ബ്രെസ്റ്റ് ക്യാന്‍സര്‍ സ്ത്രീകളെ മാത്രമാണോ ബാധിക്കുന്നത്? അത്തരത്തിലുള്ള ധാരണ വച്ചുപുലര്‍ത്തരുത് എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. സ്ത്രീകളിലെന്ന പോലെ പുരുഷന്‍മാരിലും ബ്രെസ്റ്റ് ക്യാന്‍സര്‍ ഭീഷണി തന്നെയാണ്.
സ്ത്രീകളില്‍ നൂറ് പേര്‍ക്ക് ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിക്കുന്ന അവസരത്തില്‍ പുരുഷന്‍മാരില്‍ ഒരാള്‍ക്കായിരിക്കും ഇത്തരത്തിലുള്ള രോഗം ബാധിക്കുന്നത്. ഇതെക്കുറിച്ച് ധാരണ ഇല്ലാത്തത് കാരണം പുരുഷന്മാര്‍ മാറില്‍ ഉണ്ടാവുന്ന തടിപ്പുകളും മറ്റും സഹിക്കാനാവാത്ത വേദനയുണ്ടാക്കുമ്പോള്‍ മാത്രമേ ചികിത്സയ്ക്ക് വിധേയമാക്കാറുള്ളൂ.
തുടക്കത്തില്‍ തന്നെ ചികിത്സ നടത്താത്തത് പുരുഷന്‍മാരിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ വഷളാക്കും. രോഗം വഷളായ സ്ഥിതിയില്‍ കടുത്ത ചികിത്സ നല്‍കുമ്പോള്‍ രോഗത്തെ ഇല്ലാതാക്കാന്‍ സാധിച്ചാല്‍ പോലും രൂക്ഷമായ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ന്യൂഡല്‍ഹി എയിംസിലെ ശസ്ത്രകിയാ വിദഗ്ധന്‍ എം കെ ശര്‍മ്മ അഭിപ്രായപ്പെടുന്നു.
ബ്രെസ്റ്റ് ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനായാല്‍ രോഗം ഭേദമാക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതേസമയം, ഇന്ത്യന്‍ സ്ത്രീകളില്‍ ഗര്‍ഭാശയ ക്യാന്‍സറിനു ശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നതും ബ്രെസ്റ്റ് ക്യാന്‍സര്‍ മൂലമാണ് എന്നത് ദുഃഖകരമായ സത്യവും.
എല്ലാ വര്‍ഷവും 1,00,000 സ്ത്രീകളിലാണ് ക്യാന്‍സര്‍ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍, 30,000 പേരും ക്യാന്‍സര്‍ബാധയാണെന്ന് അറിയാതെയാണ് മരണത്തിന് കീഴ്പ്പെടുന്നത്!