‘വടക്കുനോക്കിയന്ത്രം’ സിനിമയില്‍ ഭാര്യയുമൊത്ത് ഫോട്ടെയെടുക്കുന്ന സമയത്ത് പൊക്കമില്ലായ്മ അറിയാതിരിക്കാന്‍ ശ്രീനിവാസന്‍ നടത്തുന്ന ബദ്ധപ്പാട് എല്ലാവര്‍ക്കും ഓര്‍മ്മകാണും. എന്നാല്‍ ഇനി ഭാര്യയ്ക്ക് പൊക്കം കൂടുതലാണെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. തല അല്‍പം പൊക്കിയെടുത്താല്‍ മതി. ആശ്ചര്യപ്പെടേണ്ട, ശസ്ത്രക്രിയയിലൂടെ പൊക്കം കൂട്ടുവാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. സ്പെയില്‍ നിന്നുള്ള സര്‍ജനാണ് തല ഉയര്‍ത്തുന്നതിനുള്ള കോസ്മെറ്റിക് ശസ്ത്രക്രിയയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.
സിലിക്കണ്‍ ഹെഡ് ഇംപ്ലാന്‍റ് വഴി ഒരാളുടെ തലയുടെ പൊക്കം രണ്ട് ഇഞ്ച് വരെ ഉയര്‍ത്താനാകുമെന്ന് കണ്ടെത്തിയതായി ബ്രിട്ടനിലെ ഡെയ്‌ലി മെയ്‌ല്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാഡ്രിഡിലെ ലാ ലുസ് ആശുപത്രിയിലെ ഡോ.ലൂയിസ് ദി ലാ ക്രൂസ് ആണ് കണ്ടുപിടുത്തത്തിന് പിന്നില്‍. 90 മിനിട്ട് നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയയ്ക്കിടെ തലയുടെ ഒരു വശത്ത് ചെറിയ മുറിവുണ്ടാക്കി തലയോട്ടിയുടെയും ശിരോചര്‍മ്മത്തിന്‍റെയും ഇടയ്ക്ക് സിലിക്കണ്‍ ഇംപ്ലാന്‍റ് വയ്ക്കുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയയുടെ മൊത്തം ചെലവ് ഏകദേശം 4000 ഡോളറാണ് (ഏകദേശം 1.60 ലക്ഷം രൂപ).
അനസ്തേഷ്യ നടത്തിയതിന് ശേഷമാണ് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയയുടെ അടുത്ത ദിവസം തന്നെ രോഗിക്ക് ആശുപത്രി വിടാം.ഡോ. ദി ലാ ക്രൂസ് ഇതുവരെ ഇത്തരത്തില്‍ പതിനേഴോളം ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ഇത് വളരെ രോഗിയുടെ ജീവിതത്തില്‍ ആശ്ചര്യകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വളരെ ചെറിയ നടപടിയാണെ ഡോ.ക്രൂസ് പറയുന്നു.
|