ഹായ്! പെണ്‍കുട്ടിക്കു നീളം കുറവാണെങ്കിലും കാണാന്‍ നല്ല ചന്തം; ഇങ്ങനെ വിചാരിക്കുമ്പോള്‍ ഇനിമുതല്‍ മറ്റൊരു കാര്യംകൂടി മനസ്സിലോര്‍ക്കണം.
പെണ്‍കുട്ടിയുടെ കാലുകള്‍ക്ക് നീളം കുറവാണോ എന്നു കൂടി നോക്കുന്നത് നല്ലാതായിരിക്കുമെന്നാണ് ബ്രിസ്റ്റോള്‍ സര്‍വകലാശാല നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത്.
സ്ത്രീകളുടെ ഹൃദ്രോഗവും കാലുകളുടെ നീളവും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയിരിക്കുന്നു. ബ്രിട്ടനില്‍ 4000 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ 700 ഓളം പേര്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നു. ഇവരില്‍ എല്ലാവര്‍ക്കും 746.2 മുതല്‍ 752.6 മില്ലിമീറ്റര്‍ വരെയായിരുന്നു കാല്‍നീളം. ആരോഗ്യമുള്ള മറ്റു സ്ത്രീകളുടെ കാല്‍ നീളം 757.5 മുതല്‍ 760.3 മില്ലിമീറ്ററായിരുന്നു എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൃദ്രോഗമുള്ള സ്ത്രീകളില്‍ മൂന്നിലൊന്നുപേര്‍ക്കും നേരത്തെ ഹൃദയാഘാതമുണ്ടായിരുന്നു. ഇവരുടെ ശ്വാസകോശങ്ങള്‍ ദുര്‍ബലവും ശരീരം ഇന്‍സുലിനെ പ്രതിരോധിക്കുന്നതുമായിരുന്നുവെന്ന് പഠനത്തില്‍ പറയുന്നു. ഇന്‍സുലിനെ പ്രതിരോധിക്കുന്നതു കാരണം ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യത അധികമാണ്.
കാലുകളുടെ നീളം കുറയാന്‍ കാരണം ചെറുപ്പകാലത്തെ പോഷകാഹാര കുറവാണെന്നാണ് കണ്ടെത്തല്‍. കാലുകളുടെ ഉപയോഗരീതിയും ഒരു പരിധിവരെ നീളത്തെ ബാധിക്കുമെന്ന് കരുതുന്നു.
രണ്ടാം വയസ്സില്‍ പോഷകാഹാരങ്ങള്‍ ലഭിക്കാതിരിക്കുന്നതും മുലപ്പാല്‍ ആഹാരമായി ലഭിക്കാത്തതും വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നുവെന്നും പഠനം വെളിവാക്കി. ശൈശവം മുതല്‍ കൗമാരം വരെയുള്ള വളര്‍ച്ചാ കാലഘട്ടത്തില്‍ അന്തരീക്ഷ ചുറ്റുപാടുകളുടെ സ്വാധീനവും വളര്‍ച്ചയെ ബാധിക്കുമെന്ന് കരുതുന്നു.
എന്തായാലും നീളമുള്ള ശരീരപ്രകൃതിയുള്ളവര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. ഇത്തരക്കാര്‍ക്ക് ശക്തമായ ഹൃദയമുണ്ടാവുമെന്നാണ് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
|