ഒരിക്കല്‍ വൈദ്യരംഗം പടിയിറക്കി വിട്ട് മരുന്നാണ് താലിഡോമൈഡ്.ഗര്‍ഭസംബന്ധമായ ക്ഷീണങ്ങള്‍ക്കുള്ള മരുന്നായിരുന്നത്. വ്യാപകമായ ദുരന്തം വിതച്ചപ്പോള്‍ താലിഡോമൈഡിനെ വൈദ്യശാസ്ത്രം കൈയ്യൊഴിഞ്ഞു. ഇപ്പോള്‍ രക്താര്‍ബുദചികിത്സയില്‍ ആ ഔഷധത്തെ കൂട്ടുപിടിക്കുകയാണ് അമേരിക്ക.
രക്താര്‍ബുദം ബാധിച്ച് മരിക്കുമെന്നുറപ്പായ രോഗികള്‍ക്ക് ആയുസ്സ് ഒരു വര്‍ഷം കൂടി നീട്ടിക്കൊടുക്കുകയാണ് താലിഡോമൈഡ് . ജനനവൈകല്യങ്ങളുണ്ടാക്കുമെന്നതിനാല്‍ 1960 കളില്‍ ലോകം തിരസ്കരിച്ച മരുന്നാണിത് .
രക്താര്‍ബുദത്തിന് നിലവിലുള്ള ചികിത്സകള്‍ പ്രകാരം രോഗശാന്തി മൂന്നോ നാലോ വര്‍ഷം വരെ നീട്ടാനാകും. അതിനും പുറമേയാണ് താലിഡോമൈഡ് ചികിത്സ വഴി ഒരു വര്‍ഷംകൂടി ആയുസ് നീട്ടുന്നത്. യു.എസിലെ മിനസോട്ട മയോക്ളിനിക്കിലെ ഡോ. വിന്‍സെന്‍റ് രാജ്കുമാറാണ് താലിഡോമൈഡ് പരീക്ഷണം രക്താര്‍ബുദ രോഗികളില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. മൂന്നിലൊന്ന് രോഗികളിലേ പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടങ്ങളില്‍ ചികിത്സ ഫലപ്രദമായുള്ളൂ.
യൂറോപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്ന താലിഡോമൈഡ് ഔഷധം കമ്പോളത്തില്‍ നിന്നും 1962ല്‍ പിന്‍വലിച്ചു. ഗര്‍ഭകാലത്തെ മനംപുരട്ടല്‍, മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നിവയ്ക്കെതിരെയാണ് താലിഡോമൈഡ് ഉപയോഗിച്ചിരുന്നത്. 14 ഔഷധക്കമ്പനികള്‍ 46 രാജ്യങ്ങളില്‍ ഇത് വിറ്റഴിച്ചു. ഈ മരുന്ന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കില്ലെന്നായിരുന്നു വിശ്വാസം.
1957 ല്‍ കമ്പോളത്തിലെത്തിയ താലിഡോമൈഡ് കഴിച്ച ഗര്‍ഭിണികള്‍ പ്രസവിച്ചത് അംഗവൈകല്യമുള്ള കുട്ടികളെയാണ്. കൈകാലുകള്‍, കണ്ണ്, ചെവി, ആന്തരികാവയവങ്ങള്‍ തുടങ്ങിയവയിലെല്ലാം താലിഡോമൈഡ് വൈകല്യമുണ്ടാക്കി. മരുന്ന് പിന്‍വലിക്കുമ്പോഴേക്ക് 12,000 ശിശുക്കള്‍ വികലാംഗരായിക്കഴിഞ്ഞിരുന്നു. അവരില്‍ പകുതിയോളം കുട്ടികള്‍ ജനനത്തില്‍ മരിച്ചു.
അംഗവിഹീനരായ കുട്ടികളെക്കൊണ്ട് യൂറോപ്പിനെ നിറച്ച താലിഡോമൈഡിന് അമേരിക്കയില്‍ വളരെക്കുറച്ച് ഇരകളെ മാത്രമേ കണ്ടെത്താനായുള്ളൂ. യു.എസ്സിലെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ പരിശോധകനായിരുന്ന ഫ്രാന്‍സസ് ഓള്‍ ഹാം കെല്‍സി എന്ന കര്‍ക്കശയായ ഉദ്യോഗസ്ഥയായിരുന്നു ഇതിനു കാരണക്കാരി. വില്പനയ്ക്കുള്ള അനുമതി തേടി ഔഷധത്തിന്‍റെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അവര്‍ നിരസിച്ചു.
താലിഡോമൈഡ് നാഡികളില്‍ നീര്‍വീഴ്ചയും വേദനയും ഉണ്ടാക്കുന്നുവെന്നും പരീക്ഷണ മൃഗങ്ങളില്‍ നിദ്ര ഉളവാക്കുവാന്‍ മരുന്ന് പരാജയപ്പെട്ടുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കെല്‍സിയെ അതിനു പ്രേരിപ്പിച്ചത്. കടുത്ത സമ്മര്‍ദ്ദം അവഗണിച്ച് പതിന്നാലു മാസം അവര്‍ തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. താലിഡോമൈഡ് അപ്പോഴേക്ക് തനിനിറം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു.
യു.എസ്. പ്രസിഡന്‍റ് കെന്നഡി കെല്‍സിയെ അവാര്‍ഡു നല്‍കി ആദരിച്ചു. എഫ്.ഡി.എ.യുടെ അനുമതി ലഭിച്ചില്ലെങ്കിലും യു.എസ്സിലെ 1200 ഭിഷഗ്വരന്മാര്‍ക്ക് താലിഡോമൈഡിന്‍റെ സൗജന്യ പായ്ക്കറ്റുകള്‍ ഔഷധ നിര്‍മ്മാക്കള്‍ അയച്ചുകൊടുത്തു.
ഡോക്ടര്‍മാരിലൂടെ 20,000 വരുന്ന ഗര്‍ഭിണികളും അല്ലാത്തവരുമായ അവരുടെ സ്ത്രീ രോഗികളുടെ പക്കല്‍ ഔഷധം എത്തിച്ചേര്‍ന്നു. എഫ്.ഡി.എ. തിരസ്കരിച്ച താലിഡോമൈഡ്, കുറഞ്ഞ അളവിലാണെങ്കില്‍ പോലും യു.എസ്സില്‍ അതിന്‍റെ ദൂഷ്യഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനിടയാക്കിയത് ഈ സാഹചര്യം മൂലമാണ്.
താലിഡോമൈഡ് പിന്നീട് തിരിച്ചുവന്നു. കുഷ്ഠരോഗത്തിനെതിരെയുള്ള ഒരു ഔഷധമായും മജ്ജ മാറ്റിവച്ച രോഗികളില്‍ ഉണ്ടാകാവുന്ന ഇമ്യൂണ്‍ പ്രതിപ്രവര്‍ത്തനത്തെ തടയുവാനുള്ള ഔഷധമായും താലിഡോമൈഡ് ഉപയോഗിക്കാമെന്ന് പിന്നീട് കണ്ടെത്തി. ഇപ്പോഴിതാ അര്‍ബുദ രോഗരംഗത്തും.
|