അമിതമായ ശരീരഭാരത്താല്‍ ബുദ്ധിമുട്ടുന്നവര്‍ കേരളത്തില്‍ ഏറെയാണ്. ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ഒരു റിയാലിറ്റി ഷോ പോലും ഈയിടെ മലയാളം ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. നാല്പത് വയസു കഴിഞ്ഞവരില്‍ ആഹാരനിയന്ത്രണം ഇല്ലാത്തതു മൂലം ശരീരഭാരം അമിതമാകുന്നതിന് ന്യായീകരണമുണ്ട്. എന്നാല്‍ ഇരുപതുകളില്‍ നില്‍ക്കുന്നവര്‍ കാലുകള്‍ക്ക് താങ്ങാനാവാത്ത ശരീരം പേറി നടക്കുമ്പോള്‍ നമ്മുടെ ആരോഗ്യപരിപാലനം ഏത് അവസ്ഥയിലാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
ചിലര്‍ പരാതി പറയുന്നതു കണ്ടിട്ടുണ്ട് - “ഞാന്‍ വളരെ കുറച്ച് ആഹാരമേ കഴിക്കാറുള്ളൂ. എങ്കിലും ദിനം പ്രതി ശരീരഭാരം വര്‍ദ്ധിച്ചു വരുന്നു.” ഇതിനു വിരുദ്ധമായി, ഭാരം എത്രയായാലും കുഴപ്പമില്ല ആഹാരം നിയന്ത്രിക്കാന്‍ കഴിയില്ലെന്നു പറയുന്നതും കുറവല്ല. എന്നാല്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓര്‍ക്കുന്നത് നല്ലത്. ഭാരം കുറയ്ക്കാന്‍ പലവഴികളുണ്ട്. അതില്‍ ഒന്ന്, ഇടവിട്ടുള്ള ദിവസങ്ങളില്‍ ഉപവാസം ശീലമാക്കുക എന്നതാണ്.
ചിക്കാഗോയിലെ ഇലിനോയിസ് സര്‍വകലാശാല നടന്ന ഒരു പഠനത്തിലാണ് ഇടവിട്ടുള്ള ദിവസങ്ങളിലെ ഉപവാസം ശരീരഭാരം കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് കണ്ടെത്തിയത്. മാത്രമല്ല, ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണത്രേ. പതിനാറ് പേരില്‍ തുടര്‍ച്ചയായ പത്ത് ആഴ്ചകളില്‍ നടത്തിയ പരീക്ഷണമാണ് ഈ നിഗമനത്തില്‍ സര്‍വകലാശാലയെ എത്തിച്ചത്. 12 സ്ത്രീകളിലും നാലു പുരുഷന്‍മാരിലുമാണ് ഈ വിദ്യ പരീക്ഷിച്ചത്. ഇവര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആഹാരം കഴിക്കുന്നത് ഒഴിവാക്കി.
35നും 65നും ഇടയില്‍ പ്രായമുള്ളവരിലാണ് ആഹാരനിയന്ത്രണം പരീക്ഷിച്ചത്. 10 ആഴ്ചത്തെ പരീക്ഷണം കഴിഞ്ഞപ്പോള്‍ ഇവരുടെ ശരീരഭാരം ഗണ്യമായി കുറഞ്ഞു. മാത്രമല്ല, ആരോഗ്യവും ഉന്‍മേഷവും വര്‍ദ്ധിക്കുകയും ചെയ്തു. ഒരുകാര്യം ശ്രദ്ധിക്കുക, പരീക്ഷണത്തിന് വിധേയരായവര്‍ ആരും തന്നെ പ്രമേഹരോഗികളോ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരോ, പുകവലിക്കുന്നവരോ ആയിരുന്നില്ല. മാത്രമല്ല, പെട്ടെന്നൊരു ദിനം മുതല്‍ ഇടവിട്ട് ഉപവസിച്ചു തുടങ്ങുകയായിരുന്നില്ല. ആഹാരം കഴിക്കുന്നതിന്‍റെ അളവില്‍ ക്രമാനുഗതമായി കുറവ് വരുത്തുകയും പത്ത് ആഴ്ചയില്‍ അവസാനത്തെ നാല് ആഴ്ചകളില്‍ മാത്രം ശരിയായ ഉപവാസം നടത്തുകയും ചെയ്തു.
ഈ പരീക്ഷണം നമുക്കും ശ്രമിച്ചു നോക്കാവുന്നതല്ലേ? പൂര്‍ണമായ ഉപവാസം ആവശ്യമില്ല. ഒരു ദിവസം സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കുക. അടുത്ത ദിവസം തലേ ദിവസത്തേതിനേക്കാള്‍ പകുതി അളവില്‍ മാത്രം ആഹാരം കഴിക്കുക. പിന്നീട് ഇടവിട്ട ദിവസങ്ങളില്‍ ആഹാരത്തിന്‍റെ അളവില്‍ കുറവ് വരുത്തിക്കൊണ്ടേയിരിക്കുക. ശരീരഭാരം കുറയുന്നുണ്ടോ എന്ന് ആഴ്ചാവസാനങ്ങളില്‍ പരിശോധിക്കുക. ഭാരം കുറയുന്നതു മാത്രമല്ല, ഉത്സാഹവും ഉന്‍മേഷവും വര്‍ദ്ധിച്ചിരിക്കുന്നതായും നിങ്ങള്‍ക്ക് അനുഭവപ്പെടും.