അമിതമായി മദ്യപിക്കുന്നത് കൌമാരക്കാരില്‍ മറവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. മനസ് ഏകാഗ്രമാക്കാനും ഇവര്‍ക്ക് കഴിവ് കുറയുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
നോര്‍ത്തുംബ്രിയ, കിലി സര്‍വകലാശാലകളിലെ ഒരു സംഘമാണ് പഠനം നടത്തിയത്. അമിതമായി മദ്യപിക്കുന്ന 26 പേരിലും മിതമായി മദ്യപിക്കുന്ന 34 പേരെയും ആണ് ഇവര്‍ പഠന വിധേയമാക്കിയത്. അമിതമായി മദ്യപിക്കുന്നവരുടെ ഓര്‍മ്മശക്തിക്ക് വന്‍ കുറവ് സംഭവിച്ചുട്ടുള്ളതായി കണ്ടെത്തുകയുണ്ടായി.
വികസിച്ച് വരുന്ന മസ്തിഷ്കത്തെ അമിതമായി മദ്യപിക്കുന്നത് ദോഷകരമായി ബാധിക്കുന്നതാണ് കാരണമെന്ന് ബ്രിട്ടീഷ് മനശാസ്ത്രജ്ഞരുടെ കോണ്‍ഫറന്‍സില്‍ ഇവര്‍ റിപ്പോര്‍ട്ട് നല്‍കി. പതിനേഴിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളെ ആണ് പഠന വിധേയമാക്കിയത്.
അമിതമായി മദ്യപിക്കുന്ന കൌമാരക്കാര്‍ അവസാനമായി മദ്യപിച്ച് മൂന്നോ നാലോ ദിവസത്തിന് ശേഷം ആണ് അവരെ പഠന വിധേയമാക്കിയത്. ആള്‍ക്കഹോളിന്‍റെ അംശം ശരീരത്തില്‍ ഇല്ലാത്ത അവസ്ഥയില്‍ നടത്തിയ പഠനത്തിലാണ് അമിതമദ്യപാനികളില്‍ ഓര്‍മമശക്തിക്ക് കോട്ടം സംഭവിക്കുന്നതായി കണ്ടെത്തിയത്.
|