ഇരട്ടക്കുട്ടികളാണോ? ഡൈവോഴ്സ് ഉറപ്പ്!

WEBDUNIA|
PRO
ഇരട്ടക്കുട്ടികള്‍ ഉണ്ടെങ്കില്‍ ആ ദമ്പതികള്‍ വേര്‍പിരിയാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പുതിയ സര്‍വേ ഫലം. ഒന്നിലധികം കുഞ്ഞുങ്ങളുടെ ഒരേസമയത്തുള്ള ജനനം കുടുംബാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് ഏതാണ്ട് 18,500 കുടുംബങ്ങളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ബര്‍മിംഗ്‌ഹാം യൂണിവേഴ്സിറ്റിയിലെ സാമൂഹ്യ ഗവേഷണ സംഘം ഈ നിഗമനത്തിലെത്തിയത്.

ഒരു പ്രസവത്തില്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങള്‍ ജനിക്കുന്ന ദമ്പതികള്‍ വിവാഹ മോചനം നേടാനുള്ള സാധ്യത 17 ശതമാനം അധികമാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. സാമ്പത്തിക പരാധീനതയാണ് ഇത്തരം മാതാപിതാക്കളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് മറ്റ് മാതാപിതാക്കളേക്കാള്‍ 40 ശതമാനം അധിക സാമ്പത്തിക ബാധ്യത വരുന്നതായി കണ്ടെത്താനായി.

മാത്രമല്ല, ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മമാര്‍ പ്രസവത്തിന് ശേഷം ഒമ്പത് മാസം കഴിഞ്ഞിട്ടും തിരികെ ജോലിയില്‍ പ്രവേശിക്കുന്നത് മറ്റ് സ്ത്രീകളെ അപേക്ഷിച്ച് 20 ശതമാനത്തോളം കുറവാണെന്നും കണ്ടെത്താനായി. ദരിദ്ര കുടുംബങ്ങളില്‍ ഒറ്റക്കുഞ്ഞ് മാത്രമുള്ള മാതാപിതാക്കള്‍ ഒരാഴ്ച 192 പൌണ്ടോളം ചെലവിടുമ്പോള്‍ ഇരട്ടക്കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ചെലവിടാനാകുന്നത് 181 പൌണ്ട് മാത്രമാണ്.

ആദ്യം ഒരു കുഞ്ഞ് ഉള്ള അവസ്ഥയിലാണ് 55 ശതമാനം ദമ്പതികള്‍ക്കും ഇരട്ടക്കുട്ടികള്‍ പിറക്കുന്നത്. മധ്യവര്‍ഗ കുടുംബപശ്ചാത്തലമുള്ള ദമ്പതികളെ സമ്പന്ധിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മതി എന്ന തീരുമാനത്തിലിരിക്കുമ്പോള്‍ നിനച്ചിരിക്കാതെ എത്തുന്ന മൂന്നാമത്തെ കുട്ടി ഇവര്‍ക്ക് ഒരു ഭാരമായി തീരാനും സാധ്യതകളേറെയാണ്.

ഒറ്റപ്രസവത്തില്‍ രണ്ടും മൂന്നും കുഞ്ഞുങ്ങള്‍ ജനിക്കുന്ന അവസ്ഥ ഈയിടെ വര്‍ദ്ധിച്ചതായും ഗവേഷകര്‍ കണ്ടെത്തി. ഇന്‍‌വിട്രോ ഫെര്‍ട്ടിലൈസേഷനും സ്ത്രീകള്‍ ഏറെ പ്രായമായതിന് ശേഷം പ്രസവിക്കുന്നതുമാണ് ഇതിനു കാരണമാ‍യി കണ്ടെത്താനായത്. 1970ല്‍ ഒന്നിലധികം കുഞ്ഞുങ്ങളുടെ ജനനം നൂറില്‍ ഒന്നു മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 65ല്‍ ഒന്നായി ഉയര്‍ന്നു.

ഒന്നിലധികം കുഞ്ഞുങ്ങള്‍ ജനിക്കുന്ന കുടുംബത്തിന് പ്രത്യേക പരിരക്ഷ നല്‍‌കേണ്ട അവസ്ഥയിലേക്കാണ് പുതിയ പഠനം വെളിച്ചം വീശുന്നത്. വിവാഹ മോചനം നേടിയ പല ദമ്പതികളും കുഞ്ഞുങ്ങള്‍ ജനിച്ച ആദ്യ നാളുകളില്‍ സന്തോഷപ്രദമായ ജീവിതം നയിച്ചിരുന്നവരായിരുന്നെന്ന് കണ്ടെത്താനായി. എന്നാല്‍ മാറിവരുന്ന സാഹചര്യങ്ങള്‍ ഉള്‍‌ക്കൊള്ളാന്‍ കഴിയാതിരിക്കുന്നതോടെ കുടുംബാന്തരീക്ഷത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു.

തങ്ങള്‍ക്ക് പറ്റിയ ഒരു പങ്കാളിയെ കണ്ടെത്താനാവാത്തതിനാല്‍ ഇരട്ടകളായ പെണ്‍‌കുട്ടികളില്‍ വിവാഹ മോചനം വര്‍ദ്ധിക്കാനുള്ള സാധ്യതയും പഠന റിപ്പോര്‍ട്ടിലുണ്ട്. ട്വിന്‍‌സ് ആന്‍റ് മള്‍ട്ടിപ്പിള്‍ ബര്‍ത്ത് അസോസിയേഷന്‍റെ(ടാംബ) സഹായത്തോടെയായിരുന്നു പഠനം നടത്തിയത്. ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിക്കുന്ന ദമ്പതികളെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്നും കെട്ടുറപ്പുള്ള കുടുംബം എന്ന ആശയത്തിനായി ഈ ദിശയില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ടാംബ ചീഫ് എക്സിക്യുട്ടീവ് കെയ്ത് റീഡ് അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :