വിവാഹിതരായ രണ്ട് പേര്‍. ഇവരുടെ ജീവിതം അറുബോറും. ജീവിതം ഒന്ന് രസകരമാക്കുന്നതിനായി ഭാര്യയും ഭര്‍ത്താവും വിവാഹേതരബന്ധങ്ങളില്‍ ആശ്വാസം തേടി. അടുത്ത് തന്നെ പുറത്തിറങ്ങുന്ന ബോളിവുഡ് ചിത്രമായ‘ദില്‍ കബാഡി ’യുടെ പ്രമേയമാണിത്.ഇര്‍ഫാന്‍ ഖാന്‍, സോഹ അലി ഖാന്‍, രാഹുല്‍ ബോസ്,കൊങ്കണ സെന്‍ ശര്‍മ്മ എന്നിവര്‍ അഭിനയിച്ച് തകര്‍ത്ത സിനിമ ഇന്ത്യന്‍ നഗരങ്ങളിലെ ദമ്പതികള്‍ക്കിടയിലെ യഥാര്‍ത്ഥ സ്ഥിതി ആണെന്നാണ് മനശാസ്ത്ര, ലൈംഗിക വിദഗ്ദ്ധര്‍ പറയുന്നത്. ദമ്പതികള്‍ പരസ്പരം വഞ്ചിക്കുന്ന പ്രവണത നഗരങ്ങളില്‍ അധികരിച്ച് കൊണ്ടിരിക്കുകയാണെന്ന് വിദഗ്ദ്ധര്‍ തങ്ങളുടെ പക്കല്‍ എത്തുന്ന കേസുകള്‍ അടിസ്ഥാനമാക്കി പറയുന്നത്.വിവാഹ ബാഹ്യ ബന്ധം തേടുന്നതില്‍ ദമ്പതികള്‍ക്ക് കുറ്റബോധം ഇല്ലാതായിരിക്കുകയാണെന്ന് മനശാസ്ത്രജ്ഞനായ സഞ്ജയ് ചുഗ് പറഞ്ഞു. ഒരാളുമായി മാത്രം ബന്ധം പുലര്‍ത്തുന്നത് തങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെ ഉള്ള കടന്ന് കയറ്റമാണെന്ന് വിശ്വസിക്കുന്നവരുമുണ്ടെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്.വിവാഹ ബാഹ്യ ബന്ധങ്ങളില്‍ മുന്‍പില്ലാത്ത വിധം വര്‍ദ്ധനവ് ഇക്കാലത്ത് ഉണ്ടായിട്ടുണ്ട്. പുരുഷന്മാരുടെ മനസ് മാത്രമല്ല സ്ത്രീകളുടെ മനസും മാറിത്തുടങ്ങി.പാശ്ചാത്യ ശൈലി ജീവിതത്തിലേക്ക് പകര്‍ത്തുന്നതും വിവാഹബാഹ്യബന്ധങ്ങള്‍ക്ക് കാരണമാണെന്ന് മനശാസ്ത്രജ്ഞനായ മനശാസ്ത്രജ്ഞര്‍ പറയുന്നു. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളും സിനിമകളും വിവാഹ ബാഹ്യ ബന്ധങ്ങള്‍ക്ക് പ്രോത്സാഹനമേകുന്നുണ്ട്. ദമ്പതികള്‍ പരസ്പരം ആശയവിനിമയം നടത്താതെ തങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്നത് പ്രശ്നമാകുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിവാഹം കഴിക്കാതെ തല്‍ക്കാലത്തേക്ക് ഒരുമിച്ച് താമസിക്കുന്ന പ്രവണതയും സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. ഇന്ത്യയില്‍ മുന്‍പ് വിവാഹത്തിനുണ്ടായിരുന്ന പവിത്രത ഇപ്പോഴുണ്ടോ എന്നത് ചിന്തിക്കേണ്ട കാലമായെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. |