പ്രിയ എഡിറ്റര്‍,
കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ പുകവലിക്കുന്നു. ആരംഭകാലത്ത് ബീഡിയാണ് വലിച്ചിരുന്നത് എങ്കിലും പിന്നീട് സിഗരറ്റിലേക്ക് മാറി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ വലിക്കുന്നത് ..... (സിഗരറ്റിന്റെ പേര്‍ ഡൊക്ടര്‍ എടുത്തുകളയുന്നു) സിഗരറ്റാണ്. എനിക്കിപ്പോള്‍ 38 വയസ്സ് പ്രായമുണ്ട്. ഈയടുത്ത കാലത്തായി മുഖത്തെ ചര്‍മ്മം ചുളിയാന്‍ തുടങ്ങിയിരിക്കുന്നു. ചര്‍മ്മരോഗ വിദഗ്ധനെ കണ്ടപ്പോള്‍ നിരന്തരമായ പുകവലിയാണ് എന്റെ പ്രശ്നത്തിന്റെ കാരണമെന്ന് പറയുന്നു. പുകവലിച്ചാല്‍ ശ്വാസകോശരോഗങ്ങളും കാന്‍സറും ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ ചര്‍മ്മരോഗമുണ്ടാവും എന്ന് കേള്‍ക്കുന്നത് ആദ്യമായാണ്. പുകവലിയും ചര്‍മ്മരോഗവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
തോമസ്, കോട്ടയം
പ്രിയ സുഹൃത്തേ,
നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. പുകവലിയാല്‍ ചര്‍മ്മത്തിന് പ്രായക്കൂടുതല്‍ തോന്നിക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പുകവലിക്കുന്നവരുടെ ചര്‍മ്മം മങ്ങും, ചുളിയും. തുടക്കകാലത്ത് ഇത് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. എന്നാല്‍ തുടര്‍ച്ചയായി 10 വര്‍ഷത്തോളം പുകവലിക്കുന്നവരില്‍ ഉണ്ടാവുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ ചികിത്സിച്ച് ഭേദമാക്കുക വളരെ ബുദ്ധിമുട്ടാണ്.
എങ്ങനെയാണ് പുകവലിയാല്‍ ചര്‍മ്മം മങ്ങുകയും ചുളിയുകയും ചെയ്യുന്നതെന്ന് നോക്കാം. പുകവലി നിങ്ങളുടെ ചര്‍മ്മത്തിന്റെ ഉപരിതലത്തിലുള്ള രക്തക്കുഴലുകളുടെ വ്യാസം ചെറുതാക്കും. ചെറുതാവുന്ന രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹവും കുറയുമെന്ന് പറയേണ്ടതില്ലല്ലോ. ഇത് ചര്‍മ്മത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ഓക്സിജന്റെയും വിറ്റാമിന്‍ ഇ പോലുള്ള ന്യൂട്രിയന്റുകളുടെയും അളവ് കുറക്കുന്നു. ഇതുമാത്രമല്ല പുകവലി ഉണ്ടാക്കുന്നത്. ചര്‍മ്മത്തിന് ശക്തിയും ഇലാസ്തികതയും നല്‍കുന്ന ഫൈബറുകളായ കൊള്ളാജനെയും എലാസ്റ്റിനെയും പുകയിലയിലുള്ള നിക്കോട്ടിന്‍ നശിപ്പിക്കുന്നു. ഇതിന്റെയൊക്കെ ഫലമായി ചര്‍മ്മം തൂങ്ങാനും ചുളിയാനും നിറം മങ്ങാനും തുടങ്ങുന്നു.
സിഗരറ്റ് മുഖത്തിന്റെ അടുത്തുവച്ച് കത്തിക്കുമ്പോഴുണ്ടാവുന്ന ചൂടും മുഖം മുഴുവന്‍ പടരുന്ന പുകയും പുക ഉള്ളിലേക്ക് എടുക്കുമ്പോള്‍ നിങ്ങള്‍ പ്രത്യേകരീതിയില്‍ ചുണ്ടുകള്‍ പിടിക്കുന്നതും പുക കണ്ണിലേക്ക് വരാതിരിക്കാനായി ഓരോ പഫ് എടുക്കുമ്പോഴും കണ്ണ് അടക്കുന്നതും മുഖത്തെ ചര്‍മ്മം ചുളിയുന്നതിന് കാരണമാവുന്നു.
(ആരോഗ്യസംബന്ധിയായ നിങ്ങളുടെ ചോദ്യങ്ങള്‍ editor_malayalam@webdunia.net എന്ന വിലാസത്തില്‍ അയയ്ക്കുക. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ‘ഡോക്ടര്‍’ മറുപടി തരുന്നതാണ്.)
|