കൂര്‍ക്കംവലി കളിയായി തള്ളികളയേണ്ട കാര്യമല്ലെന്ന് പഠനങ്ങള്‍ പറയുന്നു. ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുന്നവരില്‍ ഭാവിയില്‍ ഹൃദ്രോഗമോ പക്ഷാഘാതമോ വരാനുള്ള സാധ്യതയേറെയാണെന്നാണ് ഹംഗേറിയന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുനത്‍. പന്ത്രണ്ടായിരം പേരില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്‌ഥാനത്തിലാണ് വെളിപ്പെടുത്തല്‍.
ഹൃദ്രോഗവുമായി കൂര്‍ക്കംവലിക്കു ബന്ധമുണ്ടെന്ന നിഗമനങ്ങള്‍ക്കു ബലം പകരുന്നതാണ് പുതിയ റിപ്പോര്‍ട്ട്. പൊണ്ണത്തടിയുള്ളവരില്‍ കൂര്‍ക്കംവലി കൂടുതലാണെന്നും പഠനസംഘം കണ്ടെത്തി. കൂര്‍ക്കംവലിയും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ വര്‍ഷങ്ങളായി ഗവേഷണം നടന്നുവരികയാണ്.
പഠനവിധേയരാക്കിയ പന്ത്രണ്ടായിരം പേരുടേയും വീട്ടുകാരില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ഉറക്കെ കൂര്‍ക്കം വലിക്കുന്നവര്‍ക്കു സാധാരണക്കാരേക്കാള്‍ ഹൃദ്രോഗത്തിനു 34 ശതമാനമാണു സാധ്യത. പക്ഷാഘാതത്തിന് 67 ശതമാനമാണ് കൂര്‍ക്കംവലിക്കാര്‍ക്കു സാധ്യത. കൂര്‍ക്കംവലിക്കുമ്പോഴുള്ള ശ്വാസോഛ്വാസഗതി മനസിലാക്കിയാല്‍ ഇവര്‍ക്കു ഹൃദ്രോഗ സാധ്യത എത്രത്തോളമാണെന്നു കണ്ടെത്താന്‍ സാധിക്കുമെന്നും പഠന സംഘം പറയുന്നു. എഴുപതു വയസു കഴിഞ്ഞവരില്‍ കൂര്‍ക്കം വലിയുടെ ശക്‌തി കുറയുമെന്നും ഇവര്‍ കണ്ടെത്തി.
കുട്ടികളിലെ കൂര്‍ക്കം വലി പഠനവൈകല്യത്തിന്‍റെ സൂചനയാകാമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഉറക്കത്തില്‍ ശ്വാസകോശത്തിലേക്കെടുക്കുന്ന വായുവിന്‍റെ അളവ് കുറയുന്നതാണ് കൂര്‍ക്കം വലിക്ക് വഴിയൊരുക്കുന്നതും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതും. എന്നാല്‍ ശരിയായ വ്യായാമത്തിലൂടെ കൂര്‍ക്കംവലിയ്ക്ക് പരിഹാരം കാണാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
മാനസികപിരിമുറുക്കം മൂലം ഉറക്കം കിട്ടാത്തവര്‍ക്കും മദ്യവും, സിഗരറ്റും ധാരാളം ഉപയോഗിക്കുന്നവര്‍ക്കും വ്യായാമം കൂടുതല്‍ ഗുണം ചെയ്യും. വ്യായാമം ശീലമാക്കിയാല്‍ കുട്ടികള്‍ക്കുമാത്രമല്ല, ഏതുപ്രായക്കാര്‍ക്കും കൂര്‍ക്കം വലിയില്‍ നിന്ന് മോചനം നേടാമെന്നാണ് ഗവേഷകര്‍ പറയുന്നത്
|