ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഒരു പകര്‍ച്ചവ്യാധിയാണ് മന്ത്. മന്ത് പരത്തുന്നത് കൊതുകുകളാണ്. അവ ഒരു പരാന്നജീവിയായ കൃമിയെ ശരീരത്തിലേക്ക് കടത്തിവിടുന്നു. ഇതാണ് പിന്നീട് മന്തായി മാറുന്നത്.
മന്ത് പ്രധാനമായും കൈകാലുകളേയും ബാഹ്യ ജനനേന്ദ്രിയങ്ങളേയുമാണ് ബാധിക്കുന്നത്. ലിംഫാറ്റിക് ഫൈലേറിയ എന്ന തടിച്ചു വീങ്ങുന്ന മന്ത് രോഗം എലിഫന്‍റിയാസിസ് എന്നാണ് അറിയപ്പെടുന്നത്.
83 രാജ്യങ്ങളിലായി 12 കോടി ആളുകള്‍ക്ക് ഈ രോഗമുണ്ട്. ഇതില്‍ നാലു കോടി ആളുകള്‍ക്ക് മന്ത് രോഗം കൊണ്ടുള്ള ആകാര വൈകല്യങ്ങളും കണ്ടുവരുന്നു. മന്ത് രോഗികളുടെ മൂന്നിലൊന്ന് ഭാഗവും ഇന്ത്യയില്‍ ആണെന്നാണ് സൂചന. ബാക്കിയുള്ളവര്‍ ആഫ്രിക്കയിലും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ആണുള്ളത്.
നഗരങ്ങളുടെ അനിയന്ത്രിതമായ മലിനീകരണമാണ് മന്ത് രോഗത്തിനുള്ള ഒരു പ്രധാന കാരണം. കൊതുകുകള്‍ക്ക് പെറ്റുപെരുകാന്‍ ഇത് അവസരം നല്‍കുന്നു. കൈകാലുകള്‍ ചൊറിഞ്ഞു തടിച്ച് വീര്‍ക്കുക, പുരുഷന്‍മാരില്‍ വൃഷണങ്ങളും സ്ത്രീകളില്‍ ജനനേന്ദ്രിയത്തിന്‍റെ പുറം ഭാഗവും വീങ്ങിവീര്‍ക്കുന്നു. ചിലപ്പോള്‍ മുലകളിലും രോഗബാധ ഉണ്ടാവാം.
രോഗം കൂടുതലും പുരുഷന്‍മാര്‍ക്കാണ് വരുന്നത്. ചിലപ്പോള്‍ രോഗത്തിന്‍റെ പുറമേ കാണുന്ന അസുഖകരമായ ചൊറിഞ്ഞു വീര്‍ക്കലും തടിപ്പും കൂടാതെ ശരീരത്തിനകത്തെ കഴലകള്‍ക്കും വൃക്കകള്‍ക്കും ഉണ്ടാവുന്ന ദോഷവും ഗുരുതരമാണ്.
വുച്ചെറിയ ബാന്‍ക്രോഫ്റ്റി, ബുര്‍ജിയ മലയ് എന്നീ നാരുപോലുള്ള കൃമികളാണ് മന്ത് രോഗം ഉണ്ടാക്കുന്നത്. ഇവ ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ ലിംഫാറ്റിക് (കഴല) സിസ്റ്റത്തില്‍ താമസിക്കുകയും നാലഞ്ച് കൊല്ലത്തിനുള്ളില്‍ മൈക്രോ ഫൈലേറിയ എന്ന സൂക്ഷ്മമായ ലാര്‍വകള്‍ രക്തത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
|