ലോകത്ത് കണ്ടെത്തിയിട്ടുള്ള മാരക രോഗങ്ങളില്‍ ഒന്നാണ് കാന്‍സര്‍. കാന്‍സര്‍ പിടിപ്പെട്ടാല്‍ ജീവിതം തിരിച്ചുക്കിട്ടില്ലെന്ന് തന്നെ പറയാം. എന്നാല്‍, നമ്മള്‍ ദിവസവും കഴിച്ചു കൊണ്ടിരിക്കുന്ന ആഹാരങ്ങളിലെ ചില കറിക്കൂട്ടുകള്‍ക്ക് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനാകുമത്രെ.
ഭക്ഷണം പാകം ചെയ്യുമ്പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മഞ്ഞളിനാണ് ഇത്തരത്തില്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് ലഭിച്ചിരിക്കുന്നത്. മഞ്ഞളിലെ ഒരു രാസവസ്തുവിന് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് വൈദ്യലോകത്തെ വിദഗ്ധര്‍ കണ്ടെത്തി കഴിഞ്ഞു. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സര്‍ എന്ന പ്രസിദ്ധീകരണത്തിലാണ് പുതിയ കണ്ടെത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
അയലന്‍ഡിലെ കോര്‍ക്ക് കാന്‍സര്‍ ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് മഞ്ഞ കറിക്കൂട്ടുകളുടെ ഗുണമേന്മ കണ്ടെത്തിയത്. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് കാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കുന്നത്. അന്നനാളത്തിലെ അര്‍ബുദകോശങ്ങള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്.
മറ്റു രോഗങ്ങളായ സന്ധിവാതം, മേധാക്ഷയം തുടങ്ങിയവയ്ക്കും ഈ രാസവസ്തു നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനാലായിരിക്കും പലരും മഞ്ഞള്‍ മുഖത്തും കാലിലും തേച്ച് നടക്കുന്നത്. മഞ്ഞള്‍ മുഖസൌന്ദര്യം വളര്‍ത്തുന്ന വസ്തു കൂടിയാണ്. മുറിവ് പറ്റിയാല്‍ സുഖപ്പെടുത്തുന്നതും ഇതേ രാസവസ്തു തന്നെയാണ്.
മഞ്ഞളിലെ കുര്‍കുമിന് കേവലം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിച്ചുക്കളയാന്‍ സാഹിക്കുമെന്നാണ് പഠനം നടത്തിയ ഡോ. ഷാരോണ്‍ മക്‌കെന്ന പറയുന്നത്. കാന്‍സര്‍ കോശങ്ങളോട് നശിക്കാനുള്ള സൂചന നല്‍കുകയാണ് കുര്‍കുമിന്‍ ചെയ്യുന്നത്. ഉടന്‍ തന്നെ കാന്‍സര്‍ കോശങ്ങള്‍ നശിച്ചുക്കൊണ്ടിരിക്കും.