കളികള്‍ ഇല്ലെങ്കില്‍ എന്ത് ജീവിതമാണെന്നാണോ ചോദ്യം? എങ്കില്‍, ഈ ‘ചുറ്റിക്കളി’ കൊണ്ട് ലൈംഗിക സംതൃപ്തി ലഭിക്കുമെന്ന് കരുതേണ്ടതില്ല.
വിവാഹേതര ലൈംഗികബന്ധം പുലര്‍ത്തുന്നയാള്‍ സ്വന്തം സ്വത്വത്തെ മറച്ചുവച്ചാണ് രതിക്രീഡകളില്‍ ഏര്‍പ്പെടുന്നത്. ബാഹ്യകേളികളുടെ സൌന്ദര്യമോ രതിയെന്ന ഉജ്ജ്വലമായ അനുഭവത്തിന്‍റെ ആലസ്യമോ അനുഭവിക്കാന്‍ അയാള്‍ക്ക് കഴിയില്ലത്രേ. കാരണം, ഉപബോധമനസില്‍ അയാള്‍ മറ്റൊരു ലോകത്തായിരിക്കും. ഒന്നുകില്‍ കുറ്റബോധം. അല്ലെങ്കില്‍, ആരെങ്കിലും അറിഞ്ഞാലോ എന്ന ഭീതി. അതുമല്ലെങ്കില്‍ ലൈംഗികരോഗങ്ങളെക്കുറിച്ചുള്ള ഭയം.
ആസ്വാദ്യകരമല്ലാത്ത സെക്സ് മനസിനോ ശരീരത്തിനോ ഗുണകരമല്ല. ലൈംഗിക ജീവിതത്തില്‍ ഓരോ നിമിഷവും ആസ്വദിക്കേണ്ടതാണ്. ടെന്‍ഷനും ആശങ്കയും കലര്‍ന്ന മനസോടെ വേഴ്ച നടത്തുമ്പോള്‍ രതി വേദനാജനകമായി മാറുന്നു. രതിയിലേര്‍പ്പെട്ടു കഴിഞ്ഞാലോ, കുറ്റബോധവും ഭയവും കൂടെക്കൂടുകയും ചെയ്യും. ഇത് ആരോഗ്യം തകര്‍ക്കുകയും പിന്നീടുള്ള ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
വിവാഹേതരബന്ധമുള്ളയാള്‍ക്ക് തന്‍റെ യഥാര്‍ത്ഥ പങ്കാളിയോട് ലൈംഗികമായി നീതി പുലര്‍ത്താന്‍ കഴിയില്ല. അതോടെ കുടുംബജീവിതത്തിന്‍റെ താളവും തെറ്റുന്നു. ഇതുണ്ടാക്കുന്ന ആത്മവ്യഥ ലൈംഗികശേഷിയെത്തന്നെ വിപരീതമായി ബാധിക്കുകയും ചെയ്തേക്കാം.
ഇക്കാരണങ്ങളാലാണ് ജീവിതത്തില്‍ ഒരാളോടൊപ്പം മാത്രം ലൈംഗികജീവിതം ആസ്വദിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ശരീരത്തിന്‍റെയും മനസിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ അത് അത്യന്താപേക്ഷിതമാണ്. സമൂഹവും അങ്ങനെയുള്ളവര്‍ക്ക് വിലകല്‍പ്പിക്കും.