തിരുവനന്തപുരം: പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഫലപ്രദമായ ചികിത്സാരീതിയായി ഡീപ് ബ്രയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ് ) അംഗീകരിക്കപ്പെടുന്നു.
കൃത്രിമമായി വൈദ്യുതശക്തി പ്രയോഗിച്ച് തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുകയാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. തലച്ചോറില്‍ താക്കോല്‍ദ്വാരശസ്ത്രക്രിയയിലൂടെ ദ്വാരമുണ്ടാക്കി വൈദ്യത തരംഗങ്ങള്‍ എത്തിക്കുന്ന കമ്പികള്‍ കഴുത്തുവഴി ഹെഡിന്‍റെ മുന്‍വശത്തു ഘടിപ്പിച്ച ബാറ്ററിയുമായി ബന്ധിപ്പിക്കുന്നു. വിദൂരനിയന്ത്രണ സംവിധാനമുപയോഗിച്ച് ബാറ്ററി പ്രവര്‍ത്തിപ്പിക്കാം- വൈദ്യുത തരംഗങ്ങളുടെ ശക്തി കൂട്ടുകയും ചെയ്യാം.
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഇന്ത്യയില്‍ ആദ്യമായി ശസ്ത്രക്രിയ ഉള്‍പ്പൈടെയുള്ള സമഗ്ര ചികിത്സ പ്രാവര്‍ത്തികമാക്കിയ ശ്രീചിത്രാ മെഡിക്കല്‍ സെന്‍ററിലെ ചലനവൈകല്യചികിത്സാ വിഭാഗം ഇതിനകം ഇത്തരം 40 ഓളം ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. അവയില്‍ 70 ശതമാനത്തിലേറെയും വന്‍ വിജയമായിരുന്നു.
തലച്ചോറില്‍ ക്രമാതീതമായി പ്രവര്‍ത്തിക്കുന്ന കോശങ്ങളെ വൈദ്യുതി തരംഗങ്ങളുപയോഗിച്ച് ഉദ്ദീപനം നടത്തി നിയന്ത്രിക്കുകയാണ് ഡീപ്പ് ബ്രയിന്‍ സ്റ്റിമുലേഷന്‍റെ ലക്ഷ്യം. രോഗലക്ഷണങ്ങളായ വിറയല്‍, പേശിമുറുക്കം, ചലനങ്ങളിലെ മന്ദത, മരുന്നുകളുടെ പാര്‍ശ്വഫലമായി കണ്ടേക്കാവുന്ന അനിയന്ത്രിക ചലനങ്ങള്‍ എന്നിവയുടെ കാഠിന്യം നാല്‍പ്പതു മുതല്‍ എണ്‍പതു ശതമാനം വരെ ലഘൂകരിക്കാനാകുന്നു.
|