ഇന്ത്യയില്‍ എച് ഐ വി പടരുന്നതിന് മുഖ്യ കാരണം സ്ത്രീകളെ കടത്തുന്നതാണെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി.
ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്( എച് എസ് പി എച്) ആണ് പുതിയ പഠനം നടത്തിയത്. ഇന്ത്യയിലേക്ക് കടത്തുകയും പിന്നീട് മടങ്ങിപ്പോകുകയും ചെയ്യുന്ന 38ശതമാനം പെണ്‍കുട്ടികളും എച് ഐ വി ബാധിതരാണ്. നിര്‍ബന്ധപൂര്‍വ്വം വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുവിക്കുന്ന 15 വയസിന് താഴെ ഉള്ള പെണ്‍കുട്ടികളില്‍ എച് ഐ വി ബാധിതരുടെ എണ്ണം 60 ശതമാനത്തിലും അധികമാണെന്ന് പഠനത്തില്‍ കണ്ടെത്തി.
ദക്ഷിണേഷ്യയില്‍ പ്രതിവര്‍ഷം 150000 ത്തോളം സ്തീകളെയും പെണ്‍കുട്ടികളെയുമാണ് വേശ്യാവൃത്തിക്കായി കടത്തുന്നത്. ഇതില്‍ കൂടുതല്‍ പേരും മുബൈയിലാണ് എത്തിച്ചേരുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ആഗസ്ത് മാസത്തിലെ പതിപ്പിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
പഠന റിപ്പോര്‍ട്ടിന് ബലം നല്‍കാനായി നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തപ്പെട്ട 287 സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആശുപത്രി രേഖകളും ഗവേഷകര്‍ അവലോകനം ചെയ്തു. 1997നും 2005നും ഇടയ്ക്ക് ഇന്ത്യയിലേക്ക് കടത്തപ്പെട്ട സ്ത്രീകളുടെ കാര്യമാണ് പരിഗണിച്ചത്.
റിപ്പോര്‍ട്ടിന്മേല്‍ പ്രതികരിക്കാന്‍ നാഷണല്‍ എയിഡ്സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിസമ്മതിച്ചു.
|