തലനാരിഴ കീറി പരിശോധിച്ചാല്‍ നിങ്ങളെവിടെ താമസിക്കുന്ന വ്യക്തിയാണെന്ന് കൃത്യമായി നിര്‍ണയിക്കാനാവുമെന്ന് പുതിയ പഠനങ്ങള്‍. ഒരാളുടെ മുടിയിഴയിലെ ഹൈഡ്രജന്‍, ഓക്സിജന്‍ ഐസോടേപ്പുകള്‍ പരിശോധിച്ചാല്‍ അയാള്‍ ചേരിയില്‍ താമസിക്കുന്ന വ്യക്തിയാണോ അതോ ബംഗ്ലാവില്‍ താമസിക്കുന്ന വ്യക്തിയാണോ എന്നെല്ലാം തിരിച്ചറിയാന്‍ കഴിയുമെന്നാണ് അമേരിക്കയിലെ ഉറ്റ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണങ്ങള്‍ പറയുന്നത്.
ഉദാഹരണമായി, ചേരിയില്‍ താമസിക്കുന്ന ഒരുവ്യക്തിയുടെ മുടിയിഴകളില്‍ അവിടുത്തെ ജലത്തിന്‍റെ അതേസ്വഭാവമുള്ള ഐസോടേപ്പുകളായിരിക്കും ഉണ്ടായിരിക്കുക. കുറ്റാന്വേഷണങ്ങളില്‍ ഇത്തരം വിവരങ്ങള്‍ നിര്‍ണായകമായിരിക്കുമെന്നതിനാല്‍ പുതിയ പഠനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
അമേരിക്കയിലെ 65 നഗരങ്ങളിലെ പൈപ്പ്‌വെള്ളം ശേഖരിച്ച് ഓരോ സ്ഥലത്തെയും ജലത്തില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രജന്‍, ഓക്സിജന്‍ ഐസോടേപ്പുകളുടെ മാപ്പ് നിര്‍മ്മിച്ചാണ് സര്‍വകലാശാലയിലെ പ്രൊഫസറായ ജെയിംസ് എലെറിങ്ങറും ജിയോളജിസ്റ്റായ തുര്‍ സെര്‍ലിങ്ങും ഗവേഷണം നടത്തിയത്. പിന്നീട് അതാത് സ്ഥലങ്ങളിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന് മുടിയിഴകളും ശേഖരിച്ചു.
വിദേശ സഞ്ചാരികളുടെ മുടിയിഴകള്‍ ഒഴിവാക്കാനായി 10000ല്‍ താഴെമാത്രം ജനസംഖ്യയുള്ള നഗരങ്ങളില്‍ നിന്നാണ് മുടിയിഴകള്‍ ശേഖരിച്ചത്. പിന്നീട് ഇവിടങ്ങളിലെ ജലത്തിലടങ്ങിയിട്ടുള്ള ഹൈഡ്രജന്‍, ഓക്സിജന്‍ ഐസോടേപ്പുകളും മുടിയിഴകളും താരതമ്യം ചെയ്ത് നോക്കിയപ്പോള്‍ രണ്ടിലും അടങ്ങിയിട്ടുള്ളത് ഒരേ ഐസോടേപ്പുകളാണെന്ന് കണ്ടെത്തിയതായി തുര്‍ സെര്‍ലിങ്ങ് പറഞ്ഞു.
ഓരോ സ്ഥലത്തെയും മഴയുടെ ലഭ്യത ബാഷ്പീകരണം എന്നിവയുടെ തോതനുസരിച്ച് ജലത്തിന്‍റെ സ്വഭാവത്തിന് മാറ്റം വരുന്നുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു.
|