വൃക്കരോഗവും ഊര്‍ജ്ജസ്വലതയും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ട് എന്ന് പറഞ്ഞാല്‍ ആരും അല്‍പ്പം സന്ദേഹം പ്രകടിപ്പിച്ചേക്കാം. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു സന്ദേഹവും വേണ്ട എന്നാണ് ഒരു കൂട്ടം ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
വൃക്കരോഗമുള്ളവര്‍ വ്യായാമം ചെയ്യുന്നത് ആരോഗ്യപരമായ പല പ്രയോജനങ്ങളും നല്‍കുമെന്ന് ശ്രീനിവാസ ബെദ്ധു എന്ന ഗവേഷകനും സംഘവുമാണ് കണ്ടെത്തിയത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ അടുത്ത ലക്കത്തില്‍ പഠനം പ്രസിദ്ധീകരിക്കും.
കടുത്ത വൃക്കരോഗമുള്ളവര്‍ പലരും വളരെ പെട്ടെന്ന് തന്നെ മരണത്തിനു കീഴ്പ്പെടാറുണ്ട്. പലപ്പോഴും ഇതിനു നേരിട്ടുള്ള കാരണമാവുന്നത് വൃക്കരോഗമായിരിക്കുകയുമില്ല. ശാരീരിക വ്യായാമങ്ങള്‍ക്ക് ആരോഗ്യപരമായ പ്രയോജനങ്ങള്‍ ഉണ്ടായിരിക്കെ അതും വൃക്കരോഗവുമായി ബന്ധപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്.
15,368 പേരെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. ഒഴിവുസമയ ശാരീരിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ മൂന്നായി തരംതിരിച്ചു- വ്യായാമം ചെയ്യുന്നവര്‍, മതിയായ വ്യായാമം ചെയ്യാത്തവര്‍, വ്യായാമം ചെയ്യാത്തവര്‍ എന്നിങ്ങനെ. ഏഴു മുതല്‍ ഒമ്പത് വര്‍ഷം വരെയാണ് രോഗികളെ നിരീക്ഷണ വിധേയരാക്കിയത്.
കടുത്ത വൃക്കരോഗമുള്ളവരില്‍ 28 ശതമാനവും വ്യായാമമില്ലാത്തവരായിരുന്നു. അതേസമയം കടുത്ത വൃക്കരോഗമില്ലാത്തവരില്‍ 13. 5 ശതമാനത്തിനു മാത്രമേ വ്യായാമമില്ലാതിരുന്നുള്ളൂ. കടുത്ത വൃക്കരോഗമുള്ളവരില്‍ 56 ശതമാനവും മതിയായ വ്യായാമം ഇല്ലാത്തവരായിരുന്നു. ഇവര്‍ക്ക് പെട്ടെന്നുള്ള മരണ സാധ്യത വ്യായാമമില്ലാത്ത കടുത്ത രോഗമുള്ളവരെക്കാള്‍ 42 ശതമാനം കുറവായിരുന്നു എന്നും പഠനത്തില്‍ പറയുന്നു.
കടുത്ത വൃക്കരോഗമുള്ളവര്‍ വ്യായാമം ചെയ്താല്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കാമെന്നാണ് പഠനം നടത്തിയവര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ വൃക്കരോഗമുള്ളവര്‍ ശ്രദ്ധിക്കൂ, വ്യായാമം ജീവിതചര്യയാക്കൂ.