വിമാനത്തിലെ യാത്രക്കാരിലാരെങ്കിലും ഒന്നു തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താല്‍ തന്നെ മറ്റുള്ളവര്‍ ഭീതിയോടെ അയാളുടെ നേര്‍ക്ക് നോട്ടം തിരിക്കുന്നു. ശരീരത്തില്‍ വേദനയോ പനിയോ അനുഭവപ്പെട്ടാല്‍ വേവലാതിയാകുന്നു. മൂന്നു നാലു വര്‍ഷം മുമ്പ് ലോകമെങ്ങും അക്രമം നടത്തിയ പുതിയ രോഗം -സാര്‍സ് ഉയര്‍ത്തുന്ന ഭീതിയാണിത്.
ന്യുമോണിയ പോലെ ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്). പനിയുടെ ലക്ഷണങ്ങളോടെയാണ് തുടക്കം. പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണും. രക്തത്തില്‍ ആവശ്യത്തിന് ഓക്സിജന്‍ ഇല്ലാതാവുകയും കൃത്രിമശ്വാസോച്ഛാസം ആവശ്യമാകുകയും ചെയ്യും.
സാര്‍സിന് കാരണമായ വൈറസ് ഏതെന്ന് കണ്ടെത്തിയെങ്കിലും ഫലപ്രദമായ ചികിത്സാരീതികള്‍ കണ്ടെത്താനായിട്ടില്ല. രോഗാണു വ്യാപനം വായുവിലൂടെയാണോ അല്ലയോ എന്നതും തീര്‍ച്ചയായിട്ടില്ല.
ചൈനയിലെ ഗ്വാന്‍ടോങ് പ്രവിശ്യയിലാണ് ഈ രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഹോങ്കോങ്, സിംഗപ്പൂര്‍, തായ്ലന്‍റ്, കാനഡ എന്നിവടങ്ങളിലേയ്ക്കും രോഗം വ്യാപകമായിട്ടുണ്ട്. തെക്കുകിഴക്കനേഷ്യ കഴിഞ്ഞാല്‍ സാര്‍സ് മരണം കൂടുതലുണ്ടായ രാജ്യം കാനഡയാണ്.
|