‘എപ്പി ഡര്‍മിസ്’ എന്ന ബാഹ്യ ചര്‍മ്മ സ്തരത്തിന്‍റെ വളര്‍ച്ച ശരീരത്തിന്‍റെ ചിലയിടങ്ങളില്‍ മാത്രം ക്രമാതീതമായി കൂടുതലാകുന്ന പ്രതിഭാസമാണ് സോറിയാസിസ്. അടര്‍ന്നു പോകുന്ന ശല്‍ക്കങ്ങളായി ചുവന്ന ചെറിയ വൃത്തങ്ങളായും ശരീരത്തിന്‍റെ പലഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഈ ത്വക്ക് രോഗം ചെറിയ തോതിലും വലിയ തോതിലും കാണപ്പെടുന്നു.
പ്രധാന ലക്ഷണം ചൊറിച്ചിലാണ്. ചൊറിയുമ്പോള്‍ തൊലിക്ക് കട്ടി കൂടുകയും ശല്‍ക്കങ്ങള്‍ അടര്‍ന്നു വീഴുകയും ചെയ്യുന്നു. ചെറുപ്പക്കാരില്‍ കൂടുതലായി കണ്ടു വരുന്ന രോഗം രോഗിക്കു നല്‍കുന്ന മാനസീക ശാരീരിക പീഡ ചില്ലറയല്ല. ശരിയായി ചികിത്‌സിക്കാതിരുന്നാല്‍ രോഗം സന്ധികളെ ബാധിച്ച് സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ആകാനും സാധ്യതയുണ്ട്.
രോഗികള്‍ അനുഭവിക്കുന്ന മാനസീക ശാരീരിക ബുദ്ധിമുട്ട് മൂലം രോഗത്തിന്‍റെ പ്രസക്തി ഉയര്‍ത്തിക്കാട്ടാന്‍ ഒക്റ്റോബര്‍ 29 ‘ലോക സോറിയാസിസ് ദിന’ മായി ആചരിക്കുകയാണ്. രോഗ പ്രതിരോധ ശേഷി തകരാറിലാകുന്നതാണ് സോറിയാസിസിനു കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ത്വക്കിനേല്‍ക്കുന്ന മുറിവുകളും മാനസീക സംഘര്‍ഷങ്ങളും രോഗം വര്‍ദ്ധിപ്പിച്ചേക്കാമെന്നും കണക്കു കൂട്ടുന്നു.
സോറിയാസിസിനെ മുന്‍ നിര്‍ത്തി പല ജനിതക പരീക്ഷണങ്ങള്‍ നടക്കുമ്പോഴും പല വിധത്തില്‍ ഈ രോഗം ബാധിച്ചിരിക്കുന്നവരുടെ അനൌദ്യോഗിക കണക്ക് 12.7 കോടിയാണ്. രോഗം നല്‍കുന്ന വൈരൂപ്യം മൂലം മാനസീകമായി തളരുന്ന രോഗികളില്‍ ആത്‌മ നിന്ദയും അപകര്‍ഷാബോധവും ഉടലെടുക്കാന്‍ സാധ്യതയുണ്ട്.
അപകര്‍ഷതാ ബോധം മൂലം ലൈംഗിക ബന്ധവും കുട്ടികളുമായുള്ള ഉല്ലാസവും ഒഴിവാക്കുന്ന രോഗികള്‍ നമ്മുടെ നാട്ടിലും വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സോറിയോസിസ് രോഗികളുടെ പ്രശ്‌ന പരിഹാരത്തിനായി ലോകത്ത് ഇവരുടെ പല കൂട്ടായ്‌മകളുണ്ട്. 1968 ല്‍ കാനഡയില്‍ രൂപീകൃതമായ ‘നാഷണല്‍ സോറിയോസിസ് അസോസിയേഷന്‍’ അവയിലൊന്നാണ്. ഡോ. ഡിക് കോള്‍സായിരുന്നു സംഘാടകന്‍.
.
|