പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ഡോക്ടറോട്‌ ചോദിക്കൂ
 
അപകര്‍ഷതാ ബോധമാണോ എന്ന് സംശയം ?
എന്‍റെ പേര് രഞ്ജിത്ത്. 21 വയസായ പ്രസിദ്ധമായ ഒരു കംപ്യൂട്ടര്‍ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. എന്‍റെ പ്രശ്നമിതാണ്.

എനിക്ക് എന്‍റെ സഹപ്രവര്‍ത്തകരുമായി അടുത്തിടപഴകാന്‍ കഴിയുന്നില്ല. അവരെന്നോട് കൂടുതല്‍ സ്നേഹവും അടുപ്പവും കാണിക്കുന്പോള്‍ തിരിച്ചങ്ങനെ തുറന്നു പെരുമാറാന്‍ എനിക്കാവുന്നില്ല. എന്തോ ഒന്ന് എന്നെ അതില്‍നിന്നും മാറ്റിനിര്‍ത്തുന്നു.

സ്കൂളില്‍ പഠിക്കുന്പോഴും ഞാനിങ്ങനെയായിരുന്നു എന്ന് അമ്മ പറയാറുണ്ട് പഠനത്തില്‍ ഒട്ടും പിന്നോക്കമായിരുന്നില്ല ഞാന്‍. ബി.എസ്.സി. വരെ പഠിച്ചിട്ടാണ് ജോലിക്ക് ചേര്‍ന്നത്. അച്ഛന്‍ സ്കൂളിലെ സാറായിരുന്നു. സ്കൂളിലേതുപോലെ തന്നെ ചിട്ടയായിരുന്നു അച്ഛന്‍ വീട്ടിലും. പഠിത്തത്തിലല്ലാതെ മറ്റു കലാപരിപാടികളിലൊന്നും ഞാന്‍ അന്ന് പങ്കെടുത്തിരുന്നില്ല. പ്രധാനമായും പൊതുവേദികളില്‍ ആളുകളെ അഭിമുഖീകരിക്കുന്നതായിരുന്നു പ്രധാന പ്രശ്നം.

കാഴ്ചയ്ക്ക് അത്ര വിരൂപനൊന്നുമല്ല ഞാന്‍; സുന്ദരനാണുതാനും. ഇത് അപകര്‍ഷാബോധമാണോ ഡോക്ടര്‍. ഇതൊഴിവാക്കാനും മറ്റുള്ളവരെപ്പോലെ സ്വതന്ത്രമായി ഇടപഴകാനും എനിക്കു സാധിക്കുമോ. ഡോക്ടറുടെ വിലയേറിയ മറുപടിക്കായി കാത്തുകൊണ്ട് സ്നേഹത്തോടെ സഞ്ജീവ്



പ്രിയ സുഹൃത്തേ,

താങ്കളുടെ കത്തു വായിച്ചു നന്ദി. കത്തിലുള്ള വിവരം വച്ചു പൂര്‍ണമായ ഒരു വിശകലനത്തിലെത്താന്‍ സാധിക്കുകയില്ല. എങ്കിലും താങ്കളുടെ രോഗസംബന്ധിയായ പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കാനാവും.

താങ്കളുടേത് ഒരു വ്യക്തിത്വപ്രശ്നമാണെന്നു വേണം കരുതാന്‍. വ്യക്തിത്വത്തിന്‍റെ പ്രശ്നമാണ് താങ്കള്‍ കത്തില്‍ വിവരിച്ചു കണ്ടത്.

ജീവിതത്തിലോ ജോലിയിലോ ഇത്തരം വ്യക്തിത്വവൈകല്യങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നേരിടുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതനിലവാരം തന്നെ മെച്ചപ്പെടുത്തുവാനും മനഃശാസ്ത്രപരമായ ചികിത്സ സ്വീകരിക്കുന്നത് നല്ലതാണ്. പക്ഷേ അതിനു മുന്‍പായി (ചികിത്സയെക്കുറിച്ച് ചിന്തിക്കുന്നതിനു മുന്‍പായി) താങ്കളുടെ പ്രശ്നം വിശദമായി പഠിക്കേണ്ടതുണ്ട്.

ചികിത്സാവിധി നിര്‍ണയിക്കുന്നതിനായി താങ്കള്‍ ഒരു മനഃശാസ്ത്രജ്ഞനെയോ മനോരോഗവിദഗ്ദ്ധനെയോ കാണുകയാണ് ഉത്തമം. ചിലപ്പോള്‍ താങ്കളുടെ കുടുംബാംഗങ്ങളുടെ സഹകരണം കൂടെ ചികിത്സകനു ആവശ്യമായി വന്നേക്കാം. അതായത് ചികിത്സയില്‍ അവരെക്കൂടി ഉള്‍പ്പെടുത്തേണ്ടതായി വന്നേക്കാം. പ്രധാനമായും സൈക്കോതെറാപ്പി/ ബിഹേവിയറല്‍ തെറാപ്പി എന്നിവയാവും അവലംബിക്കുക.

ചികിത്സ, ആശങ്ക കുറയ്ക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും പെരുമാറ്റ ക്രമീകരണത്തിലൂടെ ന്യൂതനകള്‍ കുറയ്ക്കുവാനും സഹായിക്കും. ചികിത്സകനുമായി നല്ല ധാരണയും ദീര്‍ഘകാലത്തേയ്ക്ക് തുടര്‍ചികിത്സയും ആവശ്യമാണ്. അതായത് ദീര്‍ഘകാല ചികിത്സ വേണമെന്നര്‍ത്ഥം. താങ്കളുടെ രോഗനിവാരണ ശേഷി ചികിത്സകനും പിടികിട്ടാന്‍ ഏറെ സമയം ചിലവഴിക്കേണ്ടിവരാം. മരുന്നിനെക്കാള്‍ നല്ല ചികിത്സയാണ് ചികിത്സകനും നിങ്ങളും തമ്മിലുള്ള പരസ്പരധാരണ.

താങ്കളുടെ സ്ഥിതി മെച്ചപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ചികിത്സ തുടരുന്നതിനനുസരിച്ച് രോഗശമനസാദ്ധ്യത കൂടും. രോഗിക്ക് മാത്രം രോഗശമനത്തില്‍ ആകാംഷ പോരാ. ചികിത്സകനും അതുണ്ടാകണം. കുടുംബാംഗങ്ങളുടെ പൂര്‍ണ സഹകരണവും അത്യാവശ്യം. ഈ മൂന്നു ഘടകങ്ങളുടെ ചേര്‍ച്ച ത്രിവേണി സംഗമത്തിന്‍റെ പുണ്യം പോലെ താങ്കളുടെ ജീവിതത്തില്‍ പുതുവെളിച്ചം പകരും എന്ന ഉത്തമവിശ്വാസത്തോടെ.
കൂടുതല്‍
ശ്വാസ തടസം ഒഴിവാക്കാന്‍ എന്തുചെയ്യണം ?
ജനിതക തകരാറിനെ കുറിച്ച് സംശയം ?
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ?
ഗൈനക്കോമാസ്തിയ ചികിത്സിച്ചു ഭേദമാക്കാമോ ?