ശരീരത്തിലെ ആന്തരികാവയവം പുറത്തേക്ക് മുഴയ്ക്കുന്നതിനെ ഹെര്‍ണിയ എന്ന് പറയുന്നു. പ്രധാനമായും കുടലാണ് മുഴച്ച് പുറത്തേക്ക് തള്ളിനില്‍ക്കുക.
ഈ മുഴയ്ക്കല്‍ കുട്ടികളിലും മുതിര്‍ന്നവരിലും വളരെ വ്യത്യസ്തമായാണ് കാണുന്നത്. മുതിര്‍ന്നവരില്‍ മര്‍മ്മസ്ഥാനത്തും പൊക്കിളിലും പൊക്കിളിനു മുകളിലും അപൂര്‍വമായി തുടയിടുക്കുകളിലും ഹെര്‍ണിയ ഉണ്ടാവുന്നു.
കുട്ടികളില്‍ ഹെര്‍ണിയ ചിലപ്പോള്‍ ജനിക്കുമ്പോള്‍ തന്നെ ഉണ്ടാവുന്നു. കുട്ടികളിലെ ഹെര്‍ണിയ ഒരു കണ്‍ജീനിയല്‍ ഡിസോര്‍ഡര്‍ അഥവാ ജന്‍മനായുള്ള വൈകല്യമാണെന്ന് പറയാം.
ഇന്‍ജീനിയല്‍ ഹെര്‍ണിയ
മര്‍മ്മ സ്ഥാനത്ത് തുടയിടുക്കിനു തൊട്ടുമുകളിലായി മുഴയ്ക്കുന്നതാണ് ഇന്‍ജീനിയല്‍ ഹെര്‍ണിയയുടെ ലക്ഷണം. മാസം തികയാതെ ജനിക്കുന്ന കുട്ടികളില്‍ ഉണ്ടാവുന്ന ഇത്തരം ഹെര്‍ണിയ വളരെ സൂക്ഷിക്കേണ്ടതാണ്. ശസ്ത്രക്രിയയിലൂടെ ജനിക്കുന്ന കുട്ടികളിലും ഇത്തരം ഹെര്‍ണിയ കണ്ടുവരുന്നു.
ചില കുട്ടികളില്‍ പുറത്തേക്ക് തള്ളിവരുന്ന കുടല്‍ തിരികെപ്പോകാനാവാതെ നിലകൊള്ളുന്നു. ഈ അവസ്ഥയില്‍ ശസ്ത്രക്രിയ വേണ്ടിവരും. ഛര്‍ദ്ദി, വയറുവീര്‍ക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട്. നീരുവന്നു വീര്‍ത്ത കുടല്‍ യഥാസ്ഥാനത്തേക്ക് പെട്ടന്നു തന്നെ തിരിച്ചാക്കിയില്ലെങ്കില്‍ കുട്ടിയുടെ ജീവന് അപകടമുണ്ടാവും.
|