ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതലിനൊപ്പം പതിവായി കോഫി കുടിക്കുന്ന സ്വഭാവമുണ്ടോ? ഉണ്ടെങ്കില്‍ പ്രശ്നമാകുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതല്‍, അത് പഞ്ചസാര കുറഞ്ഞതാണെങ്കില്‍ പോലും ഒപ്പം കോഫി കുടിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമെന്നാണ് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍റെ മേയ് ലക്കത്തില്‍ പ്രസിദ്ധികരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുലഫ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
പ്രാതലിനൊപ്പം കോഫി കുടിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് 250 ശതമാനമാണ് ഉയര്‍ന്നതെന്ന് ഗവേഷകര്‍ പറയുന്നു. പത്ത് സര്‍വകലാശാല വിദ്യാര്‍ത്ഥികളിലാണ് പഠനം നടന്നത്. കോഫിയിലടങ്ങിയിരിക്കുന്ന കഫീന്‍ ഇന്‍സുലിനെ പ്രതിരോധിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ടെറി ഗ്രഹാം പറഞ്ഞത്. ഇതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണം.
പ്രമേഹത്തിലെ ടൈപ്പ് രണ്ട് ബാധിച്ചിട്ടുള്ളവര്‍ക്ക് ഈ അവസ്ഥ വളരെ അപകടം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ശരിയായ ജീവിതശൈലിയും ഉചിതമായ ഭക്ഷണ രീതിയും പാലിക്കുന്നവര്‍ക്ക് ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതലിനൊപ്പം കോഫി കുടിക്കുന്നത് പ്രശ്നമാകില്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
|